mammootty

മമ്മൂട്ടിയും ഹരിഹരനും വീണ്ടും ഒരുമിക്കുന്നു. 2026 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. കാവ്യ ഫിലിം കമ്പനിയു‌ടെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മാണം. വിജേഷും ദേവരാജനും ചേർന്നാണ് രചന. വേണു കുന്നപ്പിള്ളി നിർമ്മാണ രംഗത്തേക്ക് ചുവടുവച്ച മാമാങ്കം എന്ന ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു നായകൻ.

ഒരു വ‌ടക്കൻ വീരഗാഥ, ഒളിയമ്പുകൾ, പഴശിരാജ എന്നീ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടിയും ഹരിഹരനും ഒരുമിക്കുകയാണ്. എം.ടിയുടെ തിരക്കഥയിൽ പിറന്ന ചിത്രങ്ങളായിരുന്നു ഒരു വ‌ടക്കൻ വീരഗാഥയും പഴശിരാജയും . മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ - സംസ്ഥാന അവാർഡ് നേടികൊടുത്ത ചിത്രം കൂടിയായിരുന്നു ഒരു വടക്കൻ വീരഗാഥ.

കുഞ്ചാക്കോ ബോബൻ, ശാലിനി എന്നിവർ നായകനും നായികയുമായി ഹരിഹരൻ സംവിധാനം ചെയ്ത പ്രേംപൂജാരി എന്ന ചിത്രത്തിൽ ഗാനരംഗത്ത് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരുന്നു.

എം.ടിയുടെ തിരക്കഥയിൽ മമ്മൂട്ടി നായകനായി പയ്യമ്പള്ളി ചന്തു എന്ന ചിത്രം ഹരിഹരൻ പ്ളാൻ ചെയ്തെങ്കിലും നടന്നില്ല. ബിഗ് ബഡ്ജറ്റിലാണ് ഇക്കുറിയും മമ്മൂട്ടി ചിത്രം ഹരിഹരൻ ഒരുക്കുന്നത് . അതേസമയം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി - മോഹൻലാൽ ചിത്രത്തിന്റെ ഷാർജ ഷെഡ്യൂൾ പൂർത്തിയായി. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ വൈകാതെ ആരംഭിക്കും. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് ഒരുങ്ങുന്നത്.

പുതുവർഷത്തിൽ ഡൊമനിക് ആൻഡ് ദ ലേഡീസ് പഴ്സ്, ബസൂക്ക , നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ റിലീസുകൾ.