sunitha

കാലിഫോർണിയ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന രണ്ട് യുഎസ് ബഹിരാകാശ യാത്രികരുടെ മടങ്ങിവരവ് ഇനിയും വൈകുമെന്ന് നാസ. ബോയിംഗ് സ്റ്റാർലൈനറിന്റെ പരീക്ഷണ പറക്കലിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വിൽമോറും മാർച്ച് അവസാനം വരെ അവിടെ തുടരുമെന്നാണ് നാസ ചൊവ്വാഴ്‌ച അറിയിച്ചത്.

2024 ജൂൺ ഏഴിനാണ് ഇരുവരും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. എട്ട് ദിവസം ഇവിടെ ചെലവിട്ട് ജൂൺ 13ന് തന്നെ മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, പേടകത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഇരുവർക്കും അതേ പേടകത്തിൽ ഭൂമിയിലേക്ക് തിരിച്ചിറങ്ങാനായില്ല. തുടർന്ന് 2025 ഫെബ്രുവരിയിൽ ബഹിരാകാശ നിലയത്തിൽ നിന്ന് തിരിക്കുന്ന സ്‌പേസ് എക്‌സിൽ ക്രൂ 9 പേടകത്തിൽ ഇവരെ തിരികെ എത്തിക്കാനായിരുന്നു നാസയുടെ പദ്ധതി. എന്നാൽ, ഈ ദൗത്യം ഇപ്പോൾ മാർച്ചിലേക്ക് മാറ്റിയിരിക്കുകയാണ് നാസ. അതിനാൽ, ഇവർ ഭൂമിയിലെത്താൻ വൈകും.

എട്ട് ദിവസത്തേക്ക് പോയ സുനിതയും വിൽമോറും ഒമ്പത് മാസത്തിലധികമായി ബഹിരാകാശ നിലയത്തിൽ കഴിയുകയാണ്. ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞതിനാൽ, ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതിനിടെ സാന്താ തൊപ്പി ധരിച്ച സുനിതയുടെ ചിത്രം നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.