
മൈ ഡിയർ ജഗദീഷ്. പ്രേക്ഷകരുടെ ഹൃദയത്തിൽ കയ റിക്കുടുന്നവരാണ് ഇപ്പോൾ എല്ലാ ജഗദീഷ് കഥാപാത്രങ്ങളും. ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ" സിനിമയിൽ ശക്തനായ പ്രതിനായകനായി എത്തി ഞെട്ടിക്കുന്നതാണ് പുതിയ കാഴ്ച.അഭിനയയാത്ര 40 വയസ് എത്തുമ്പോൾ ജഗദീഷ് അണിയുന്ന കുപ്പായങ്ങളെല്ലാം വേറിട്ടതാണ്. മാർക്കോയെക്കുറിച്ചും അഭിനയ ജീവിതത്തെക്കുറിച്ചും ജഗദീഷ് സംസാരിക്കുന്നു.
മാർക്കോയിലെ പ്രതിനായക കഥാപാത്രം കരിയറിൽ എങ്ങനെയായിരിക്കും അടയാളപ്പെടുത്തുക ?
സാധാരണ ഇത്തരം വേഷങ്ങൾ ഗംഭീരമാക്കുന്ന നടൻമാർ മലയാളത്തിലുണ്ട്. അവരെ തന്നെ ഏൽപ്പിച്ചാൽ ഇത് ഭദ്രമാകുകയും ചെയ്യും.എന്നാൽ ടോണി ഐസക് എന്ന കഥാപാത്രം ഞാൻ ചെയ്യുമ്പോൾ അതിന് ഒരു പുതുമ വരും എന്ന് ഹനീഫ് അദേനി എന്ന സംവിധായകനും തിരക്കഥാകൃത്തും ചിന്തിച്ചു. അതിന്റെ കടപ്പാടും നന്ദിയും ഹനീഫ് അദേനിയോടുണ്ട്. വളരെ ത്രില്ലിൽ തന്നെ ചെയ്തു. കഥ പറഞ്ഞപ്പോൾ തന്നെ കഥാപാത്രം മനസിലാക്കി. അത് ഉൾക്കൊണ്ടു തന്നെയാണ് ചെയ്തത്. സൂക്ഷ്മ ചലനങ്ങളിലൂടെ  കഥാപാത്രത്തിന്റെ ആത്മാവിലേക്ക് കയറി ചെല്ലാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴത്തെ എന്റെ കഥാപാത്രങ്ങളിൽ കാണുന്ന ലൗഡ് ആക്ടിംഗ് ഒഴിവാക്കി കൺട്രോൾ ആക്ടിംഗാണ് ടോണി ഐസക്കിൽ സ്വീകരിച്ചത്. സൂക്ഷ്മമായി സംഭാഷണം ഉരുവിടുന്ന രീതിയിലും ചലനത്തിനും എല്ലാം നെഗറ്റീവ് ആംഗിൾ കൊണ്ടുവരാൻ പരമാവധി ശ്രമം നടത്തി. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന എന്റെ കഥാപാത്രങ്ങളുടെ നിരയിൽ ടോണി ഐസക്കും നാളെ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അഭിനയ യാത്രയിൽ രണ്ടാം ഇന്നിംഗ്സാണോ ?
അങ്ങനെ പറയുന്നതിനെയോ വിളിക്കുന്നതിനെയോ എതിർക്കാൻ എനിക്ക് താത്പര്യമില്ല. സിനിമാഭിനയത്തെയും നാടകാഭിനയത്തെയും രണ്ടായി കാണുന്നില്ല. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ വയലാ വാസുദേവൻപിള്ള സാർ, ജി. ശങ്കരക്കുറുപ്പ് സാർ, പി.കെ. വേണുക്കുട്ടൻ നായർ സാർ, ടി.ആർ. സുകുമാരൻ നായർ സാർ, ജഗതി എൻ.കെ. ആചാരി,പി.സി. സോമൻ ചേട്ടൻ തുടങ്ങി നാടകരംഗത്തെ പ്രതിഭാധനർക്കൊപ്പം അഭിനയിച്ചാണ് കലാരംഗത്തേക്ക് വരുന്നത്. പലതരം വേഷങ്ങൾ ആ സമയത്ത് ചെയ്തു .ഇപ്പോൾ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ കണ്ട്  'രണ്ടാം മുഖം "എന്ന്  പ്രേക്ഷകർ വിളിക്കുന്നു.