
വീണ്ടുമൊരു ക്രിസ്മസ്. ക്രൈസ്തവരുടെ തിരുപ്പിറവി ആഘോഷത്തിനപ്പുറം ലോകജനതയെ ഒരുമിപ്പിക്കുന്ന ആഘോഷവേള കൂടിയാണ്, ക്രിസ്മസ്. കരോൾ സംഘങ്ങളുടെ ഗീതങ്ങളും നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്മസ് കേക്കും സാന്റാക്ളോസുമെല്ലാം ചേർന്ന് വലിയൊരു ആഘോഷ തരംഗമാണ്, ക്രിസ്മസ് നാളുകൾക്ക്. കുളിർമഞ്ഞു തീർക്കുന്ന തണുപ്പിനിടയിലും ഉണ്ണിയേശുവിന്റെ പിറവി തിരുകർമ്മങ്ങളിൽ സംബന്ധിക്കുവാൻ പാതിരാവിൽ വിശ്വാസ തീക്ഷ്ണതയോടെ പോകുന്നതിന്റെ ദീപ്തസ്മരണകളാൽ മുഖരിതമാണ് നമ്മുടെ ക്രിസ്മസ് ആഘോഷങ്ങൾ.
ആഘോഷങ്ങൾക്കുപ്പുറം ക്രിസ്തുവിന്റെ ജനനം, നമ്മുടെ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പുലർത്തേണ്ട അടിസ്ഥാന പുണ്യങ്ങളായ ലാളിത്യത്തിന്റെയും എളിമയുടെയും ഓർമ്മപ്പെടുത്തലുകൾ കൂടിയാണ്. അത്തരം ചില പുണ്യങ്ങൾ അവശേഷിപ്പിക്കുന്ന സാദ്ധ്യതകൾ കൂടിയാകണം, നമ്മുടെ ക്രിസ്മസ് ആഘോഷങ്ങൾ.
തെറ്റുകൾ തിരുത്തി നന്മയെ പുൽകുവാനും, ജീവിതത്തിൽ പുലർത്തേണ്ട ലാളിത്യവും ത്യാഗവും പരസ്പര സ്നേഹവും ഓർമ്മിപ്പിക്കുവാനും നമുക്കു കൈവരുന്ന സമയം കൂടിയാണ് പുതുവർഷത്തിനു മുന്നോടിയായുള്ള ക്രിസ്മസ് കാലം, ഏറ്റവും ഫലദായകമായി, അത് ഉപയോഗപ്പെടുത്താൻ നമുക്കു കഴിയട്ടെ.
ഉണ്ണിയേശുവിന്റെ ചരിത്ര പ്രാമുഖ്യത്തോടൊപ്പം പുൽക്കൂടും സാന്റാക്ലോസും ക്രിസ്മസ് ആശംസാ കാർഡുകളും ലോകമനസുകളിൽ കുളിരു കോരിക്കുന്ന ഒരു സാമൂഹ്യാനുഭൂതിയായി മാറിക്കഴിഞ്ഞു. നക്ഷത്രങ്ങൾ തൂക്കിയിടാത്ത വീടുകൾ ജാതിമത ഭേദമെന്യേ നമ്മുടെ നാട്ടിൽ അതിവിരളമായിരിക്കും. അതുകൊണ്ടു തന്നെ ക്രിസ്മസിന്റെ പ്രതീകങ്ങളായി നാം കണ്ടു വരുന്ന പുൽക്കൂട്, ആശംസാ കാർഡ്, സാന്റാക്ലോസ് എന്നിവയുടെ ചരിത്രപരത അവശ്യം അറിഞ്ഞിരിക്കേണ്ടതാണ്.
