kseb

(കഴിഞ്ഞ ലക്കത്തിൽ നിന്ന് തുടർച്ച)​

സംസ്ഥാന ധന സെക്രട്ടറി ആർ.കെ. സിംഗ് അദ്ധ്യക്ഷനും ഊർജ്ജ സെക്രട്ടറിയും ഞാനും അടങ്ങുന്ന സമിതി 2021-22 ൽ കരാർ തുടർനടപടി വിശദമായി പരിശോധിക്കുകയും, അംഗീകരിക്കപ്പെടാൻ ഒരു സാദ്ധ്യതയുമില്ലാത്ത ഈ കരാറുകൾ റദ്ദാക്കി, സുതാര്യമായ ടെൻഡർ വഴി ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കുകൾ ലഭ്യമാക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ 2022 ജൂണിൽ, ഈ കരാറുകളാണ് നിലനിറുത്തേണ്ടതെന്നും ഇവ റദ്ദായാൽ വൈദ്യുതി ചാർജ്ജ് ഉയരുമെന്നും കാണിച്ച് മുൻ ഊർജ്ജ സെക്രട്ടറിയെന്ന നിലയിൽ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ച മുൻ ചീഫ് സെക്രട്ടറി, ഒരു സ്വകാര്യ വ്യക്തിയെന്ന നിലയിൽ അന്നത്തെ വൈദ്യുതി മന്ത്രിയെ രേഖാമൂലം സമീപിച്ചു!


റഗുലേറ്ററി കമ്മിഷൻ കണ്ട ന്യൂനതകൾ നിസ്സാരമാണെന്നും അവ മാറ്റിവച്ചാൽ പ്രസ്തുത കരാറുകൾ ബോർഡിന് ലാഭകരമാണെന്നും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ വാദം. വിരമിച്ച ചീഫ് സെക്രട്ടറിയുടെ വാദങ്ങൾ സാങ്കേതികമായും നിയമപരമായും ദുർബലമായിരുന്നു. 2016 മുതൽ 22 വരെ കെ.എസ്.ഇ.ബി സർക്കാരിനു മുന്നിൽ ആവർത്തിച്ച തെറ്റുകുറ്റങ്ങൾ മാപ്പാക്കി, 108-ാം വകുപ്പ് ഉപയോഗിച്ച് കരാർ സാധുവാക്കാൻ കമ്മിഷന് നിർദ്ദേശം നൽകണമെന്നായിരുന്നു ബദൽ നിർദ്ദേശം. കൗതുകമെന്നു പറയട്ടെ, ഞാൻ 2022 ജൂലൈയിൽ ബോർഡ് വിട്ടതിനുശേഷം കെ.എസ്.ഇ.ബിയിലും ഈ വാദഗതി വീണ്ടും ശക്തമായി. ഇതിന്റെ ഫലമായാണ് പൊതു താത്പര്യം മുൻനിറുത്തി, വൈകല്യങ്ങളുണ്ടെങ്കിലും നിരക്കിലെ കുറവ് കണക്കാക്കി ആ കരാറുകൾ തന്നെ സാധൂകരിച്ച് ഉത്തരവാകുന്നത്.

