
വാൽപ്പാറ: തമിഴ്‌നാട് വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചന്ദ്രൻ (62) ആണ് മരിച്ചത്. കോയമ്പത്തൂരിൽ ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മരണം. ചന്ദ്രനെ കാട്ടാന തുമ്പിക്കെെ കൊണ്ട് തട്ടുകയായിരുന്നു. കഴിഞ്ഞ 10-ാം തീയതിയാണ് സംഭവം നടന്നത്. ആക്രമണത്തിൽ ചന്ദ്രൻ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റിരുന്നു.
ഗജമുടി ലോവർഡിവിഷനിലെ മാരി മുത്തുവിന്റെ ഭാര്യ സരോജിനി (52), മുരുകേശന്റെ മകൻ ഉദയകുമാർ (32) തിരുനാവുക്കരശിന്റെ ഭാര്യ കാർത്തീശ്വരി (40) എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒരു മണിയോടെയാണ് സരോജിനിയുടെ വീടിന് സമീപം കാട്ടാന എത്തിയത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് സരോജിനിയെ ആന ആക്രമിച്ചത്. അവിടെ തടിച്ചുകൂടിയിരുന്ന എസ്റ്റേറ്റ് തൊഴിലാളികൾ ഭയന്ന് ഓടിയപ്പോഴാണ് ബാക്കിയുള്ളവർക്ക് പരിക്ക് പറ്റിയത്.