എന്നാൽ എന്റെ പ്രായത്തേക്കാൾ കൂടിയ വേഷങ്ങൾ നാടകത്തിൽ ചെയ്തിട്ടുണ്ട്. 'ധർമ്മരാജ "നാടകത്തിൽ എൺപതു വയസുള്ള കുപ്പശാരായി അഭിനയിച്ചു. എനിക്ക് മുൻപ് ആ വേഷം ചെയ്തത് ഭരത് ഗോപി ചേട്ടനാണ്. അന്നുതന്നെ ഗൗരവമാർന്ന കഥാപാത്രങ്ങൾ അമച്വർ നാടകങ്ങളിൽ ചെയ്തു. ആദ്യ സിനിമ മൈ  ഡിയർ കുട്ടിച്ചാത്തനിൽ ചെയ്തത് കോമഡി ടച്ച് കഥാപാത്രം. ഓടരുതമ്മാവാ ആളറിയാം എന്ന രണ്ടാമത്തെ സിനിമയിലുംകോമഡി വേഷം. അതിനാൽ കോമഡി കലർന്ന കഥാപാത്രങ്ങളാണ് എന്നെ തേടി എത്തിയത്. കോമഡി വേഷങ്ങളിലൂടെയാണ് ഞാൻ നായകനാകുന്നത്. ഇൻ ഹരിഹർ നഗറിനുശേഷമാണ് നായകനാകുന്നത്. നാല്പതോളം സിനിമയിൽ നായകനായി. പിന്നീട് സഹനടനായും സ്വഭാവ നടനായും അഭിനയിക്കുമ്പോൾ ഒരുമാറ്റം കൊണ്ടുവരുന്നത് 'ലീല"യിലെ കഥാപാത്രമാണ്. ലീലയ്ക്ക് പിന്നാലെ ജലാംശത്തിലും വേറിട്ട കഥാപാത്രം . റോഷാക്ക് മുതൽ മാർക്കോ വരെ എത്തിനിൽക്കുന്നതിനെ രണ്ടാം ഇന്നിംഗ് സ് എന്നോ രണ്ടാം മുഖമെന്നോ , 2.2 എന്നോ   വിശേഷിപ്പിക്കുന്നതിൽ സന്തോഷമുണ്ട്.
'ലീല"യുടെ അച്ഛൻ തന്നതാണോ ഈ ധൈര്യം?
ഏത് വേഷവും പ്രേക്ഷകരും നിരൂപകരും അംഗീകരിക്കുമ്പോഴാണ് അഭിനേതാവിന് ആത്മവിശ്വാസം ലഭിക്കുക. ലീല സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും കലാപരമായി നേട്ടവും എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തത് സന്തോഷം തരുന്നു. ഇന്നത്തെ യുവ സംവിധായകരിൽ പലരും എന്നോട് കഥ പറയുമ്പോൾ ലീലയുടെ കഥാപാത്രം ഇഷ്ടപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. ഒരു രീതിയിൽ ആ കഥാപാത്രം ആത്മവിശ്വാസം തന്നു എന്ന് പറയുന്നതിൽ തെറ്റില്ല. പ്രേക്ഷകരുടെയും സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും മനസിൽ കഥാപാത്രം പതിഞ്ഞുവെന്നറിയുമ്പോൾ സ്വഭാവികമായും ആത്മവിശ്വാസം കൂടുമല്ലോ.
നേര് മുതൽ ഹലോ മമ്മിവരെയുള്ള സിനിമയിൽ പലതരം അച്ഛന്മാർ. ഇവരെല്ലാം ഒരാളിൽ തന്നെ എങ്ങനെ വന്നുചേർന്നു?
പലതരം കാരണമുണ്ട്. ഭൗതിക തലത്തിൽ ഭാഗ്യമെന്നോ ഈശ്വരാനുഗ്രഹമെന്നോ വിളിക്കാം. വേറൊരു തലത്തിൽ പറഞ്ഞാൽ ' ഇയാളെ കൊണ്ട് കുറച്ച് കാര്യങ്ങൾ പരീക്ഷിക്കാം" എന്ന സംവിധായകരുടെ ആഗ്രഹമോ പ്രതീക്ഷയോ വിശ്വാസമോ ആയിരിക്കാം വ്യത്യസ്തരായ അച്ഛൻ കഥാപാത്രങ്ങൾ തേടി വന്നത്. റോഷാക്കിൽ അഷ്റഫ് എന്ന കഥാപാത്രത്തെ വേറൊരു തലത്തിൽ നിസാം ബഷീർ അവതരിപ്പിച്ചെങ്കിൽ മറ്റൊരു തരത്തിൽ കൊണ്ടു വരാം എന്ന ചിന്ത മറ്റു സംവിധായകരെ നയിച്ചിട്ടുണ്ടാവാം.