നിക്കോളാസും
സാന്റാേസും
ക്രിസ്മസ് രാവുകളിൽ സമ്മാനപ്പൊതികളുമായി വീടുകളിലെത്തുന്ന സാന്റാക്ലോസ്സ് അപ്പൂപ്പൻ നമുക്ക് പരിചിതമാണെങ്കിലും, നിക്കോളാസ് എന്ന, ജീവിച്ചിരുന്ന മെത്രാന്റെ ത്യാഗജീവിതമാണ് സാന്റാക്ളോസിന്റെ പിറവിക്കു പിന്നിലെന്ന ചരിത്രം പലരും ഓർമ്മിക്കില്ല! മൂന്നാം നൂറ്റാണ്ടിൽ ഒരു സമ്പന്ന ക്രൈസ്തവ കുടുംബത്തിന്റെ പ്രതിനിധിയായാണ് സാന്റാക്ലോസ് എന്ന് പിന്നിട് ലോകമെമ്പാടും അറിയപ്പെട്ട വിശുദ്ധ നിക്കോളാസ് ജനിച്ചത്. ചെറുപ്രായത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട നിക്കോളാസ്, സ്നേഹവും സഹാനുഭൂതിയും മൂലം തന്റെ സമ്പത്ത് സാധുക്കൾക്ക് ദാനം ചെയ്യാൻ ആഗ്രഹിച്ചു.
അടിമ വ്യാപാരത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ അടിമകളായി വിൽക്കപ്പെടാൻ പോകുന്ന കുട്ടികളെ വീണ്ടെടുത്ത് പുനരധിവാസമെന്ന സങ്കൽപ്പത്തെ മൂന്നാം നൂറ്റാണ്ടിൽത്തന്നെ ലോകത്തിന് പരിചയപ്പെടുത്തി. പാവങ്ങളോടും അശരണരോടുമുള്ള കരുണയേയും സഹാനുഭൂതിയേയും പ്രതി സർവസമ്പത്തും ഉപേക്ഷിച്ച നിക്കോളാസ്, പിന്നിട് ദൈവവിളി സ്വീകരിച്ച് വൈദികനും കാലാന്തരത്തിൽ മെത്രാനുമായി.
നിക്കോളാസിന്റെ ദാനശീലത്തെപ്പറ്റി ധാരാളം കഥകൾ പരക്കുകയും യൂറോപ്പിലാകമാനമുള്ള അത്ഭുത പ്രവർത്തകരായ വിശുദ്ധന്മാരുടെ ഗണത്തിലേക്ക് ആളുകൾ നിക്കോളാസിനെ സ്വാഭാവികമായും പ്രതിഷ്ഠിക്കുകയും ചെയ്തു. 1492 ഡിസംബർ ആറിന് വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ ആദ്യമായി ഹെയ്ത്തി തുറമുഖത്തെത്തിയ കൊളംബസ്, തുറമുഖത്തിന് 'വിശുദ്ധ നിക്കോളാസിന്റെ തുറമുഖം" എന്ന് പേരിട്ടതോടുകൂടി യാത്രികരുടെ മദ്ധ്യസ്ഥനെന്ന പേര് നിക്കോളാസിന് ചാർത്തപ്പെട്ടു.
The St. Nicholas Centres Website പറയുന്ന രേഖകൾ പ്രകാരം ദേശസ്നേഹിയും പുരാവസ്തു ഗവേഷകനുമായിരുന്ന ജോൺ പിന്റാർഡ് ആണ് വിശുദ്ധ നിക്കോളാസിന്റേ കഥ ലോകമെങ്ങും പ്രചരിപ്പിച്ചത്. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകാനായി വരുന്നയാളായി നിക്കോളാസിനെ ആദ്യം ചിത്രീകരിക്കുന്നത് 'St Nick in Dutch New Amsterdam" എന്ന പുസ്തകത്തിലാണ്. 1810 ഡിസംബർ ആറിന് ആദ്യമായി ന്യൂയോർക്ക് ചരിത്ര സംഘം നിക്കോളാസ് തിരുന്നാൾ ആഘോഷിച്ച വേളയിൽ നിക്കോളാസിന്റെ ഒരു ചിത്രം വരയ്ക്കുവാൻ അലക്സാണ്ടർ ആൻഡേഴ്സൺ എന്ന ചിത്രകാരനോട് ജോൺ പിന്റാർഡ് ആവശ്യപ്പെടുകയും, ഇന്ന് നമ്മൾ കാണുന്ന സാന്റാക്ലോസിനോട് സമാനമായി, വെളുത്ത താടിയും ചുവന്ന തൊപ്പിയുമുള്ള രൂപം വരയ്ക്കുകയും അത് അക്കാലത്ത് പൊതുവെ സ്വീകരിക്കപ്പെടുകയും ചെയ്തു.
