
വയനാട്: മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഹർഷിദ്, അഭിരാം എന്നിവരെയാണ് മാനന്തവാടി പൊലീസ് കസ്റ്റഡിയിസെടുത്തത്. വിഷ്‌ണു, നബീൽ എന്നീ രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. ഇന്നലെ രാത്രി വൈകിയും ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ ബംഗളൂരു ബസിൽ കൽപ്പറ്റയിലേക്ക് വരികയായിരുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവാക്കൾ ചേർന്ന് മാതനെ വലിച്ചിഴച്ച കാർ ഇന്നലെ തന്നെ കണിയാംപറ്റയിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. KL 52H8733 എന്ന സെലേരിയോ കാർ മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്.
മാനന്തവാടി കൂടൽകടവിൽ കഴിഞ്ഞ ദിവസമാണ് ആദിവാസി യുവാവായ മാതനെ റോഡിലൂടെ വലിച്ചിഴച്ചത്. വിനോദസഞ്ചാരികളായ യുവാക്കൾ കാറിൽ കൈ ചേർത്തുപിടിച്ച് അരകിലോമീറ്ററോളം വലിച്ചിഴയ്‌ക്കുകയായിരുന്നു. ചെക്ക് ഡാം കാണാൻ എത്തിയ യുവാക്കൾ മറ്റൊരു കാർ യാത്രക്കാരുമായി വാക്ക് തർക്കം ഉണ്ടായി. ഇതിൽ ഇടപെട്ട നാട്ടുകാർക്കുനേരെയായി പിന്നീട് അതിക്രമം.
പ്രദേശവാസിയായ ഒരു അദ്ധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോൾ മാതൻ തടഞ്ഞു. കാറിൽ വിരൽ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേർത്തു പിടിച്ച് അരകിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കൾ വലിച്ചിഴച്ചു. പിന്നാലെ വന്ന കാർ യാത്രക്കാർ ബഹളം വച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്. കൈയ്‌ക്കും കാലിനും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.