
കമ്പനികളുടെ ഇറക്കുമതി ചെലവ് കൂടുന്നു
കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 84.92 വരെ ഇടിഞ്ഞതോടെ ഇന്ത്യൻ ഉത്പാദന കമ്പനികൾ കടുത്ത സമ്മർദ്ദം നേരിടുന്നു. അസംസ്കൃത സാധനങ്ങളുടെ ഇറക്കുമതി ചെലവ് കൂടുന്നതും വിദേശ വായ്പകളിലെ പലിശ ഭാരമേറുന്നതുമാണ് കമ്പനികൾക്ക് തലവേദന സൃഷ്‌ടിക്കുന്നത്. ഇതോടെ പ്രവർത്തന ചെലവുകൾ കുറയ്ക്കാനും ഉത്പന്നങ്ങളുടെ വില കൂട്ടാനും കമ്പനികൾ നിർബന്ധിതരാകുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ രണ്ട് വർഷത്തിനിടെ 230 പൈസയുടെ കുറവാണുണ്ടായത്. ഇതോടെ ക്രൂഡോയിൽ, സ്റ്റീൽ, മറ്റ് ലോഹങ്ങൾ, ഇലക്ട്രോണിക്‌സ്, ഐ.ടി, കൺസ്യൂമർ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി ചെലവിൽ ഗണ്യമായ വർദ്ധനയാണുണ്ടായത്.
ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളിൽ 65 ശതമാനവും ക്രൂഡിൽ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് എത്തുന്നത്. മൊബൈൽ ഫോൺ വിപണിയാണ് വലിയ സമ്മർദ്ദം നേരിടുന്നത്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഒരു ശതമാനം ഇടിവ് മൊബൈൽ ഫോൺ കമ്പനികൾക്ക് 0.6 ശതമാനം അധിക ബാദ്ധ്യത സൃഷ്‌ടിക്കും. അതിനാൽ ഫോൺ വില ഉയർത്താതെ മാർഗമില്ലെന്നും കമ്പനികൾ പറയുന്നു.
വിദേശ വായ്പകൾക്ക് ചെലവേറും
വിദേശ വിപണികളിൽ നിന്ന് ഡോളർ നിരക്കിൽ വാങ്ങിയ വായ്പകൾക്ക് ചെലവേറാൻ രൂപയുടെ മൂല്യയിടിവ് കാരണമാകും. രൂപയുടെ മൂല്യം കുറയുന്നതോടെ വിദേശ വായ്പകളുടെ പലിശ ബാദ്ധ്യത കൂടും. വിദേശത്ത് നിന്ന് കമ്പനികൾക്ക് കടം ലഭിക്കാനും ബുദ്ധിമുട്ട് നേരിട്ടേക്കാം. രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗിനെയും പ്രതികൂലമായി ബാധിച്ചേക്കും.
വില കൂടിയേക്കും
ഇറക്കുമതിയെ ഏറെ ആശ്രയിക്കുന്ന ഇലക്ട്രോണിക്സ്, മെഷിനറി, ഫാർമ, പെട്രോളിയം, ഓട്ടോമൊബൈൽ, ഉൗർജ മേഖലകളിലെ കമ്പനികൾ ഉത്പന്നങ്ങളുടെ വില ഉയർത്താൻ നിർബന്ധിതരായേക്കും.
ഐ.ടി മേഖലയ്ക്ക് അനുഗ്രഹം
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച ഐ.ടി ഉൾപ്പെടെയുള്ള കയറ്റുമതി മേഖലകൾക്ക് നേട്ടമാകുന്നു. സേവന കയറ്റുമതിയിൽ മികച്ച വരുമാനവും ലാഭവും നേടാൻ പുതിയ സാഹചര്യം സഹായിക്കുന്നു. പ്രവാസി ഇന്ത്യയ്ക്കാർക്ക് നാട്ടിലേക്ക് അധിക പണമയക്കാനും ഇതോടെ അവസരമൊരുങ്ങി.
ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ്
വർഷം ഒരു ഡോളറിന് ലഭിക്കുന്ന രൂപ
1947 3.3 രൂപ
1966 7.5 രൂപ
1975 8.39 രൂപ
1980 6.61 രൂപ
1990 17.01 രൂപ
2000 44.31 രൂപ
2010 46.02 രൂപ
2014 60.96 രൂപ
2020 74.31 രൂപ
2022 81.62 രൂപ
2024 84.92 രൂപ