
ഒരു സന്യാസി യാത്രയ്ക്കിടയിൽ ഒരു ക്ഷേത്രനടയിലെത്തി. അവിടെ രണ്ട് കുട്ടികൾ തർക്കത്തിലേർപ്പെടുകയായിരുന്നു. ക്ഷേത്രത്തിനു മുന്നിലുള്ള കൊടിമരത്തിൽ കാറ്റേറ്റ് ഇളകിക്കൊണ്ടിരുന്ന കൊടിയായിരുന്നു തർക്കവിഷയം. ഒരു കുട്ടി വാദിച്ചു, 'പതാകയാണ് ചലിച്ചുകൊണ്ടിരിക്കുന്നത്' 'അല്ല, കാറ്റാണ് ചലിക്കുന്നത്' മറ്റേ കൂട്ടി എതിർത്തു. രണ്ടുകൂട്ടരും മറുപക്ഷത്തിന്റെ വാദമുഖങ്ങളെ യുക്തിപൂർവ്വം ഖണ്ഡിച്ചുകൊണ്ട് തർക്കം തുടർന്നു. കുറച്ചുനേരം അവരുടെ വാദങ്ങൾ കേട്ടുനിന്ന സന്യാസി ഒടുവിൽ അവരോട് പറഞ്ഞു, 'ശ്രദ്ധിച്ചാൽ ഒരു കാര്യം നിങ്ങൾക്കു മനസിലാകും, കൊടിയോ കാറ്റോ അല്ല നിങ്ങളുടെ മനസാണ് വൃഥാ ചലിച്ചുകൊണ്ടിരിക്കുന്നത് ".
കാണുന്ന വിഷയങ്ങളിലെല്ലാം ചെന്നെത്തുക എന്നതാണ് മനസിന്റെ സ്വഭാവം.നമുക്ക് ആവശ്യമുള്ളതിൽ മാത്രം ആവശ്യമുള്ള സമയം  മനസിനെ വയ്ക്കാൻ കഴിഞ്ഞാൽ അത് ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാക്കും. ഈ കഴിവിന് പറയുന്ന പേരാണ് ഏകാഗ്രത. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ സദാ അലക്ഷ്യമായി അലഞ്ഞുകൊണ്ടിരിക്കുന്ന മനസിനെ മറ്റു വിഷയങ്ങളിൽനിന്ന് പിൻവലിച്ച് ലക്ഷ്യത്തിൽ ഉറപ്പിക്കാനുള്ള കഴിവാണ് ഏകാഗ്രത. ഏകാഗ്രതയാണ് ഏതു പ്രയത്നത്തെയും ഫലവത്താക്കുന്നത്. ഏകാഗ്രത എങ്ങനെ വളർത്തിയെടുക്കാം? ലക്ഷ്യത്തെക്കുറിച്ചുള്ള തീവ്രതയും ലക്ഷ്യപ്രാപ്തിക്ക് എതിരായ വിഘ്നങ്ങളെ കുറിച്ചുള്ള അവബോധവും തന്നെയാണ് ഏകാഗ്രതയിലേക്ക് നയിക്കുന്നത്. ഒരു മോഷ്ടാവ് രാത്രിസമയം വീട്ടിൽ കയറി മോഷണം നടത്തുമ്പോൾ അയാളുടെ ഓരോ പ്രവൃത്തിയിലും ഏകാഗ്രതയുണ്ടായിരിക്കും. വീടിനു ചുറ്റുപാടും നടന്ന് നിരീക്ഷിക്കുമ്പോഴും അകത്തു കയറുമ്പോഴും അലമാര തുറക്കുമ്പോഴുമെല്ലാം അയാൾ വളരെ ജാഗ്രതയുള്ളവനായിരിക്കും. പിടിയിലായാൽ തന്റെ ജീവിതം ഇരുമ്പഴിക്കുള്ളിലാകും എന്ന ബോധം അയാൾക്കുണ്ട്. അതിനാൽ ഒരു നിസാരചലനം പോലും അശ്രദ്ധയോടെയാകാതിരിക്കാൻ അയാൾ പരമാവധി ശ്രദ്ധിക്കും. അതുപോലുള്ള ഏകാഗ്രതയാണ് നമ്മൾ വളർത്തിയെടുക്കേണ്ടത്.
ചഞ്ചലമായ മനസിനെ വരുതിയിൽ കൊണ്ടുവരാൻ പ്രയാസകരമാണ്. ബാഹ്യലോകത്തെ മാറ്റങ്ങളും ചലനങ്ങളും നിരീക്ഷിക്കാനും വിലയിരുത്താനും താരതമ്യേന എളുപ്പമാണ്. എന്നാൽ നമ്മുടെ മനസിന്റെ ചലനങ്ങളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക അത്ര എളുപ്പമല്ല. നിരന്തരമായ ശ്രമത്തിലൂടെ മാത്രമേ ഏകാഗ്രത നേടാനാകൂ. മനസ് മറ്റു വിഷയങ്ങളിലേക്ക് പോകുമ്പോൾ വീണ്ടും വീണ്ടും അതിനെ പിന്തിരിപ്പിച്ച് ഒരേ ലക്ഷ്യത്തിൽ ഉറപ്പിക്കണം. പല കൈവഴികളായി ഒഴുകുന്ന നദിയെ അണകെട്ടി നിയന്ത്രിച്ച് ഒരു ദിശയിലേക്ക്  മാത്രം ഒഴുക്കുമ്പോൾ അതിൽനിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാൻ സാധിക്കുന്നു. 
പൂന്തോട്ടം നനയ്ക്കാനുപയോഗിക്കുന്ന ഹോസിൽ ദ്വാരങ്ങളുണ്ടെങ്കിൽ അതിലൂടെ പുറത്തുവരുന്ന വെള്ളത്തിന്റെ ഒഴുക്കിന് ശക്തി കുറവായിരിക്കും. അതുപോലെ നമ്മുടെ മനസ്സ് കൂടെക്കൂടെ പല വസ്തുക്കളിലേക്ക് പോയാൽ മനസ് ദുർബ്ബലമാകും. ഇന്നു നമ്മുടെ മാനസിക ഊർജ്ജത്തിന്റെ നല്ലൊരു പങ്ക് അഞ്ച് ഇന്ദ്രിയങ്ങളിലൂടെയും ചിന്തകളിലൂടെയും ബഹിർഗമിച്ചു പാഴായിക്കൊണ്ടിരിക്കുകയാണ്. ഇതിനെ ഇച്ഛാശക്തി ഉപയോഗിച്ച് തടഞ്ഞാൽ നമ്മുടെ ഉള്ളിലുള്ള അനന്തമായ ശക്തിയെ ഉണർത്താനും, ഏതു ലക്ഷ്യവും സാക്ഷാത്കരിക്കുവാനും സാധിക്കും.