market

കോട്ടയം : ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സപ്ലൈകോ സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ കിട്ടാക്കനി. മിക്ക ഔട്ട്‌ലെറ്റുകളും ഇതിനോടകം കാലിയാണ്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ ഒഴിഞ്ഞ സഞ്ചിയുമായി മടങ്ങേണ്ട ഗതികേട്. ഈ സ്ഥിതി മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് കരിഞ്ചന്തക്കാരും പൂഴ്ത്തിവയ്പ്പുകാരും. ഇതുണ്ടാക്കുന്ന വിലക്കയറ്റം സാധാരണക്കാരന് തിരിച്ചടിയാകും. വെളിച്ചെണ്ണ എത്തിയിട്ട് മാസങ്ങളായി. പഞ്ചസാര, അരി, പരിപ്പ് തുടങ്ങിയ ചുരുക്കം അവശ്യവസ്തുക്കള്‍ മാത്രമാണുള്ളത്. പ്രാദേശിക - ഗ്രാമീണ മേഖലകളിലെ ഔട്ട്ലെറ്റുകളിലാണ് ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ ക്ഷാമം. ഇതുവരെ ക്രിസ്മസ് ഫെയര്‍ ആരംഭിച്ചിട്ടില്ല. കൊവിഡ് കാലത്തിന് മുന്‍പ് 75 ലക്ഷം വരെ ലഭിച്ചിരുന്ന ഔട്ട്ലെറ്റുകളില്‍ വരുമാനം കുത്തനെ കുറഞ്ഞു. കഴിഞ്ഞ നവംബറില്‍ 36 ലക്ഷമാണ് ലഭിച്ചത്.

ജീവനക്കാരുടെ കാര്യവും കഷ്ടത്തില്‍

ദിവസവേതനത്തില്‍ ജോലി ചെയ്യുന്നവര്‍ യൂണിഫോം സ്വന്തം ചെലവില്‍ തയ്പ്പിച്ചെടുക്കണം. 1000 രൂപ ഇതിനാകും. ധരിച്ചില്ലെങ്കില്‍ 500 രൂപ വരെയാണ് പിഴ. ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട നഗരത്തിലെ സപ്ലൈകോ ഔട്ട്ലെറ്റില്‍ അഞ്ച് ജീവനക്കാരാണുള്ളത്. ശമ്പളത്തിന്റെ പകുതിയില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്.


മെഡിക്കല്‍ സ്റ്റോര്‍ അടഞ്ഞു

ഹൈപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ സ്റ്റോര്‍ ഫാര്‍മസിസ്റ്റ് ഇല്ലാത്തതിനാല്‍ രണ്ടുവര്‍ഷമായി പൂട്ടിയിട്ടിരിക്കുകയാണ്. ഇന്‍സുലിന് 20 മുതല്‍ 24 ശതമാനം വരെയും, ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് മരുന്നുകള്‍ക്ക് 25 ശതമാനം വിലക്കുറവും ഇവിടെ ലഭിച്ചിരുന്നു. സാധാരണക്കാര്‍ക്ക് ഏറെ ആശ്രയമായിരുന്നു ഇത്.