ncp

തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള നീക്കം എൻ.സി.പി (ശരത് പവാർ വിഭാഗം) നേതൃത്വം വീണ്ടും സജീവമാക്കി. സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോയും തോമസ് കെ. തോമസും വൈകിട്ട് ഡൽഹിയിൽ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.


ശശീന്ദ്രൻ ഒഴിയുന്നില്ലെങ്കിൽ പാർട്ടിക്ക് മന്ത്രി സ്ഥാനം വേണ്ടെന്ന കർക്കശ നിലപാട് എൻ.സി.പി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്നാണ് അറിയുന്നത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു മാറ്റത്തെ മുഖ്യമന്ത്രി പിന്തുണയ്ക്കുമോ എന്നതാണ് പ്രധാനം. ഉപതിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിമാറ്റം ചർച്ചയായെങ്കിലും മുഖ്യമന്ത്രി അതൃപ്തി പ്രകടമാക്കിയതോടെ അതിന് താത്കാലിക വിരാമമായിരുന്നു. കുറച്ചു കൂടി കാത്തിരിക്കാനാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്.

എന്നാൽ മന്ത്രിമാറ്റത്തെക്കുറിച്ച് താൻ കൂടി പങ്കെടുത്ത് മേൽകമ്മിറ്റിയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞു. മന്ത്രി സ്ഥാനം പാർട്ടിക്ക് കിട്ടിയതാണ്. പാർട്ടി പറഞ്ഞാൽ സന്തോഷത്തോടെ ഒഴിയും. ഏതെങ്കിലും വ്യക്തികൾ പറഞ്ഞാൽ പോര. ഇക്കാര്യത്തിൽ എല്ലാ വശങ്ങളും പരിശോധിച്ചേ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കൂവെന്നും ശശീന്ദ്രൻ വ്യക്തമാക്കി. ഇതേക്കുറിച്ച് പ്രതികരിക്കാൻ പി.സി. ചാക്കോയും തോമസ് കെ. തോമസും വിസമ്മതിച്ചു.