
കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വലിയ തോതിൽ പലിശ കുറയ്ക്കാനിടയില്ലെന്ന ആശങ്കകൾ ഇന്ത്യൻ ഓഹരി വിപണിക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചു. വാഹന, ഐ.ടി, ബാങ്കിംഗ് മേഖലകളിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. സെൻസെക്സ് 1,064.12 പോയിന്റ് ഇടിഞ്ഞ് 80,684.45ൽ എത്തി. നിഫ്റ്റി 332.25 പോയിന്റ് നഷ്ടവുമായി 24,336ൽ അവസാനിച്ചു. സിപ്ളയും ഐ.ടി.സിയും ഒഴികെ മുഖ്യ ഓഹരി സൂചികകളിലെ കമ്പനികളെല്ലാം നഷ്ടം നേരിട്ടു.
ഇന്ത്യയുടെ വ്യാപാര കമ്മി റെക്കാഡ് ഉയരത്തിലെത്തിയതും അമേരിക്കയിൽ പലിശ ഇളവിന്റെ തോത് കുറയുമെന്ന സംശയത്തിൽ വിദേശ നിക്ഷേപകർ മടങ്ങിപ്പോയതും വിപണിക്ക് തിരിച്ചടി സൃഷ്ടിച്ചു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു.
അമേരിക്കയിൽ പലിശ കുറയുമോയെന്ന് ഇന്നറിയാം
അമേരിക്കൻ ഫെഡറൽ റിസർവിന്റെ ധന അവലോകന യോഗത്തിന് ശേഷം ഇന്ന് മുഖ്യ പലിശ നിരക്കിൽ അര ശതമാനം കുറവ് വരുത്തിയേക്കും. എന്നാൽ നാണയപ്പെരുപ്പ ഭീഷണിയും സാമ്പത്തിക മേഖലയിലെ ഉണർവും കണക്കിലെടുത്ത് അടുത്ത വർഷം നിരക്ക് ഇളവ് വൈകിപ്പിച്ചേക്കും.