tim-southee

ഹാമിൽട്ടൺ : ന്യൂസിലാൻഡിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺമാർജിനിലെ വിജയത്തിൽ പങ്കാളിയായി കിവീസ് പേസ് ബൗളർ ടിം സൗത്തി വിരമിച്ചു. ഹാമിൽട്ടണിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ളണ്ടിനെ 423 റൺസിന് തോൽപ്പിച്ചാണ് കിവീസ് റെക്കാഡ് വിജയം നേടിയത്. എന്നാൽ മൂന്ന് മത്സര പരമ്പര 2-1ന് ഇംഗ്ളണ്ട് സ്വന്തമാക്കി. അവസാന ടെസ്റ്റിന്റെ അവസാന ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് 107 മത്സരങ്ങൾ നീണ്ട കരിയറിന് സൗത്തി വിരാമമിട്ടത്.

ഹാമിൽട്ടണിൽ ആദ്യ ഇന്നിംഗ്സിൽ 347 റൺസ് നേടിയ ശേഷം ആതിഥേയർ ഇംഗ്ളണ്ടിനെ 143 റൺസിന് ആൾഔട്ടാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ കിവീസ് 453 റൺസ് നേടിയതോടെ ഇംഗ്ളണ്ടിന്റെ വിജയലക്ഷ്യം 658 റൺസായി കുറിക്കപ്പെട്ടു. എന്നാൽ അവർ 234 റൺസിന് ആൾഔട്ടായി. ആദ്യ ഇന്നിംഗ്സിൽ ഏഴും രണ്ടാം ഇന്നിംഗ്സിൽ നാലും വിക്കറ്റുകൾ നേടിയ കിവീസ് സ്പിന്നർ മിച്ചൽ സാന്റ്നറാണ് മാൻ ഒഫ് ദ മാച്ച്. കിവീസ് മുൻ നായകൻ കേൻ വില്യംസൺ രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയിരുന്നു.

സൗത്തി സ്റ്റാറ്റ്സ്

107 ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷമാണ് ടിം സൗത്തി കരിയർ അവസാനിപ്പിച്ചത്.

2008 മാർച്ചിൽ നേപ്പിയറിൽ ഇംഗ്ളണ്ടിനെതിരെ അരങ്ങേറ്റം.

2024 ഡിസംബറിൽ ഹാമിൽട്ടണിൽ ഇംഗ്ളണ്ടിനെതിരെ തന്നെ വിരമിക്കൽ.

അവസാന ടെസ്റ്റിൽ ഇംഗ്ളീഷ് ഓപ്പണർ ബെൻ ഡക്കറ്റിനെയും (4), ടോപ് സ്കോറർ ജേക്കബ് ബെഥേലിനെയുമാണ് (76) സൗത്തി പുറത്താക്കിയത്.

391 - ടെസ്റ്റ് വിക്കറ്റുകൾ

7/64 - ഒരിന്നിംഗ്സിലെ മികച്ച പ്രകടനം

10/108 - ഒരു മത്സരത്തിലെ മികച്ച പ്രകടനം.

15 - തവണ അഞ്ചുവിക്കറ്റ് നേട്ടം.

2245 - ടെസ്റ്റ് റൺസ്.

7 - ടെസ്റ്റ് അർദ്ധസെഞ്ച്വറികൾ.

98

ടെസ്റ്റ് കരിയറിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ നാലാമത്തെ ബാറ്റർ എന്ന റെക്കാഡുമായാണ് പേസറായ സൗത്തി കളമൊഴിയുന്നത്. ബെൻ സ്റ്റോക്സ് (133), ബ്രണ്ടൻ മക്കുല്ലം (107), ഗിൽക്രിസ്റ്റ് (100) എന്നീ സൂപ്പർ ബാറ്റർമാർക്ക് മാത്രം പിന്നിലും സാക്ഷാൽ ക്രിസ് ഗെയ്‌ലിന് ഒപ്പവുമാണ് ഇക്കാര്യത്തിൽ സൗത്തീ.

36-ാം വയസിലാണ് സൗത്തി ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നത്. കഴിഞ്ഞവർഷം ലോകകപ്പിന് ശേഷം ഏകദിനത്തിലും ഈ വർഷം ലോകകപ്പിന് ശേഷം ട്വന്റി-20യിലും കളിച്ചിട്ടില്ല.

ടെസ്റ്റിൽ 300ലധികവും ഏകദിനത്തിൽ 200ലധികവും ട്വന്റി-20യിൽ 100 ലധികവും വിക്കറ്റുകൾ നേടിയിട്ടുള്ള ഏക ബൗളർ

391 ടെസ്റ്റ് വിക്കറ്റുകൾ

221 വൺഡേ വിക്കറ്റുകൾ

164 ട്വന്റി-20 വിക്കറ്റുകൾ

ആകെ 776 അന്താരാഷ്ട്ര വിക്കറ്റുകൾ

കിവീസിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയ താരം.