k

മോസ്കോ: മോസ്കോയിൽ ഇന്നലെയുണ്ടായ ബോംബ് സ്ഫോടനത്തിൽ ആണവായുധ - രാസായുധ വിഭാഗം മേധാവി ലഫ്റ്റനന്റ് ഇഗോർ കിറിലോവ് (57) കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇഗോറിന്റെ സഹായി റിസാൻസ്‌കി പ്രോസ്‌പെക്ടും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം യുക്രെയിൻ സുരക്ഷാ വിഭാഗം ഏറ്റെടുത്തു. പ്രത്യേക ദൗത്യത്തിലൂടെ യുക്രെയിൻ സെക്യൂരിറ്റി സർവീസാണ് (എസ്.ബി.യു) ഇഗോറിനെ വധിച്ചതെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. യുക്രെയിനിൽ രാസായുധം പ്രയോഗിച്ചതിനുള്ള തിരിച്ചടിയെന്നാണ് യുക്രെയിൻ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച യുക്രെയിൻ കോടതി ഇഗോറിനെതിരെ രാസായുധങ്ങൾ പ്രയോഗിച്ചതിന് കുറ്റം ചുമത്തിയിരുന്നു. റഷ്യയിൽ ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് കിറിലോവ്. 13ന് ക്രൂസ് മിസൈൽ രൂപകല്പനയിൽ വിദഗ്ദ്ധനായ റഷ്യൻ ഗവേഷകൻ മിഖായിൽ ഷാറ്റ്‌സ്കി വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതിന് പിന്നിലും യുക്രെയിൻ ഇന്റലിജൻസ് സർവീസായിരുന്നു.

അതേസമയം,ക്രെംലിനിൽ നിന്ന് ഏഴു കിലോമീറ്റർ അകലെയുള്ള റിയാസൻസ്‌കി പ്രോസ്‌പെക്റ്റിലെ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന് പുറത്തായിരുന്നു സ്‌ഫോടനം. പൊട്ടിത്തെറിയിൽ കെട്ടിടത്തിന്റെ മുൻവശത്തിന് കേടുപാടുകൾ പറ്റി. സ്ട്രീറ്റിലുള്ള നിരവധി കെട്ടിടങ്ങളുടെ ജനാലകളും തകർന്നു. സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് റഷ്യൻ അന്വേഷണ വിഭാ​ഗം അറിയിച്ചു. 300 ​ഗ്രാമോളം വരുന്ന ട്രെനൈട്രോ ടൊളുവീനാണ് പൊട്ടിത്തെറിച്ചത്. ബോംബ് സ്ക്വാഡും സ്നിഫർ നായകളും പരിസര പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെന്നും മറ്റ് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും അധികൃതർ അറിയിച്ചു.

ഇഗോറിന്റെ കൊലപാതകത്തിൽ യുക്രെയിന് കനത്ത തിരിച്ചടി നൽകുമെന്ന് റഷ്യൻ സുരക്ഷ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്വദേവ് മുന്നറിയിപ്പ് നൽകി. മാതൃരാജ്യത്തിനു വേണ്ടി ഭയമില്ലാതെ ജോലി ചെയ്തയാളാണ് ഇഗോറെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാഖറോവ പ്രതികരിച്ചു.

നിരോധിത രാസായുധം

പ്രയോഗിച്ചു


യുക്രെയിനെതിരെ നിരോധിക്കപ്പെട്ട രാസായുധങ്ങൾ പ്രയോഗിച്ചു എന്ന കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഇഗോ‌ർ കൊല്ലപ്പെടുന്നത്. തിങ്കളാഴ്ചയാണ് യുക്രെയിൻ കോടതി ഇഗോറിനെതിരെ കുറ്റം ചുമത്തിയത്. ഇഗോറിന്റെ ഉത്തരവനുസരിച്ച് 4,800ലധികം നിരോധിച്ച രാസായുധങ്ങൾ 2022 ഫെബ്രുവരിയിൽ റഷ്യ പ്രയോഗിച്ചെന്നാണ് യുക്രെയിനിന്റെ ആരോപണം. 1993ൽ നിരോധിച്ച രാസായുധങ്ങൾ ഇഗോറിന് ഉപയോഗിക്കാൻ ബ്രിട്ടൻ അനുമതി നൽകിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ കഴിഞ്ഞ ദിവസം റഷ്യ നിഷേധിക്കുകയും ചെയ്തു.

ഇഗോൾ കിറിലോവ്

 2014നും 2017നും ഇടയിൽ മിലിട്ടറി അക്കാഡമി ഒഫ് റേഡിയേഷൻ, കെമിക്കൽ, ബയോളജിക്കൽ, ഡിഫൻസ് ട്രൂപ്പുകളുടെ മേധാവിയായി ഏഴ് വർഷം പ്രവർത്തിച്ചു.

 ഇഗോറിന്റെ ഔദ്യോഗിക ഏജൻസിയെ RKhBZ എന്നാണ് അറിയപ്പെടുന്നത്.

 2017 ഏപ്രിലിലാണ് ആണവ സംരക്ഷണ സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തു.

 യുക്രെയിനിൽ 4,800ലധികം നിരോധിച്ച രാസായുധങ്ങൾ യുദ്ധത്തിനിടെ ഉപയോഗിച്ചതിന് യുക്രെയിൻ കോടതി തിങ്കളാഴ്ച കുറ്റം ചുമത്തിയിരുന്നു.