
സമകാലിക സിനിമയിലെ ലേഡീ സൂപ്പർ സ്റ്റാർ ആരാണ്.... ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ, നയൻതാര. നായകപരിവേഷമില്ലാതെ തന്നെ താൻ കേന്ദ്രീകൃതമായ സിനിമകൾ വാണിജ്യപരമായ വിജയത്തിലെത്തിക്കാൻ നയൻതാരയ്ക്ക് കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് തെന്നിന്ത്യൻ ഭാഷകളിലെല്ലാം അവർക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതും. ഡിജിറ്റൽ ഭീമൻ നെറ്റ്ഫ്ളിക്സ് ഇന്ത്യയിൽ ഒരാളുടെ വിവാഹം മാത്രേമേ ഡോക്യുമെന്ററി ചെയ്തിട്ടുള്ളൂ. ഇപ്പോഴും വിവാദങ്ങൾക്ക് ഇടയായിക്കൊണ്ടിരിക്കുന്ന നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം.
ലേഡീ സൂപ്പർ സ്റ്റാർ എന്ന് തന്നെ വിളിക്കരുതെന്ന് തന്റെ ഓരോ പ്രൊഡ്യൂസർമാരോടും യാചിക്കുന്നത് പോലെ പറയാറുണ്ടെന്ന് നയൻതാര പറയുന്നു. അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. നയൻതാരയുടെ തന്നെ വാക്കുകൾ ഇങ്ങനെ-
''അത് മറ്റൊരു വിവാദമായിരുന്നു. ആദ്യമൊക്കെ ആ ടൈറ്റിൽ കാരണമുണ്ടായ അസ്വാരസ്യങ്ങൾ അവിശ്വസനീയമായിരുന്നു. എന്റെ എല്ലാ സംവിധായകരോടും നിർമ്മാതാക്കളോടും അക്ഷരാർത്ഥത്തിൽ യാചിക്കുന്നത് പോലെ ഞാൻ പറഞ്ഞിട്ടുണ്ട് തിയേറ്ററിൽ ആ ടൈറ്റിൽ കാർഡ് ഉപയോഗിക്കരുതെന്ന്. പക്ഷേ അവർ കേൾക്കില്ല. കാരണം എനിക്ക് ഭയമുണ്ട്. അത്തരമൊരു ടൈറ്റിലിൽ നിർവചിക്കേണ്ടതല്ല എന്റെ കരിയർ. ഒരുപക്ഷേ എന്റെ പ്രേക്ഷകർ എനിക്ക് നൽകുന്ന സ്നേഹവും ആദരവും കൊണ്ട് അങ്ങനെ വിളിക്കുന്നതാകാം.''
വിഘ്നേശ് ശിവനുമായുള്ള പ്രണയത്തിൽ ആദ്യം ഇഷ്ടം അറിയിച്ചത് താൻ ആണെന്നും നയൻതാര വെളിപ്പെടുത്തി. ആദ്യ ചുവട് താൻ തന്നെ വച്ചില്ലായിരുന്നെങ്കിൽ ഇഷ്ടം തിരിച്ചറിയാൻ ഒരുപക്ഷേ വിഘ്നേശിന് കഴിയുമായിരുന്നില്ല. പാറ പോലെ ഉറച്ചാതാണ് ഇരുവരും തമ്മിലുള്ള ബന്ധമെന്നും കാരണം ആ ബന്ധം സ്നേഹത്താൽ സൃഷ്ടിക്കപ്പെട്ടതാണെന്നും നയൻ താര പറഞ്ഞു.