
വാഷിംഗ്ടൺ: യു.എസിലെ സ്കൂളിൽ വിദ്യാർത്ഥിനിയുടെ വെടിവയ്‌പിൽ അദ്ധ്യാപിക ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. രണ്ട് പേരുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയ വിദ്യാർത്ഥിനിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. വിസ്കോൺസിനിലെ മാഡിസണിലുള്ള അബൻഡന്റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളിൽ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെയാണ് സംഭവം. പഠന ഹാളിൽ വച്ച് 15കാരി അദ്ധ്യാപകർക്കും സഹപാഠികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണ കാരണം വ്യക്തമല്ല.
വെടിയേറ്റ മറ്റൊരു അദ്ധ്യാപികയും മൂന്ന് കുട്ടികളും ചികിത്സയിലാണ്.
നാനൂറോളം വിദ്യാർത്ഥികളാണ് സ്കൂളിലുള്ളത്. ആക്രമണശേഷം വിദ്യാർത്ഥിനി രക്ഷപ്പെടുകയും പിന്നീട് സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയും ചെയ്തെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയ്ക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചെന്ന് വ്യക്തമല്ല. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പെൺകുട്ടിയുടെ കുടുംബം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. വിദ്യാർത്ഥിനിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കാനിരിക്കെയാണ് യു.എസിനെ ഞെട്ടിച്ച് വീണ്ടും ആക്രമണം നടന്നത്.