
ചെന്നൈ: വിരുദുനഗർ ശ്രീവല്ലിപുത്തൂരിലെ ആണ്ടാൾ ക്ഷേത്രത്തിൽ താൻ അപമാനിക്കപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സംഗീതജ്ഞൻ ഇളയരാജ. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ശ്രീകോവിലിനുള്ളിൽ കയറിയതോടെ പൂജാരിമാർ ഇറക്കിവിട്ടെന്നായിരുന്നു പ്രചാരണം.
എന്നാൽ, ശ്രീകോവിലിന് മുന്നിലായി പൂജാരിമാർക്ക് മാത്രം പ്രവേശനമുള്ള മണ്ഡപത്തിലേക്ക് അബദ്ധത്തിൽ കയറിയ ഇളയരാജയോട് കാര്യം പറഞ്ഞ് മനസിലാക്കുക മാത്രമാണ് ഉണ്ടായതെന്ന് ക്ഷേത്രം അധികൃതരും വ്യക്തമാക്കി. വസന്തമണ്ഡപത്തിൽ നിന്നാണ് പ്രമുഖരായ വ്യക്തികൾ പൊതുവെ ദർശനം നടത്താറുള്ളത്. ഇളയരാജയെ പൂർണകുംഭം നൽകി ആദരവോടെയാണ് സ്വീകരിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും ദേവസ്വം വകുപ്പ് വിശദീകരിച്ചു.
ആചാര ലംഘനമാണെന്നാരോപിച്ചാണ് അർത്ഥമണ്ഡപത്തിലേക്കുള്ള ഇളയരാജയുടെ പ്രവേശനം അധികൃതർ തടഞ്ഞുവെന്നാണ് ഇന്നലെ പുറത്തുവന്നത്. ഇളയരാജയെ തടഞ്ഞുവെന്ന വാർത്ത പ്രചരിച്ചതോടെ അതിനെതിരെയുള്ള പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ജാതിപരമായ വിവേചനത്തിലൂടെ ഇളയരാജയെ അവഹേളിച്ചെന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാൽ ശ്രീകോവിലിന്റെ പുറത്ത് വച്ച് ഇളയരാജയെ പൂജാരിമാർ ആദരിച്ചല്ലോ എന്ന് മറ്റൊരു വിഭാഗം ചോദിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം, ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ തിരുവണ്ണാമലൈ ജില്ലാ കളക്ടർക്കും പ്രവേശനം നിഷേധിച്ചിരുന്നു.
അതേസമയം, ഇളയരാജയുടെ ജീവിതം ആസ്‌പദമാക്കി ഒരുക്കാനിരുന്ന ധനുഷ് ചിത്രം നടക്കില്ലെന്നുറപ്പായി. ഇളയരാജയും സംവിധായകൻ അരുൺ മാതേശ്വരനും തമ്മിൽ രൂപപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളാണ് പ്രോജക്ട് ഉപേക്ഷിക്കാൻ കാരണം എന്നാണ് വിവരം. ചിത്രത്തിന്റെ വലിയ ബഡ്ജറ്റും തടസപ്പെടുത്തിയത്രേ. ചെന്നൈയിൽ ഗംഭീരമായ ചടങ്ങിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കമൽഹാസനും ധനുഷും ഇളയരാജയും ചേർന്ന് പുറത്തിറക്കിയിരുന്നു.