beggars

ഭോപ്പാൽ: ഇന്ത്യയിലെ എല്ലാ പ്രദേശത്തും യാചകരെ കാണാറുണ്ട്. ഇപ്പോഴിതാ ഭിക്ഷാടനത്തിനെതിരെ കടുത്ത നടപടിയെടുക്കാൻ ഒരുങ്ങുകയാണ് മദ്ധ്യപ്രദേശ് നഗരമായ ഇൻഡോർ. നഗരം യാചക വിമുക്തമാക്കുകയെന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം. അതിനാൽ 2025 ജനുവരി ഒന്ന് മുതൽ യാചകർക്ക് പണം കൊടുക്കുന്നവർക്കെതിരെ കേസെടുക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്.

ഇൻഡോറിൽ ഭിക്ഷാടനം നിരോധിച്ച് ജില്ലാ കളക്ടർ ആശിഷ് സിംഗാണ് ഉത്തരവിറക്കിയത്. ഭിക്ഷാടനത്തിനെതിരെ ബോധവത്കരണം ഡിസംബർ അവസാനം വരെ തുടരുമെന്നും ജനുവരി ഒന്ന് മുതൽ ആരെങ്കിലും ഭിക്ഷ നൽകുന്നത് ശ്രദ്ധയിപെട്ടാൽ അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു. യാചകരെ പുനരധിവാസിപ്പിക്കാനുള്ള കേന്ദ്ര സ‌ർക്കാരിന്റെ പെെലറ്റ് പ്രോജക്ടിന് കീഴിലാണ് ഇൻഡോറിന്റെ പുതിയ നീക്കം. ഡൽഹി, ബംഗളൂരു, ചെന്നെെ, ലക്നൗ, മുംബയ്, നാഗ്പൂർ, പാറ്റ്ന, അഹമ്മദാബാദ് എന്നീ നഗരങ്ങളും പദ്ധതിയുടെ ഭാഗമാണ്.

ഇൻഡോറിൽ ഭിക്ഷാടന മാഫിയ അതിശക്തമായ സാഹചര്യത്തിലാണ് നടപടി. ആളുകളെ ഭിക്ഷയാചിക്കാൻ ഇരുത്തുന്ന മാഫികളെ കഴിഞ്ഞ മാസങ്ങളിൽ പിടികൂടിയിരുന്നു. രാജസ്ഥാനിൽ നിന്നുള്ള കുട്ടികളെ ഇൻഡോറിലെത്തിച്ച് ഭിക്ഷാടനം നടത്തുന്നതായും കണ്ടെത്തിയിരുന്നു. നിരവധി കുട്ടികളെയാണ് ഭിക്ഷാടനത്തിനായി താമസിപ്പിച്ചിരുന്ന സ്ഥലത്ത് നിന്ന് പൊലീസ് രക്ഷപ്പെടുത്തിയത്. യാചകരെ സഹായിക്കാൻ ഒരു സംഘടന മുന്നോട്ട് വന്നിട്ടുണ്ടെന്ന് മദ്ധ്യപ്രദേശ് സാമൂഹികക്ഷേമ മന്ത്രി നാരായൺ സിംഗ് കുശ്വാഹ പറഞ്ഞു. ആറ് മാസത്തേക്ക് സംഘടന അവർക്ക് അഭയം നൽകുമെന്നും യാചകരെ ജോലി കണ്ടെത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.