1920 ആയപ്പോഴേക്കും, പേരുകേട്ട ചിത്രകാരന്മാരായ എൻ.സി. വയത്തും ജെ.സി. ലിയൻഡെക്കറും ചുവപ്പുവേഷ ധാരിയായ, വെളുത്ത താടിക്കാരനായ മനുഷ്യന്റെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്ക് രൂപം നൽകി. ഈ പാരമ്പര്യം പിൻതുടർന്ന് 1930- കളിൽ നോർമൻ റോക്ക്വോൽ, The Saturday Evening Post എന്ന പ്രസിദ്ധീകരണത്തിനു വേണ്ടി സാന്റാക്ളോസിന്റെ മുഖചിത്രങ്ങൾ വരച്ചു. അങ്ങനെ പതിറ്റാണ്ടുകളിലൂടെ പരിണമിച്ചാണ് ഇന്നു നമ്മൾ കാണുന്ന സാന്റാക്ളോസിലെത്തിയത്.
പുൽക്കൂടിന്റെ
'തിരുപ്പിറവി"
ക്രിസ്തുവിന്റെ ജനനത്തിന്റെ ലഘൂകരിച്ച ചിത്രീകരണം ചെറു വിസ്തൃതിക്കുള്ളിൽ ആവിഷ്കരിക്കപ്പെട്ടു തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. വീടുകളിലും സ്ഥാപനങ്ങളിലും പുൽക്കൂടുകൾ ഒരുക്കുന്നതിൽ അസാമാന്യ ഭാവനയും അനിതര സാധാരണമായ ക്രിയാത്മകതയും പ്രകടമാണ്. പുൽക്കൂടിന് ലോകമൊട്ടാകെ പ്രാമുഖ്യം ലഭിച്ചതിനു പിന്നിലുള്ളതായി പറഞ്ഞുകേൾക്കപ്പെടുന്നത് ഇങ്ങനെ: ബൈബിളിലെ പുതിയനിയമ ഭാഗങ്ങളിലെ സുവിശേഷങ്ങളിൽ തന്നെയാണ് ഇതിന്റെ ഉറവിടം. കാലിത്തൊഴുത്ത് എന്ന പ്രതീകം ബൈബിളിൽ നിന്ന് ഉത്ഭവിച്ചതാണെങ്കിലും ഇന്ന് നാം കാണുന്ന ആലങ്കാരിക രൂപത്തിലുള്ള പുൽക്കൂടുകളുടെ ഉത്ഭവം ഫ്രാൻസിസ് അസീസിയുടെ ഇറ്റലിയിലെ ഗ്രേചോ പട്ടണത്തിലെ ഗുഹയിലെ പ്രാർത്ഥനയോടും അദ്ദേഹത്തിന്റെ വേറിട്ട ചിന്തയോടും ചേർന്നാണ്.
അസീസിയിലെ വിശുദ്ധ ഫ്രാൻസിന്റെ പ്രാർത്ഥനയ്ക്കിടയിൽ, മുമ്പ് താൻ സന്ദർശിച്ചിട്ടുള്ള യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ വിശുദ്ധനഗരം മനസിൽ വരികയും ബെത്ഹേമിന്റെ ഓർമ്മകൾ ഉണർത്തുകയുമുണ്ടായി. മാത്രമല്ല, അദ്ദേഹത്തിന്റെ റോമാ നഗര സന്ദർശനത്തിനിടെ മേരി മേജർ ബസിലിക്കയിലെ (Mary Major Basilica) തിരുപ്പിറവിയുടെ 'മൊസൈക്ക്" ചിത്രീകരണങ്ങളും (Nativity scenes), ബെത്ലഹേമിലെ പുൽത്തൊട്ടിയിൽനിന്ന് കൊണ്ടുവന്നിട്ടുള്ള മരപ്പലകകൾ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നു എന്ന വാർത്തയും ഫ്രാൻസിസിന്റെ മനസിൽ ബെത്ലഹേമിനെക്കുറിച്ചുള്ള ആത്മീയാവേശം നിറച്ചിരുന്നുവെന്നു പറയുന്നതാവും കൂടുതൽ ശരി.
