
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പാതകളിൽ ഇരുചക്ര വാഹനക്കാർ അപകടത്തിൽ പെടുന്നത് വർദ്ധിക്കുന്നു. നിരപ്പില്ലാത്ത ടാറിംഗാണ് അപകടം സൃഷ്‌ടിക്കുന്നത്. ഉയർന്നും താഴ്‌ന്നുമുള്ള നിരവധി പ്രതലങ്ങളാണ് ദേശീയ പാതയോരത്തെ പലഭാഗങ്ങളിലുമുള്ളത്. ഇത്തരം ഞൊറികളാണ് ഇരുചക്രവാഹനക്കാരെ അപകടത്തിലേക്ക് തള്ളിവിടുന്നത്. വലിയ വാഹനങ്ങളെ ഇത് ബാധിക്കില്ലെങ്കിലും ഭാരം കുറഞ്ഞ ഇരുച്ചക്ര വാഹനങ്ങൾക്ക് റോഡിൽ ബാലൻസ് തെറ്റും.
ഇത്തരം അപകടങ്ങൾ ഏറ്റവുമധികം ഭീഷണിയാകുന്നത് കൊല്ലത്താണ്. കൊല്ലം നഗരത്തിലെ റോഡുകളിലെ അന്തരം മൂലം അഞ്ചുവർഷം മുമ്പ് രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. അമ്മച്ചിവീട് ജംഗ്‌ഷന് സമീപം കോളേജ് വിദ്യാർത്ഥിനിയും ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപം അദ്ധ്യാപികയുമാണ് മരിച്ചത്. ഇരുവരും നിലതെറ്റി ബസിനടയിൽപ്പെട്ട് തൽക്ഷണം മരിച്ചു.
ഹൈസ്‌കൂൾ ജംഗ‌്ഷനിലെ സിഗ്നൽ വളഞ്ഞ് നേരെയാകുന്ന ഭാഗത്താണ് റോഡ് നിർമ്മാണത്തിലെ അപാകത. ഈ സ്ഥലത്ത് മിക്കപ്പോഴും സ്വകാര്യ ബസുകൾ നിറുത്തുന്നതിനാൽ ടൂ വീലറുകൾ ഈ ഭാഗം ഒഴിച്ചാണ് പോകുന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം നിരവധി പേരാണ് ദിവസേന ഈ റൂട്ടിലൂടെ സഞ്ചരിക്കുന്നത്.
ദേശീയപാത ഉൾപ്പടെയുള്ള റോഡുകൾ വെട്ടിപ്പാെളിക്കുമ്പോൾ റോഡ് പുനഃസ്ഥാപിക്കൽ പ്രവൃത്തികൾ ചെയ്യുന്നതിന് വ്യക്തമായ മാനദണ്ഡം നിലവിലുണ്ട്. എന്നാൽ പലപ്പോഴും പാലിക്കപ്പെടാതിരിക്കുന്നതാണ് ഇത്തരം അപകടങ്ങളിലേയ്ക്ക് റോഡുകളെ മാറ്റുന്നത്. ദേശീയ-സംസ്ഥാന പാതകൾ വെട്ടിപ്പൊളിച്ചാൽ പൊതുമരാമത്ത് വകുപ്പിനെ കൊണ്ട് തുക ക്വാട്ട് ചെയ്‌ത് പദ്ധതിയുടെ അടങ്കൽ തുകയിൽ ഈ ചെലവ് കൂടി ചേർക്കുകയാണ് പതിവ്. ഗാർഹിക കണക്ഷനുകൾക്കാവുമ്പോൾ ഗുണഭോക്താവ് സ്വന്തം നിലയിലാണ് പുനഃസ്ഥാപിക്കേണ്ടത്. പൈപ്പ് പൊട്ടൽ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പി.ഡബ്ല്യു.ഡിയെ കൊണ്ട് തുക ക്വാട്ട് ചെയ്‌ത് ടെണ്ടർ നടപടികൾക്ക് കാത്തുനിൽക്കാതെ വാട്ടർ അതോറിറ്റി സ്വന്തം നിലയിൽ ടാറിംഗ് നടത്തുകയാണ് ചെയ്യുന്നത്.