
തിരുവനന്തപുരം: ആലപ്പുഴ കളര്‍കോട് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത് ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. പത്തനംതിട്ട കലഞ്ഞൂരിന് സമീപം മുറിഞ്ഞകല്ലില്‍ ഉണ്ടായ അപകടത്തില്‍ നവദമ്പതിമാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാല് പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിലെ നിരത്തുകളില്‍ ചെറുതും വലുതുമായ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് വിലപ്പെട്ട നിരവധി മനുഷ്യജീവനുകളാണ്. ഇതിന് പിന്നാലെ ഇപ്പോഴിതാ കര്‍ശന നടപടികളിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍.
വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം. മോട്ടോര്‍ വാഹന വകുപ്പ്, റോഡ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരുടെ സംയുക്ത പരിശോധന രാത്രി കാലങ്ങളിലും തുടരും. സംസ്ഥാനത്ത് അപകട മേഖലയായി കണ്ടെത്തിയ സ്ഥലങ്ങളില്‍ പ്രത്യേക പരിശോധനയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗങ്ങള്‍ ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം.
വേഗപരിധി ലംഘിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, ശ്രദ്ധയില്ലാതെ വാഹനമോടിക്കല്‍, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതിരിക്കുക, അമിത ഭാരം കയറ്റി സര്‍വീസ് നടത്തുക എന്നിവയ്ക്കെതിരെ നടപടി ഉണ്ടാകും. ഇതിനൊപ്പം ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണവും നല്‍കും. റോഡ് നിയമങ്ങളുടെ ലംഘനം നടത്തി പിടികൂടിയാല്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ക്യാമറകള്‍ കണ്ണടച്ച അവസ്ഥയിലായത് കൂടി കണക്കിലെടുത്താണ് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങിയിരിക്കുന്നത്. ട്രാഫിക്ക് നിരീക്ഷണത്തിന് 2012ല്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളില്‍ മുക്കാലും പ്രവര്‍ത്തന രഹിതമാണെന്നാണ് റിപ്പോര്‍ട്ട്. അമിതവേഗം തടയുന്നതിന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും സ്ഥാപിച്ച 400ല്‍ 300 എണ്ണവും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. അതേസമയം, അടുത്തിടെ സ്ഥാപിച്ച 675 എ.ഐ ക്യാമറകള്‍ വഴി നിരീക്ഷണം ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നുമാണ് ഗതാഗത വകുപ്പ് അറിയിച്ചിട്ടുള്ളത്.