ഫ്രാൻസിസ്കൻ ചരിത്ര പാരമ്പര്യമനുസരിച്ച്, ആ വർഷത്തെ (1223) ക്രിസ്മസിന് 15 ദിവസം മുൻപ് അവിടെ പട്ടണത്തിൽ ഫ്രാൻസിസിന് അടുത്തു പരിചയമുള്ള ജോണിനോട് ഗുഹയ്ക്കുള്ളിൽ ഒരു ദൃശ്യാവിഷ്ക്കാരം നടത്താൻ ആവശ്യപ്പെട്ടു. ഈശോ പിറന്ന ബെത്ലഹേം കുന്നിൽ എത്രത്തോളം സൗകര്യക്കുറവുകൾ സഹിച്ചാണ് പിറന്നതെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും വിധം, ജീവനുള്ള കാളയും കഴുതയുമുള്ള ഒരു കാലിത്തൊഴുത്ത് ജീവസുറ്റ രീതിയിൽ ഒരുക്കാനാണ് ഫ്രാൻസിസ് അടുപ്പക്കാരനോട് ആവശ്യപ്പെട്ടത്. യേശുവിന്റെ അമ്മയായ മേരിയും അപ്പനായ യൗസേപ്പും ഉണ്ണിയും ഒപ്പം ഇടയന്മാരുടെയും മാലാഖമാരുടെയും സാന്നിദ്ധ്യവുമുള്ള ഒരു പുൽക്കൂട് ഗ്രേചോ ഗുഹയിൽ പുനരാവിഷ്കരിക്കണമെന്നും, ഉണ്ണിയേശുവിനെ പിള്ളക്കച്ചയുടെ പ്രതീകമായി വൈക്കോലിൽ കിടത്തണമെന്നുമാണ് ജോണിനോട് ഫ്രാൻസിസ് നിർദ്ദേശിച്ചിരുന്നത്.
ഫ്രാൻസിസ് ആവശ്യപ്പെട്ടതു പ്രകാരമുള്ള എല്ലാ സംവിധാനങ്ങളും വിശ്വസ്തനായ ആ സ്നേഹിതൻ ഗുഹയിൽ ഒരുക്കി. ഫ്രാൻസിസ് സ്ഥലത്തെത്തിയപ്പോൾ ഗുഹയിൽ വൈക്കോലും കാളയെയും കഴുതയെയും കണ്ടു. പിന്നെ അവിടെയുള്ളവരിൽ നിന്നു തന്നെ പുൽക്കൂട്ടിലെ ഉണ്ണിയും അമ്മയും യൗസേപ്പും ഇടയന്മാരും മാലാഖമാരുമെല്ലാം തയ്യാറായി നിന്നിരുന്നു. ഉണ്ണിയെ കിടത്തിയ പുൽത്തൊട്ടിക്കു സമീപം വൈദികൻ കൂടിയായ ഫ്രാൻസിസ് അസീസി ദിവ്യബലി അർപ്പിച്ചു. യേശുക്രിസ്തുവിന്റെ മനുഷ്യാവതാരവും വിശുദ്ധ കുർബാനയിലെ ക്രിസ്തു സാന്നിദ്ധ്യമായിരുന്ന ദിവ്യകാരുണ്യവും തമ്മിൽ ബന്ധിപ്പിക്കുന്ന ചരിത്ര സംഭവം കൂടിയായിരുന്നു അത്.
ഇവിടെ നിന്നാണ് പുൽക്കൂടിന്റെ ദൃശ്യാവിഷ്കാരത്തിന്റെ യഥാർത്ഥ ആരംഭം. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് 1223- ൽ തുടക്കമിട്ട ഈ പുൽക്കൂട് പാരമ്പര്യം നൂറ്റാണ്ടുകൾ പിന്നിട്ട് കാലിത്തൊഴുത്തെന്ന പ്രാഥമിക സാംഗത്യം കൈവിടാതെ തന്നെ ലോകമെമ്പാടും വേറിട്ട സാദ്ധ്യതകളിലൂടെ പിന്തുടരുന്നു. ലാളിത്യമാർന്ന ക്രിസ്തുവിന്റെ ജനനം വിശുദ്ധ ഫ്രാൻസിസ് പുൽക്കൂട്ടിലെ അടയാളങ്ങളിലൂടെ ആവിഷ്കരിച്ചതു വഴി പുൽക്കൂടെന്ന ഒരു പുതിയ തുടക്കമാണ് അദ്ദേഹം ലോകത്തിനു നല്കിയത്.
