
ചെന്നൈ: സ്വർണക്കടത്തിന് സഹായം നൽകിയ എയർ ഇന്ത്യ ജീവനക്കാരൻ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ. 24 ക്യാരറ്റിന്റെ 1.7 കിലോഗ്രാം സ്വർണം കടത്താൻ വിമാനയാത്രികനെ ഇയാൾ സഹായിച്ചെന്നാണ് ആരോപണം. വിമാനത്താവളത്തിൽ ഇറങ്ങിയ ഇരുവരും അവിടെ വച്ച് പിടിയിലാവുകയും ചെയ്തു.
ഞായറാഴ്ച ദുബായിൽ നിന്ന് ചെന്നൈയിൽ എത്തിയ എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാരനെയും യാത്രക്കാരനെയും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും പിടികൂടുകയുമായിരുന്നു. മിശ്രിത രൂപത്തിലുള്ള സ്വർണം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ജീവനക്കാരന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. വിമാനത്തിൽ വച്ച് ജീവനക്കാരന് സ്വർണം കൈമാറിയ വിവരം ചോദ്യം ചെയ്യലിൽ യാത്രക്കാരൻ സമ്മതിച്ചുവെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. കസ്റ്റംസ് നടപടികൾ പൂർത്തിയ ശേഷം രണ്ട് പേരെയും ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.