
തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയില്‍ ഓടാന്‍ പോകുന്നത് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ആയിരിക്കുമെന്ന് സര്‍ക്കാര്‍ തന്നെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഫയലില്‍ ഉറങ്ങിയും നിരവധി തവണ സാദ്ധ്യതാ പഠനവും വിശദപഠനവും ഒക്കെ കഴിഞ്ഞിട്ടും കാര്യങ്ങള്‍ പത്ത് വര്‍ഷം പിന്നിടുമ്പോഴും അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് ഓരോ നിമിഷവും വര്‍ദ്ധിക്കുമ്പോള്‍ നഗരവാസികള്‍ക്ക് ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള സമഗ്ര ഗതാഗത പദ്ധതി, ഓള്‍ട്ടര്‍ണേറ്റ് അനാലിസിസ് റിപ്പോര്‍ട്ട് എന്നിവ സര്‍ക്കാരിന് മുന്നില്‍ എത്തിക്കഴിഞ്ഞു. പദ്ധതിയുടെ കാര്യത്തില്‍ ഈ മാസം തന്നെ നിര്‍ണായകമായ തീരുമാനം പിണറായി സര്‍ക്കാര്‍ കൈക്കൊള്ളും. ഈ വര്‍ഷം മേയില്‍ സമര്‍പ്പിച്ച അലൈന്‍മെന്റ് മാറ്റി പുതിയ പദ്ധതി രേഖ തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ടെക്‌നോസിറ്റിക്ക് പകരം കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍ നിന്ന് ആരംഭിക്കുന്നതരത്തിലാണ് മാറ്റം നിര്‍ദേശിച്ചത്.
അന്തിമ അലൈന്‍മെന്റ് ഉള്‍പ്പെടെ എഎആര്‍ അംഗീകരിക്കപ്പെടുന്നതോടെ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി അയയ്ക്കും. കേന്ദ്രത്തില്‍നിന്നു ഫണ്ട് ലഭിക്കാന്‍ ഇത് അനിവാര്യമാണ്. കൊച്ചി മെട്രോ റെയിലിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. സര്‍ക്കാര്‍ നിര്‍ദേശിച്ച റൂട്ടിലേക്ക് അന്തിമ അലൈന്‍മെന്റ് റിപ്പോര്‍ട്ട് കെഎംആര്‍എല്‍ സമര്‍പ്പിച്ചിരുന്നു. ഒന്നാം ഘട്ടം ടെക്നോപാര്‍ക്ക് മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയാണ്.
ടെക്നോപാര്‍ക്കില്‍ നിന്ന് ആരംഭിച്ച് കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ്, ഉള്ളൂര്‍, മെഡിക്കല്‍ കോളജ്, മുറിഞ്ഞപാലം, പട്ടം, പിഎംജി ജംഗ്ഷന്‍, നിയമസഭയ്ക്കു മുന്നിലൂടെ പാളയം, ബേക്കറി ജംക്ഷന്‍, തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് ഡിപ്പോ - തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ - പുത്തരിക്കണ്ടം മൈതാനം എന്നതാണ് നിര്‍ദേശിച്ച റൂട്ട്. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ്, ടെക്നോപാര്‍ക്ക്, മെഡിക്കല്‍ കോളജ്, വൈദ്യുതി ഭവന്‍, സെക്രട്ടേറിയറ്റ്, നിയമസഭ, യൂണിവേഴ്സിറ്റി കോളജ്, വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യമുള്ളതിനാല്‍ ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം കൂടുതലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരത്ത് മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇപ്പോഴത്തെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ സര്‍വീസ് ഉപയോഗിക്കുമെന്നാണ് സാദ്ധ്യതാ പഠനത്തിലെ കണ്ടെത്തല്‍.