റിവ്യൂ ഹർജിയിൽ

അന്യായ അനുമതി

2023 ഒക്ടോബർ 10-ലെ ഈ സർക്കാർ കത്തനുസരിച്ച് റഗുലേറ്ററി കമ്മിഷൻ തങ്ങളുടെ മുൻ നിലപാട് തിരുത്തി, നേരത്തെ റദ്ദു ചെയ്യാൻ നിശ്ചയിച്ച കരാറുകൾക്ക് ബോർഡിന്റെ റിവ്യു ഹർജിയിൽ അനുമതി നൽകി. എന്നാൽ എൻ.ടി.പി.സിക്ക് പങ്കാളിത്തം കൈവന്നിരുന്ന ജബുവ പവർ കമ്പനിയും ജിൻഡലും ഈ ഉത്തരവിനെതിരേ അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു. വൈദ്യുതി ബോർഡ് താരിഫ് സ്വീകരിച്ചത് നീതിപൂർവകമായല്ലെന്നും പൊതു താത്പര്യത്തിന് എതിരാണെന്നും നിരീക്ഷിച്ച് അനുമതി നിരസിക്കുകയാണ് ട്രൈബ്യൂണൽ ചെയ്തത്. തുടർന്ന്,​ റഗുലേറ്ററി കമ്മിഷൻ ബന്ധപ്പെട്ട കമ്പനികളോട് വൈദ്യുതി തുടർന്നും നൽകാൻ ആവശ്യപ്പെട്ടു. ഇലക്ട്രിസിറ്റി ആക്ട് പ്രകാരം ഭാരത സർക്കാരിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച്,​ ന്യായമായ ഒരു താരിഫ് സ്വീകരിക്കാനേ റഗുലേറ്ററി കമ്മിഷന് അനുമതിയുള്ളൂ. 10.05.2023-ലെ ഉത്തരവ് പിശകാണെന്നു കാണാതെയുള്ള കമ്മിഷന്റെ റിവ്യു പെറ്റിഷൻ ഉത്തരവ് ഒട്ടും നിലനിൽക്കുന്നതല്ല.

നേരത്തേ,​ കരാർ സാധൂകരിക്കണമെന്ന് കെ.എസ്.ഇ.ബിക്കൊപ്പം വാദിച്ച ജബുവയും ജിൻഡലും എന്തുകൊണ്ട് ഇപ്പോൾ ഗടഋഞഇ ഉത്തരവിനെതിരെ നീങ്ങിയെന്നതിന് ഉത്തരം,​ കരാർ നിരക്കുകളേക്കാൾ മികച്ച ഓഫർ വൈദ്യുതി കമ്മി സംസ്ഥാനങ്ങളിൽ നിന്ന് അവർക്ക് പിന്നീട് ലഭിച്ചു എന്നതാണ്. ഗടഋഞഇ ഉത്തരവ് അപ്പലേറ്റ് ട്രൈബ്യൂണലിൽ റദ്ദു ചെയ്യപ്പെടുകയും കെ.എസ്.ഇ.ബി 'തകരാർ കരാർ" റദ്ദ് ചെയ്ത ആദ്യ റഗുലേറ്ററി കമ്മിഷൻ ഉത്തരവ് പുന: സ്ഥാപിക്കപ്പെടുകയും ചെയ്തു. റദ്ദാക്കപ്പെട്ട കരാറുകൾ പുന:സ്ഥാപിക്കുവാൻ ബോർഡ് സുപ്രീം കോടതിയിലെത്തിയെങ്കിലും,​ ആ ആവശ്യം കാര്യകാരണം നിരത്തി കോടതി നിരസിച്ചു. ഈ 12 പേജ് വിധിയെങ്കിലും വായിച്ചിട്ട് പൊതുപ്രവർത്തകർ കരാറുകളെപ്പറ്റി അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്.
സുപ്രീം കോടതി വിധിയിലെ പ്രധാന വാദം ഇങ്ങനെ സംഗ്രഹിക്കാം:


'സിവിൽ നടപടി നിയമം അനുസരിച്ച് മതിയായ കാരണങ്ങൾ കാട്ടിയല്ല റഗുലേറ്ററി കമ്മിഷൻ തങ്ങളുടെ ഉത്തരവ് പുന:പരിശോധിച്ചത്. അത് 108-ാം വകുപ്പനുസരിച്ചുള്ള സർക്കാർ തീരുമാനത്തെ മാത്രം ആശ്രയിച്ചുള്ളതാണ്. ഇപ്രകാരം പ്രവർത്തിക്കുക വഴി കമ്മിഷൻ നിക്ഷിപ്തമായ പുന:പരിശോധനാ അധികാരം പരാജയപ്പെടുത്തി. സർക്കാർ ഉത്തരവ് റഗുലേറ്ററി കമ്മിഷനെ ഒരു പ്രത്യേക രീതിയിൽ പുന:പരിശോധനയ്ക്കുള്ള അധികാരം വിനിയോഗിക്കാൻ നിർദ്ദേശിക്കുന്നു. ഇലക്ട്രിസിറ്റി ആക്ടും സിവിൽ നടപടി കോഡും ഉപയോഗിച്ച് സ്വതന്ത്രമായി കമ്മിഷൻ വിനിയോഗിക്കേണ്ട ഒരു അധികാരമായിരുന്നു അത്."

