
ബ്രിസ്‌ബേന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരങ്ങള്‍ പലപ്പോഴും കളിക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഒതുങ്ങാറില്ല. അതിന് പല ഉദാഹരണങ്ങള്‍ ഉണ്ട്, അത്തരത്തിലൊരു സംഭവമാണ് ഗാബ ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ നടന്നത്. ഇന്ത്യന്‍ താരങ്ങളെ മാനസികമായി തളര്‍ത്തുന്ന ചോദ്യങ്ങള്‍ ചോദിക്കുകയെന്നത് ഓസീസ് മാദ്ധ്യമങ്ങളുടേയും മുന്‍ താരങ്ങളുടേയും പതിവാണ്.
മൂന്നാം ദിനം കളിക്ക് ശേഷം പോസ്റ്റ് മാച്ച് പ്രസ് മീറ്റിന് എത്തിയത് ഇന്ത്യന്‍ പേസറും ഉപനായകനുമായ ജസ്പ്രീത് ബുംറയാണ്. അഡെലെയ്ഡ്, ഗാബ എന്നീ ടെസ്റ്റുകളിലെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ മോശം പ്രകടനത്തെക്കുറിച്ചായിരുന്നു ചോദ്യം. പക്ഷേ ജസ്പ്രീത് ബുംറയോട് ചോദ്യം ചോദിക്കുന്നതിനിടെ മുനവെച്ചുള്ള ചില പരാമര്‍ശങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. ടീമിന്റെ ബാറ്റിംഗ് പ്രകടനത്തില്‍ അഭിപ്രായം പറയാന്‍ ബുംറ അനുയോജ്യനായ വ്യക്തിയല്ലെന്ന് ആദ്യം തന്നെ ആരോപിച്ചുകൊണ്ടുള്ള ചോദ്യമാണ് ബുംറയെ ചൊടിപ്പിച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റുകൊണ്ടുള്ള തന്റെ ലോക റെക്കോര്‍ഡിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ബുംറ തന്നെ ചൊറിയാന്‍ വന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ചത്. ഒന്നാം ഇന്നിംഗ്സില്‍ ടീമിന്റെ ബാറ്റിംഗിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ എന്താണ്? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ നിങ്ങള്‍ ആളല്ല. എന്നാലും ഗാബയിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ടീമിന്റെ അവസ്ഥയെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?' ഇതായിരുന്നു ചോദ്യം.
ഇതിന് ബുംറ നല്‍കിയ മറുപടി ഇങ്ങനെ: 'ഇതൊരു രസകരമായ ചോദ്യമാണ്. പക്ഷേ നിങ്ങള്‍ എന്റെ ബാറ്റിംഗ് കഴിവിനെ ചോദ്യം ചെയ്യുകയാണ് ചെയ്യുന്നത്. നിങ്ങള്‍ ഗൂഗിള്‍ ഉപയോഗിച്ച് ഒരു ടെസ്റ്റ് ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ആരെന്ന് നോക്കണം. അങ്ങനെ ചില കഥകളുമുണ്ട്'.