
മുംബയ്: ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ പ്രധാനികളാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും. 2024ൽ സമ്പത്തിൽ ഇരുവരും ഉണ്ടാക്കിയത് വൻ മുന്നേറ്റമായിരുന്നു. എന്നാൽ ഈ വർഷം അവസാനത്തോടെ രണ്ട് കോടീശ്വരന്മാരും ലോകസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തിൽ നിന്ന് പുറത്താകുകയാണ്. സമ്പത്തിൽ 100 ബില്യൺ (8.3 ലക്ഷം കോടി) താഴെയെത്തിയതോടെ മുകേഷ് അംബാനി 17ാം സ്ഥാനത്തും ഗൗതം അദാനി 19ാം സ്ഥാനത്തും എത്തിയിരിക്കുകയാണ്. ഇതുകണ്ട് ബിസിനസ് ലോകം മൂക്ക് വിരൽ വച്ചിരിക്കുകയാണ്. ശരിക്കും എന്താണ് ഈ രണ്ട് കോടീശ്വരന്മാർക്കും സംഭവിച്ചത്.
മുകേഷ് അംബാനിയുടെ തിരിച്ചടിക്ക് പിന്നിൽ?
മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ നടന്ന ജൂലായ് മാസത്തിൽ മുകേഷിന്റെ ആസ്തി 120.8 ബില്യൺ ഡോളറായിരുന്നു. എന്നാൽ ഈ വർഷം അവസാനിക്കുന്നതോടെ 96.7 ബില്യൺ ഡോളറിലെത്തിയിരിക്കുകയാണ്. മുകേഷ് അംബാനിയുടെ മുൻനിര കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് അതിന്റെ പ്രധാന ബിസിനസുകളിൽ സമ്മർദ്ദം നേരിട്ടതാണ് ഈ തിരിച്ചടിക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് വിലയിരുത്തുന്നത്.
എണ്ണ വ്യവസായത്തിൽ ചൈനീസ് എതിരാളികളിൽ നിന്നും കിട മത്സരം ഉണ്ടായത് റിലയൻസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ റീട്ടെയിൽ ബിസിനസിലുണ്ടായ തിരിച്ചടിയും മുകേഷ് അംബാനിയെ ഈ വർഷം അവസാനത്തിൽ തളർത്തി. കമ്പനിയുടെ വർദ്ധിച്ചുവരുന്ന കടത്തിന്റെ അളവ് നിക്ഷേപകരിൽ ആശങ്ക ഉയർത്തുകയും റിലയൻസിന്റെ ഓഹരി പ്രകടനത്തിലെ ഇടിവിന് കാരണമാവുകയും ചെയ്തു. അതുകൊണ്ട് ഡിജിറ്റൽ സേവനങ്ങൾ, പുനരുപയോഗ ഊർജം, റീട്ടെയിൽ ബ്രാൻഡുകൾ തുടങ്ങിയ പുതിയ വളർച്ചാ മേഖലകളിൽ അംബാനി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

അദാനിക്കും വൻ തിരിച്ചടി
മുകേഷ് അംബാനിയെപ്പോലെ തന്നെ ഗൗതം അദാനിക്കും വൻ തിരിച്ചടിയാണ് നേരിട്ടത്. ഒരു പക്ഷേ, അംബാനിയേക്കാൾ കൂടുതൽ ബാധിച്ചത് അദാനിക്കാണെന്ന് പറയാം. ജൂൺ മാസത്തിൽ അദാനിയുടെ ആസ്തി 122.3 ബില്യൺ ഡോളറായിരുന്നു. എന്നാൽ വർഷാവസാനം അത് 82.1 ബില്യൺ ഡോളറായി കുറഞ്ഞു. അദാനി ഗ്രൂപ്പിലുള്ള നിക്ഷേപകരുടെ വിശ്വാസത്തെ സ്വാധീനിച്ച ചില ആരോപണങ്ങളുടെയും അന്വേഷണങ്ങളുടെയും പരമ്പര അദാനിക്ക് വൻ തിരിച്ചടിയായി.
കഴിഞ്ഞ മാസമായിരുന്നു യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് കൈക്കൂലി ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഹിൻഡൻ ബെർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഈ നടപടി. ഇത് അദാനിയുടെ ഓഹരി വിലയെ കാര്യമായി ബാധിച്ചിരുന്നു.

നേട്ടമുണ്ടാക്കിയവർ
അംബാനിയുടെയും അദാനിയുടെയും തിരിച്ചടികൾക്കിടയിലും, ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികൾ ഈ വർഷം അവരുടെ സമ്പത്തിൽ 67.3 ബില്യൺഡോളർ കൂട്ടിച്ചേർത്തിട്ടുണ്ട്. വ്യവസായി ശിവ് നാടാർ, ഉരുക്ക് വ്യവസായി സാവിത്രി ജിൻഡാൽ എന്നിവർ യഥാക്രമം 10.8 ബില്യൺ രൂപയും 10.1 ബില്യൺ രൂപയും അവരുടെ ആസ്തിയിലേക്ക് കൂട്ടിച്ചേർത്തു. ബ്ലൂംബെർഗിന്റെ 2024ലെ സമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ അംബാനി കുടുംബം എട്ടാം സ്ഥാനം നേടി. ഷപൂർജി പല്ലോൻജിയുടെ മിസ്ത്രി കുടുംബം 23ാം സ്ഥാനത്താണ്. ആഗോളതലത്തിൽ, വാൾമാർട്ടിലെ വാൾട്ടൺ കുടുംബം 432.4 ബില്യൺ ഡോളറിന്റെ സമ്പത്തുമായി ഒന്നാം സ്ഥാനത്തുണ്ട്. ഇലോൺ മസ്‌കിനെപ്പോലുള്ള വ്യക്തിഗത ശതകോടീശ്വരന്മാരെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം