aishwarya-lekshmi

മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി ആരാധകരുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. മണിരത്നം ഉൾപ്പെടെയുള്ള പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിച്ചതോടെ നടിക്ക് ആരാധകരും താരമൂല്യവും വർദ്ധിച്ചു. കമൽ ഹാസൻ - മണിരന്തം ചിത്രം 'തഗ് ലെെഫ്' ആണ് നടിയുടെ തമിഴിലെ പുതിയ പ്രോജക്ട്. മലയാളത്തിൽ വൈശാഖ് എലൻസ് സംവിധാനം ചെയ്ത് ഷറഫുദ്ദീൻ നായകനായ 'ഹലോ മമ്മി'യാണ് നടിയുടേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം.

തെലുങ്കിൽ സായി ധരം തേജ് നായകനായ 'എസ്‌വെെജി' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലെ നായിക ഐശ്വര്യയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടീസർ ലോഞ്ച് ചടങ്ങിൽ തിളങ്ങിയ ഐശ്വര്യ ലക്ഷ്മിയുടെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കഴിഞ്ഞ ദിവസം ഹെെദരാബാദ് നടന്ന ചടങ്ങിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്. സ്വർണ നിറത്തിലുള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. ഈ സാരി ഉടുത്ത ചിത്രങ്ങൾ നടി തന്റെ ഇൻസ്റ്റഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്.

രാം ചരൺ അടക്കമുള്ളവർ ചടങ്ങിൽ അതിഥികളായിരുന്നു. ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണ് ഇത്. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം കെ പി രോഹിത്താണ് സംവിധാനം ചെയ്യുന്നത്. ജഗപതി ബാബു, ശ്രീകാന്ത്, സായികുമാ‌‌ർ, അനന്യ നഗല്ല എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബി അജനീഷ് സംഗീതം നിർവഹിക്കുന്നു.