എല്ലാവർക്കും

ഉള്ള മറുപടി

സർക്കാരിന് ഇലക്ട്രിസിറ്റി ആക്ട് വകുപ്പ് 108 ഉപയോഗിച്ച് കമ്മിഷന്റെ ഉത്തരവ് മറികടക്കാമെന്ന് ആദ്യന്തം ശക്തിയുക്തം വാദിച്ച എന്റെ സ്‌നേഹിതന്മാർക്കും,​ 2023-ലെ സർക്കാർ തീരുമാനത്തിന് അനുകൂലമായി ഫയൽ സമർപ്പിച്ച മറ്റ് ഉദ്യോഗസ്ഥർക്കും ഇതേപ്പറ്റി എന്താണ് പറയാനുള്ളത്? നിർഭാഗ്യവശാൽ അവർക്ക് വകുപ്പ് 108-ന്റെ വലിയ പരിമിതിയെക്കുറിച്ചോ,​ ഇലക്ട്രിസിറ്റി ആക്ടിലെ 86, 62, 63 വകുപ്പുകളെപ്പറ്റിയോ വേണ്ടത്ര വ്യക്തതയില്ലാതെ പോയി. ഇത് സുപ്രീം കോടതി നേരത്തേ അന്തിമമായി നിശ്ചയിച്ച ഒരു വിഷയമാണ് എന്നു കാണേണ്ടതായിരുന്നു. 2016-ൽ ടി. എം. മനോഹരൻ ചെയർമാനായുള്ള കമ്മിഷൻ ക്രമക്കേട് ചൂണ്ടിക്കാട്ടിയ ഉടൻ അവ റദ്ദാക്കി,​ പ്രസ്തുത അളവിനുള്ള വൈദ്യുതിക്ക് റീ ടെൻഡർ ചെയ്യുകയായിരുന്നു വേണ്ടത്.


എന്നാൽ,​ അന്നത്തെ ബോർഡ് ചെയർമാനും ഊർജ്ജ സെക്രട്ടറിയും 'തകരാർ കരാറുകൾ"ക്കായി ബാറ്റിംഗ് ആരംഭിച്ചു. അന്നത്തെ പ്ലാനിംഗ് ബോർഡിനെക്കൊണ്ടുപോലും സംസ്ഥാന താത്പര്യമനുസരിച്ചാണ് ഇവയെന്ന് റിപ്പോർട്ട് എഴുതി വാങ്ങി. പക്ഷേ,​ കരാറിലെ തകരാർ സാധൂകരിച്ച് തീരുമാനിക്കാൻ പിന്നീട് അവർക്കായില്ല. ഇന്ത്യാ സർക്കാരിന്റെ ഊർജ്ജ മന്ത്രാലയവും ക്രമക്കേടുകൾ മാപ്പാക്കിയില്ല. സുപ്രീം കോടതി വിധി അവർക്കെല്ലാമുള്ള കൃത്യമായ മറുപടിയും ഉപദേശവുമാണ്. ഇവരുടെ തെറ്റായ ഉപദേശങ്ങൾ അനുസരിച്ച റഗുലേറ്ററി കമ്മിഷന്റെയും നടപടികൾ പിശകിയെന്ന് സുപ്രീം കോടതി വിധിച്ചു.