airport

ഇന്ത്യക്കാർ വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളാണ് തായ്‌ലൻഡ്, ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ്, ചിയാംഗ് മായ്, കോ സമുയി എന്നിവ. ഇപ്പോഴിതാ ഇന്ത്യൻ പാസ്‌പോർട്ടുള്ളവരെ തേടി ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. 2025 ജനുവരി ഒന്ന് മുതൽ ഇ - വിസ സൗകര്യം നടപ്പിലാക്കുമെന്നാണ് ഡൽഹിയിലെ റോയൽ തായ് എംബസി പ്രഖ്യാപിച്ചിരിക്കുന്നത്.


60 ദിവസത്തേക്കാണ് ടൂറിസം, ഹ്രസ്വ ബിസിനസ് സന്ദർശനങ്ങൾ അനുവദിച്ചിരിക്കുന്നത്. ഇന്ത്യക്കാർക്കായി വിസ ഓൺ അറൈവൽ സൗകര്യവും തായ്‌ലൻഡ് നേരത്തേ നടപ്പാക്കിയിട്ടുണ്ട്. തായ് എംബസിയുടെ നിർദേശപ്രകാരം, thaievisa.go.th എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷകൾ സമർപ്പിക്കാൻ. ഓഫ്‌ലൈനായി വേണം പണമടയ്‌ക്കാൻ. തായ്‌ലൻഡ് മാത്രമല്ല, മറ്റ് ചില രാജ്യങ്ങളും ഇന്ത്യക്കാർക്കായി ഇ - വിസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്താണ് ഇ - വിസയെന്നും ഏതൊക്കെ രാജ്യങ്ങളാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും നോക്കാം.

explainer

ഇ - വിസ

ഓൺലൈനായി യാത്രക്കാർക്ക് അനുവദിക്കുന്ന ഒരു ഡിജിറ്റൽ ട്രാവൽ പെർമിറ്റാണ് ഇ - വിസ അല്ലെങ്കിൽ ഇലക്‌ട്രോണിക് വിസ. വിസയ്‌ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രക്രിയ ലളിതമാക്കുന്നതിനായാണ് ഈ സൗകര്യപ്രദമായ രീതി കൊണ്ടുവന്നിട്ടുള്ളത്. അപേക്ഷകരുടെ കൂടുതൽ സൗകര്യത്തിനായാണ് ഓഫ്‌ലൈൻ പേയ്‌മെന്റ് സംവിധാനവും ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ അനുവദിക്കുന്ന ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനിലൂടെ (ഇറ്റിഎ) തായ്‌ലൻഡിലേക്ക് ഒറ്റത്തവണ പ്രവേശനം അനുവദിക്കും. 60 ദിവസം വരെ സാധുതയുള്ളതാണിത്. ആവശ്യമെങ്കിൽ 30 ദിവസം കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്. ഫീസ് അടച്ച് 14 പ്രവൃത്തി ദിവസത്തിനുള്ളിൽ തന്നെ വിസ പ്രോസസ് ആരംഭിക്കും.

ഇറ്റിഎ ഉള്ള യാത്രക്കാർക്ക് ഇമിഗ്രേഷൻ പ്രക്രിയ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ എളുപ്പമായിരിക്കും. ഇറ്റിഎയിലെ ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. അംഗീകൃത കാലയളവ് കവിഞ്ഞാൽ പിഴ ഉൾപ്പെടെയുള്ള കാര്യങ്ങളും ഇതിലൂടെ അറിയാൻ സാധിക്കും.

thailand

എന്തുകൊണ്ട് ഇന്ത്യക്കാർക്ക് മാത്രം ?

