ev

ഇന്ധനത്തിന്റെ തീവില കാരണം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഫോര്‍വീലറുകളുടെ കാര്യത്തില്‍ രാജ്യത്ത് മൂന്നാമത് ആണെങ്കില്‍ ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ ഇ.വിയിലേക്ക് മാറുന്നതില്‍ ഒന്നാമതാണ് കേരളം. പലര്‍ക്കും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ താത്പര്യമുണ്ടെങ്കിലും ഇ.വി വണ്ടികളുടെ ഉയര്‍ന്ന വിലയാണ് പിന്‍മാറ്റത്തിനുള്ള ഒരേയൊരു കാരണം. ഭാവിയില്‍ ഇ.വികളുടെ വില കുറയുമെന്ന് തന്നെയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ പുതിയതായി അവതരിപ്പിക്കപ്പെട്ട ഒരു വാഹനമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് പുറത്തിറക്കിയ 'നെമോ' എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് നിലവില്‍ വിപണികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മറ്റ് ഇ.വി സ്‌കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയിലുള്ള കുറവാണ് നെമോയെ ആകര്‍ഷകമാക്കുന്നത്. വെറും 99,000 രൂപ മാത്രമാണ് വണ്ടിയുടെ എക്‌സ് ഷോറൂം വില.

പരമാവധി 65 കിലോമീറ്റര്‍ വേഗതയില്‍ വരെ ഓടിക്കാന്‍ സാധിക്കുന്ന ഈ വാഹനം മൂന്ന് മോഡുകളിലാണ് ഇറങ്ങുന്നത്. ഇക്കോ, സ്‌പോര്‍ട്, ഹൈപ്പര്‍ എന്നിവയാണ് ലഭ്യമായ മോഡുകള്‍. കിലോമീറ്ററിന് വെറും 17 പൈസയുടെ മാത്രം ചെലവ് എന്നതാണ് മറ്റൊരു സവിശേഷത. 150 കിലോഗ്രാം ഭാരം വഹിക്കാന്‍ ഈ വാഹനത്തിനു സാധിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. 1,500 വാട്ടിന്റെ ബിഎല്‍ഡിസി മോട്ടോറും, 5 സ്പീഡ് മോട്ടര്‍ കണ്‍ട്രോളറും കൂടി വരുന്ന ഈ വാഹനം സാധാരണക്കാര്‍ക്ക് ഏറെ അനുയോജ്യമായിരിക്കും. സില്‍വര്‍, വൈറ്റ് എന്നിങ്ങളെ 2 നിറങ്ങളില്‍ വാഹനം ലഭ്യമാകും.

ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച ബാറ്ററി കണ്‍ട്രോളിനായി ബിഎംഎസ് (ബാറ്ററി മാനേജ്മെന്റ് സിസ്റ്റം) സംവിധാനവും കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്ന 72 വാട്ട് 40 ആമ്പിയര്‍ ബാറ്ററി പായ്ക്ക് ഇക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 130 കിലോമീറ്റര്‍ റെയ്ഞ്ച് സമ്മാനിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വില കുറവാണെങ്കിലും സുരക്ഷയില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നും കമ്പനി പറയുന്നു.