
ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ
ഇന്ത്യയെ രക്ഷിച്ചത് ഇടയ്ക്കിടെ പെയ്ത മഴയും കെ.എൽ രാഹുൽ (84), രവീന്ദ്ര ജഡേജ (77),ആകാശ്ദീപ് (27*) എന്നിവരുടെ പോരാട്ടം
ഓസീസ് 445, ഇന്ത്യ 252/9, കളി തീരാൻ ഒരു ദിനം ശേഷിക്കേ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 193 റൺസ് പിന്നിൽ
ബ്രിസ്ബേൻ : കളി മുടക്കാൻ ഇടയ്ക്കിടെ മഴയെത്തുമ്പോൾ നിരാശപ്പെടുന്നതിന് പകരം ഇന്ത്യൻ ടീമും ആരാധകരും സന്തോഷിക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ ബ്രിസ്ബേനിൽ. ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ ഫോളോ ഓണിൽ നിന്ന് മാത്രമല്ല ഏറെക്കുറെ തോൽവിയിൽ നിന്നും രക്ഷിച്ചത് രണ്ടുദിവസമായി ഇടയ്ക്കിടെയെത്തുന്ന മഴയും ബാറ്റർമാരായ കെ.എൽ രാഹുൽ,രവീന്ദ്ര ജഡേജ,ആകാശ് ദീപ് എന്നിവരുടെ പോരാട്ടവുമാണ്.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445നെതിരെ മറുപടിക്കിറങ്ങിയ ഇന്ത്യ നാലാം ദിവസമായ ഇന്നലെ കളിനിറുത്തുമ്പോൾ 252/9 എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോഴും 193 റൺസ് പിന്നിലാണെങ്കിലും കളിതീരാൻ ഒരു ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതിനാൽ തോൽവി ഒഴിവാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞേക്കും. ഇന്നലെ 51/4 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ എത്തിയ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റുകൾ കൂടി നഷ്ടമായി. മഴ കാരണം 57.5 ഓവർ മാത്രമേ ഇന്നലെ കളി നടന്നുളളൂ എന്നതാണ് ആൾഔട്ടാകുന്നതിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. വെളിച്ചക്കുറവ് മൂലം നേരത്തേ നിറുത്തുകയും ചെയ്തു. നായകൻ രോഹിത് ശർമ്മയും (10),വിരാടും (3),റിഷഭ് പന്തും (9) ശുഭ്മാൻ ഗില്ലും (1) യശസ്വി ജയ്സ്വാളു (4) മൊക്കെ നിരാശപ്പെടുത്തിയപ്പോൾ കെ.എൽ രാഹുൽ (84),രവീന്ദ്ര ജഡേജ (77), ആകാശ്ദീപ് (27 നോട്ടൗട്ട്), നിതീഷ് കുമാർ റെഡ്ഡി (16) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പും ഫോളോഓൺ ഒഴിവാക്കാൻ തുണയായി.
രോഹിതും രാഹുലും ചേർന്നാണ് ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയത്. മൂന്നാം ദിവസം റൺസൊന്നും എടുക്കാതിരുന്ന രോഹിത് ഇന്നലെ 10 റൺസിലെത്തിയപ്പോൾ ഓസീസ് നായകൻ കമ്മിൻസിന്റെ പന്തിൽ കീപ്പർ കാരേയ്ക്ക് ക്യാച്ച് നൽകി മടങ്ങി. തുടർന്നിറങ്ങിയ ജഡേജ രാഹുലിനൊപ്പം പിടിച്ചുനിന്നതോടെ ഇന്ത്യ കരയറാൻ തുടങ്ങി. ഇടയ്ക്ക് പെയ്ത് മഴയും സഹായിച്ചു. എന്നാൽ ടീം സ്കോർ 141ൽ വച്ച് നഥാൻ ലയണിന്റെ പന്തിൽ സ്ളിപ്പിൽ തകർപ്പനൊരു ഒറ്റക്കയ്യൻ ക്യാച്ചിലൂടെ സ്റ്റീവൻ സ്മിത്ത് രാഹുലിനെ മടക്കി അയച്ചു. 139 പന്തുകളിൽ എട്ടുബൗണ്ടറികളടക്കം 84 റൺസ് നേടിയ രാഹുൽ ജഡേജയ്ക്കൊപ്പം 67 റൺസാണ് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. തുടർന്നിറങ്ങിയ നിതീഷിനൊപ്പം ജഡേജ ലഞ്ചിന് പിരിയുമ്പോൾ 167/6ലെത്തിച്ചു.
ലഞ്ചിന് ശേഷം 194ലെത്തിയപ്പോഴാണ് നിതീഷിനെ കമ്മിൻസ് പുറത്താക്കിയത്. 201/7 എന്ന നിലയിൽ മഴ വീണപ്പോൾ ചായ നേരത്തേയാക്കി. ചായകഴിഞ്ഞ് വന്ന് ആദ്യ ഓവറിൽ സിറാജ് (1) സ്റ്റാർക്കിന് ഇരയാവുകയും ചെയ്തു. 213ലെത്തിയപ്പോൾ ജഡേജയും മടങ്ങി. 123 പന്തുകളിൽ ഏഴുഫോറും ഒരു സിക്സുമടക്കം 77 റൺസ് നേടിയ ജഡേജയെ കമ്മിൻസിന്റെ പന്തിൽ മാർഷാണ് പിടികൂടിയത്. ഇതോടെ ഫോളോഓൺ ചെയ്യിക്കാമെന്ന പ്രതീക്ഷയിൽ പന്തെറിഞ്ഞ കംഗാരുക്കളെ ആകാശ് ദീപും(27 നോട്ടൗട്ട്) ബുംറയും(10നോട്ടൗട്ട് ) ചേർന്ന് തടുത്തു. 31 പന്തുകൾ നേരിട്ട് രണ്ട് ഫോറും ഒരു സിക്സുമടിച്ച ആകാശ്ദീപും ബുംറയും ചേർന്ന് 245 കടത്തിയതോടെ ഫോളോഓൺ ഭീഷണി ഒഴിഞ്ഞു. 252ലെത്തിയപ്പോൾ കളിനിറുത്തി.