ആൻഡമാനിൽ സമുദ്രാതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങളാണ് ഇന്ത്യയും തായ്‌ലൻഡും. നൂറ്റാണ്ടുകളായുള്ള സാമൂഹിക, സാംസ്‌കാരിക വിനിമയങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ കെട്ടിപ്പടുക്കാൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ നിരവധിപേർ തായ്‌ലൻഡിൽ താമസിച്ച് ജോലി ചെയ്യുന്നു എന്നതും ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ്, ചിയാങ് മായ്, കോ സാമുയി എന്നിവിടങ്ങളിൽ വിനോദസഞ്ചാരത്തിന്റെ ഭാഗമായും ഇന്ത്യക്കാർ ഒഴുകിയെത്താറുണ്ട്. 2019ൽ രണ്ട് ദശലക്ഷത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികളാണ് തായ്‌ലൻഡ് സന്ദർശിച്ചത്. 2024 ഒക്‌ടോബർ വരെ ഏകദേശം 1.64 ദശലക്ഷം ഇന്ത്യൻ സന്ദർശകർ തായ്‌ലൻഡിൽ എത്തി. ഈ വർഷാവസാനത്തോടെ ഏകദേശം രണ്ട് ദശലക്ഷത്തിലധികം ഇന്ത്യൻ ടൂറിസ്റ്റുകളെയാണ് തായ്‌ലൻഡ് പ്രതീക്ഷിക്കുന്നുണ്ട്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് രാജ്യത്തിന് ലഭിക്കുക. അതിനാൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശകർ തായ്‌ലൻഡിലെത്തേണ്ടത് രാജ്യത്തിന്റെ വരുമാനത്തെ തന്നെ ബാധിക്കുന്ന ഘടകമാണ്.

passport

ഇന്ത്യക്കാർക്ക് ഇ-വിസ വാഗ്ദാനം ചെയ്യുന്ന മറ്റ് രാജ്യങ്ങൾ ?

കയ്യിലൊതുങ്ങുന്ന പണത്തിന് വിദേശയാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇ - വിസ അനുവദിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. ഫിലിപ്പീൻസ്

അടുത്തിടെയാണ് ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി ഫിലിപ്പീൻസ് ഇ -വിസ സംവിധാനം ഏർപ്പെടുത്തിയത്. നിലവിൽ, സിംഗിൾ എൻട്രി ഇ-വിസകളാണ് ലഭിക്കുക. ഇതിന് 30 ദിവസത്തെ കാലാവധിയാണുള്ളത്. 10-15 ദിവസമാണ് ഇ - വിസയുടെ പ്രോസസിംഗ് സമയം.

2. കംബോഡിയ

പുരാതന ക്ഷേത്രങ്ങൾ, മനോഹരമായ ബീച്ചുകൾ, കൊളോണിയൽ വാസ്തുവിദ്യ, മാർക്കറ്റുകൾ എന്നിവയ്ക്ക് പേരുകേട്ട കംബോഡിയ 30 ദിവസം സാധുതയുള്ള സിംഗിൾ എൻട്രി ഇ -വിസകൾ വാഗ്ദാനം ചെയ്യുന്നു. മൂന്ന് മുതൽ നാല് പ്രവൃത്തി ദിവസങ്ങളാണ് ഈ ഇ-വിസകളുടെ പ്രോസസിംഗ് സമയം.

3. തുർക്കി

ബൈസന്റൈൻ, ഓട്ടോമൻ സാമ്രാജ്യങ്ങളിൽ നിന്നുള്ള സാംസ്കാരിക പൈതൃകങ്ങളാൽ സമ്പന്നമായ രാജ്യമാണ് തുർക്കി. 180 ദിവസത്തേക്ക് സാധുതയുള്ള സിംഗിൾ എൻട്രി ഇ-വിസകളാണ് രാജ്യം വാഗ്ദാനം ചെയ്യുന്നത്. സഞ്ചാരികൾക്ക് 30 ദിവസം വരെ രാജ്യത്ത് തങ്ങാം. 24 മണിക്കൂറാണ് പ്രോസസിംഗ് സമയം എന്നാൽ, ചില സമയങ്ങളിൽ കൂടുതലും ആകാറുണ്ട്.

4. ന്യൂസിലാൻഡ്

80 ദിവസം വരെ രാജ്യത്ത് താമസിക്കാൻ കഴിയുന്ന ഇ -വിസ യാണ് ലഭിക്കുക. ഇതിന്റെ പ്രോസസിംഗ് സമയം ഏകദേശം നാല് ആഴ്‌ചയാണ്.

5. ദുബായ്

ആഗോള ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടായ ദുബായ് 30 ദിവസത്തെ ഇ - വിസയാണ് അനുവദിക്കുന്നത്. മൂന്ന് മുതൽ അഞ്ച് പ്രവൃത്തി ദിവസമാണ് ഇതിന്റെ പ്രോസസിംഗ് സമയം.

ഇവ കൂടാതെ ദക്ഷിണ കൊറിയ, ജപ്പാൻ, ഈജിപ്റ്റ്, പാപ്പുവ ന്യൂ ഗിനിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്കാർക്കായി ഇ - വിസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.