
സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം
മറുപടിയില്ലാത്ത ഒരു ഗോളിന് മേഘാലയയെ തോൽപ്പിച്ചു
ഹൈദരാബാദ് : സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിലെ പ്രാഥമിക ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും വിജയം നേടി കേരളം. ഇന്നലെ ഏകപക്ഷീയമായ ഏക ഗോളിന് മേഘാലയയെയാണ് കേരളം തോൽപ്പിച്ചത്. ഇതോടെ ആറുപോയിന്റുമായി ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്താണ് കേരളം. ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്. ആദ്യ മത്സരത്തിൽ ഗോവയ്ക്ക് എതിരെ 4-3 എന്ന സ്കോറിനായിരുന്നു കേരളത്തിന്റെ ജയം.
ഇന്നലെ രാത്രി ഹൈദരാബാദിലെ ഡെക്കാൻ അരീന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 36-ാം മിനിട്ടിൽ മുഹമ്മദ് അജ്സൽ നേടിയ ഗോളിനായിരുന്നു കേരളത്തിന്റെ ജയം. ടൂർണമെന്റിലെ അജ്സലിന്റെ രണ്ടാം ഗോളാണിത്. ഗോവയ്ക്ക് എതിരെ കേരളത്തിന്റെ രണ്ടാം ഗോൾ അജ്സലിന്റെ വകയായിരുന്നു. ഇരുപകുതികളിലുമായി നിരവധി അവസരങ്ങൾ കേരളത്തിന് ലഭിച്ചെങ്കിലും സ്കോർ ബോർഡ് ഉയർത്താനായിരുന്നില്ല.
വ്യാഴാഴ്ച രാവിലെ ഒൻപതിന് ഒഡിഷയ്ക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.