
ന്യൂഡൽഹി: ലൗ ജിഹാദെന്ന പേരിൽ വീട്ടിൽ അലമാരിയിൽ കെട്ടിയിട്ടിരുന്ന പെൺകുട്ടികളെ മോചിപ്പിക്കുന്ന യുവാവ്. ഇത്തരത്തിൽ ഒരു വീഡിയോ കുറേനാളായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ പല അനാവശ്യ അടിക്കുറിപ്പുകളോടെ വീണ്ടും വീണ്ടും ഷെയർചെയ്യപ്പെടുന്നുമുണ്ടായിരുന്നു. ഇക്കാര്യത്തിൽ വാസ്‌തവം എന്താണ് എന്ന് പരിശോധിച്ച് വ്യക്തമാക്കിയിരിക്കുകയാണ് തെലുങ്ക് വാർത്താമാദ്ധ്യമമായ ന്യൂസ്‌മീറ്റർ. ഈ അവകാശവാദം തെറ്റെന്ന് തന്നെയാണ് ഇവർ കണ്ടെത്തിയത്.
ഏഴ് മിനിട്ടാണ് ഈ വീഡിയോയുടെ ദൈർഘ്യം. തെലുങ്ക് ഭാഷയിലെ വീഡിയോ ഷെയർ ചെയ്‌ത ചിലർ നൽകിയ കുറിപ്പ് ഇത്തരത്തിലാണ്. 'ലൗ ജിഹാദ് നടത്തി അവർ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു. അവരെ കൊന്ന് ശരീരഭാഗങ്ങൾ വിറ്റ് 70 ലക്ഷം മുതൽ 90 ലക്ഷം വരെ സമ്പാദിക്കുന്നു. സൂക്ഷിക്കുക.' എന്നാൽ വീഡിയോയുടെ തുടക്കത്തിൽ തന്നെ ഇത് തിരക്കഥയനുസരിച്ച് തയ്യാറാക്കിയ വീഡിയോ ആണ് എന്ന് വ്യക്തമാക്കുന്നുണ്ടെന്നാണ് പരിശോധിച്ചവർ വ്യക്തമാക്കിയത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തതെന്ന് യൂട്യൂബിൽ നിന്ന് വ്യക്തം.
ഇതേ യൂട്യൂബ് ചാനലിൽ ഇതേ അഭിനേതാക്കൾ ചെയ്‌ത മറ്റ് ചില വീഡിയോകളും ഉണ്ട് എന്നതിനാൽ ഇത് തിരക്കഥയനുസരിച്ച് ഷൂട്ട് ചെയ്‌തത് ആണ് എന്ന് തെളിഞ്ഞിരിക്കുകയാണ്.