ആദ്യ ആശംസ
ക്രിസ്തുവിന്റേത്!
ക്രിസ്മസ് കാർഡുകളുടെ ആദ്യ പതിപ്പെന്ന് അവകാശപ്പെടാവുന്നത്, 1450-ലേത് എന്നു കരുതപ്പെടുന്ന ഒരു ദാരുശില്പത്തിൽ നിന്നാണ്. കുരിശിനു മുന്നിൽ ഒരു ചെറിയ ചുരുളും പിടിച്ചു നിൽക്കുന്ന ക്രിസ്തുദേവന്റെ പ്രതിമയാണ് അത്. ആ ചുരുളിൽ, 'സംതൃപ്തവും സന്തുഷ്ടവുമായ സംവത്സരം" (പുതുവർഷം) എന്ന് കൊത്തിവച്ചിരുന്നു. ജർമൻകാരനായ ഇ.എസ്. മാസ്റ്റർ ആയിരുന്നു അതിന്റെ ശില്പി. പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ആരംഭിച്ച ക്രിസ്മസ്- നവവത്സാരാശംസാ കാർഡുകളുടെ തരംഗം അച്ചടിയിൽ നിന്ന് പിന്നീട് ഡിജിറ്റൽ മാതൃകയിലേയ്ക്കും ഇപ്പോൾ ഗ്രാഫിക്സിലേയ്ക്കും വരെ മാറിക്കഴിഞ്ഞു.
ക്രിസ്മസ് ആശംസാ കാർഡുകൾക്ക് അഞ്ചര നൂറ്റാണ്ടിന്റെ ചരിത്രമേയുള്ളൂവെങ്കിലും, ആശംസാ സന്ദേശങ്ങൾ അയയ്ക്കുന്ന പതിവിന് 2500 വർഷമെങ്കിലും പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ബി.സി ആറാം നൂറ്റാണ്ടുവരെ പഴക്കമുള്ള ഈജിപ്ഷ്യൻ ശവകുടീരങ്ങളിൽ നിന്ന് അത്തരം ആശംസാ കുറിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ട് ആയപ്പോഴേക്കും വർത്തമാന പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും വരിക്കാർക്ക് പുതുവർഷം നേർന്ന് ആശംസാ സന്ദേശങ്ങൾ അച്ചടിച്ചു തുടങ്ങി. 19-ാം നൂറ്റാണ്ടിൽ അത് സാർവത്രികവുമായി.
പുൽക്കൂട്ടിലെ ഉണ്ണിയുടെ മുഖം ജീവസുറ്റതാകുമ്പോഴാണ് നമ്മുടെ വീടുകളിൽ ഉണ്ണി പിറന്ന അനുഭൂതിയുണ്ടാകുക. ബെത്ലഹേമിലെ ജനനം മുതൽ കാൽവരിയിലെ കുരിശുമരണം വരെ അവൻ നടന്നു നീങ്ങിയ എളിമയുടെയും, ദാരിദ്ര്യത്തിന്റെയും സ്വയാർപ്പണത്തിന്റെയും പാത പിന്തുടരാൻ കൂടിയാണ് പുൽക്കൂടുകൾ ഓർമ്മിപ്പിക്കുന്നത്.
സഹായം അഭ്യർത്ഥിക്കുന്നവരോട് കാരുണ്യം കാണിക്കാനും, ശബ്ദമില്ലാത്തവനു ശബ്ദവും കാഴ്ചയില്ലാത്തവന് കാഴ്ചയുമായി അവശ്യം വേണ്ടുന്ന സഹായം ചെയ്യാനും കഴിയുന്നില്ലെങ്കിൽ നമ്മുടെ പുൽക്കൂടിലും ഹൃദയത്തിലും ഉണ്ണി പിറക്കില്ലെന്ന് ഓർമ്മയുണ്ടാകട്ടെ.
(തൃശ്ശൂർ സെന്റ് തോമാസ് കോളേജ് അസി. പ്രൊഫസർ ആണ് ലേഖകൻ)