sreshta

തിരുവനന്തപുരം വട്ടിയൂർക്കാവിലെ പ്രമുഖ സംഗീത നൃത്ത കലാ കേന്ദ്രം ശ്രേഷ്ഠ പെർഫോമിങ് ആർട്സിന്റെ ആറാം വാർഷികാഘോഷ പരിപാടികൾ സമാപിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന പരിപാടി, വട്ടിയൂർക്കാവ് എം. എൽ. എ. വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾ കുട്ടികളിൽ മത്സര ചിന്ത വളർത്താതെ കലയെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിലെ കലാവാസന സ്വതവേ വളരുന്നതിലൂടെ വേദികൾ അവരെ തേടിയെത്തുമെന്നും അതിനാൽ മാതാപിതാക്കൾക്ക് ആശങ്ക വേണ്ടെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേർത്തു.

പരിപാടിയിൽ റിഗാറ്റ നാട്യ സംഗീത കേന്ദ്രം ഡയറക്ടർ ഗിരിജാചന്ദ്രൻ, ദേശീയ പുരസ്കാര ജേതാക്കളും സമുദ്രാ പെർഫോമിങ് ആർട്സിന്റെ ഡയറക്ടർമാരുമായ മധു ഗോപിനാഥ്, വക്കം സജീവ് തുടങ്ങിയവർ മുഖ്യാതിഥികളായി. രണ്ടുദിവസത്തെ വാർഷികാഘോഷത്തിൽ രാഷ്ട്രീയ കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ശ്രേഷ്ഠ പെർഫോമിങ് ആർട്സിന്റെ സ്ഥാപകരായ ശ്രീ ലതിൻ രാജ് പി എൽ, നർത്തകിയും ഭാര്യയുമായ ശ്രീമതി നിജ ലതിൻ എന്നിവർക്കൊപ്പം മിഥുൻ കെ എം ( എം എ മ്യൂസിക്, സ്വാതി തിരുനാൾ സംഗീത കോളേജ്), മിഥുൻ പി വി (എസ് കെ എ കോച്ച് & ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻ), അരുൺ സുരേഷ്, ഗോപി, നിമ ( പ്രോഗ്രാം കോർഡിനേഷൻ മെമ്പേഴ്സ്) തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

രണ്ട് ദിവസത്തെ വാർഷികാഘോഷത്തിൽ വിവിധ കളരി- സംഗീത- നൃത്ത കലാപരിപാടികൾ നടന്നു. പരിപാടിയുടെ രണ്ടാം ദിവസമായ ഞായറാഴ്ച വൈകുന്നേരം ദക്ഷ മേനോൻ, അഹാന ഭൻവാലെ, കൃഷ്ണ എ ജി, ലീർത്തിക കൃഷ്ണ ഇ, വിസ്മയ എ , പി ധ്രുവിക എന്നിവർ ചിലങ്ക പൂജ ചെയ്തു. സമുദ്രാ പെർഫോമിങ് ആർട്സിന്റെ കൺടംപററി ഡാൻസ് പെർഫോമറായിരുന്ന ശ്രീ ലതിൻ 2018 ലാണ് ശ്രേഷ്ഠ പെർഫോമിങ് ആർട്സ് എന്ന സംഗീത നൃത്ത കലാ കേന്ദ്രത്തിന് തുടക്കമിട്ടത്. സംഗീതം, നൃത്തം, കളരി, യോഗ, ഫിറ്റ്നസ് എന്നിവയിൽ അനുഭവ സമ്പത്തുള്ള അധ്യാപകരുടെ ശിക്ഷണത്തിൽ 200 ഓളം കുട്ടികളാണ് ശ്രേഷ്ഠയിൽ പരിശീലിക്കുന്നത്.