d

റായ്പുർ: കുട്ടികളുണ്ടാകാൻ മന്ത്രവാദിയുടെ നിർദ്ദേശ പ്രകാരം ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഢ് അംബികാപുരി സ്വദേശി ആനന്ദ് കുമാർ യാദവിനാണ് (35) ദുരനുഭവം. വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ആനന്ദും ഭാര്യയും നിരവധി ചികിത്സകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ മന്ത്രവാദം നടത്താൻ തീരുമാനിക്കുകയായിരുന്നു. കറുത്ത കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയാൽ കുട്ടികളുണ്ടാകുമെന്ന് മന്ത്രവാദി നിർദ്ദേശിച്ചു. ഇതനുസരിച്ച് കോഴിക്കുഞ്ഞിനെ വിഴുങ്ങിയ ആനന്ദ് അല്പസമയം കഴിഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആനന്ദിന്റെ തൊണ്ടയിൽ കുടുങ്ങിയ കോഴിക്കുഞ്ഞിനെ പോസ്റ്റ് മോർട്ടത്തിൽ പുറത്തെടുത്തതായി ഡോക്ടർമാർ പറഞ്ഞു. ശ്വാസം മുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മന്ത്രവാദിയുടെ വാക്കു വിശ്വസിച്ചാണ് ആനന്ദ് കോഴിയെ വിഴുങ്ങിയതെന്ന് ഗ്രാമീണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുളി കഴിഞ്ഞയുടനെ ആനന്ദ് കുഴഞ്ഞു വീണെന്നും ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചെന്നുമാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്.

കോഴിക്കുഞ്ഞ് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ശ്വാസംകിട്ടാതെയായിരുന്നു ആനന്ദിന്റെ മരണമെന്ന് ഡോക്ടർമാർ പറഞ്ഞു. കോഴിക്കുഞ്ഞ് ശ്വാസനാളത്തിനും അന്നനാളത്തിനുമിടയിൽ കുടുങ്ങി. ആനന്ദ് നിരന്തരം മന്ത്രവാദികളെ കണ്ടിരുന്നതായി പ്രദേശവാസികളും കുടുംബവും പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.