അതിലെല്ലാം സംവിധായകരുടെ വാശികൂടിയുണ്ട്. റോഷാക്കിലെ കോൺസ്റ്റബിൾ കഥാപാത്രവുമായി സാമ്യം വരാൻ പാടില്ല എന്ന നിർബന്ധ ബുദ്ധിയോടെ ക്രിഷാന്ദ് പ്രവർത്തിച്ചപ്പോൾ എനിക്ക് 'പുരുഷപ്രേതം" കിട്ടി. ഒരച്ഛനെ പോലെയാകാൻ പാടില്ല, മറ്റൊരു അച്ഛൻ എന്ന നിർബന്ധം എന്നേക്കാൾ സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കുമുണ്ടായിരുന്നു. അവരുടെ സഹകരണം കൂടി ലഭിച്ചപ്പോഴാണ് വ്യത്യസ്തരായ അച്ഛൻ കഥാപാത്രങ്ങൾ ലഭിക്കാൻ സാധിച്ചത്. നേരിലെ അച്ഛനല്ല ഫാലിമിയിൽ കണ്ടത്. അത് ഞാൻ അവതരിപ്പിച്ചു ഗംഭീരമാക്കി എന്ന് കേൾക്കുന്നതിനേക്കാൾ താത്പര്യം എന്നെകൊണ്ട് വ്യത്യസ്തമായ രീതിയിൽ ആവിഷ്കരിക്കാൻ ഒരു പ്രതലം ഒരുക്കാൻ തയ്യാറായ സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും പ്രത്യേകം നന്ദി പറയുന്നു.
ഹലോ മമ്മിയിൽ ഞാൻ സാധാരണ അവതരിപ്പിക്കുന്ന അച്ഛൻ കഥാപാത്രങ്ങളേക്കാൾ ഹ്യുമറുണ്ട്. ഒപ്പം സെന്റിമെൻസും. മൂന്ന് അച്ഛൻമാരുണ്ടെന്നും ഒരാളെ തിരഞ്ഞെടുക്കാമെന്നും ഗുരുവായൂരമ്പലനടയിൽ അഭിനയിക്കുമ്പോൾ വിപിൻദാസ് പറഞ്ഞു. ഞാൻ തിരഞ്ഞെടുക്കുന്നില്ലെന്നും സംവിധായകൻ എന്ന നിലയിൽ വിപിൻദാസിന് ഞാൻ ആരെ അവതരിപ്പിക്കുന്നതാണ് താത്പര്യമെന്നും ചോദിച്ചു . പൃഥ്വിരാജിന്റെ അച്ഛൻ എന്ന് വിപിൻദാസ്. സംവിധായകന്റെ ചിന്തയാണ് എന്നെ നയിക്കുന്ന കാര്യമെന്ന് പറഞ്ഞു.അതും നന്നായി സംഭവിച്ചു.
നാല്പതുവർഷം എത്തി അഭിനയയാത്ര. പ്രതീക്ഷിച്ചോ?
ഒരിക്കലുമില്ല. വർഷത്തിൽ രണ്ടോ മൂന്നോ കഥാപാത്രങ്ങൾ ചെയ്യുന്ന കോളേജ് അദ്ധ്യാപകൻ എന്നാണ് തുടക്കത്തിൽ ആഗ്രഹിച്ചത്. അമച്വർ നാടകത്തിൽ പ്രവർത്തിക്കുന്നവർ അങ്ങനെയാണ്. അതിൽ ഞാൻ തൃപ്തനായിരുന്നു. അഭിനയത്തിൽ സജീവമായി മാറുമെന്ന് കരുതിയില്ല. പതിറ്രാണ്ടുകളും പ്രതീക്ഷിച്ചില്ല. ആഗ്രഹിച്ചോ എന്നു ചോദിച്ചാൽ നടൻ എന്ന നിലയിൽ അത് സ്വാഭാവികമാണല്ലോ. കൂടുതൽ കാലം പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കുക എന്നത് ഒരു നടനെ സംബന്ധിച്ച് വളരെ വലിയ കാര്യമാണ്. അത് ഒരുപാട്സന്തോഷം തരുന്ന കാര്യംകൂടിയാണ്.
സംവിധാനം ജഗദീഷ് എന്ന് വായിക്കാൻ കഴിയുമോ?
അതിന് സാധ്യതയില്ല. അഭിനയിച്ചു കൊതി തീർന്നില്ല. കൊതി തീർന്നാൽ മാത്രമേ സംവിധാനത്തിലേക്ക് പോകാൻ കഴിയൂ. ആ കൊതി ഉടനെയെങ്ങും തീരാനും പോകുന്നില്ല. പ്രേക്ഷകരെ ഏതെങ്കിലും രീതിയിലൊക്കെ രസിപ്പിച്ചുകൊണ്ടേയിരിക്കണം. രസിപ്പിക്കുന്നതിന്റെ തുടക്കമാണ് ഇപ്പോൾ. ഇനി ഒരുപാട് ദൂരം നടൻ എന്ന നിലയിൽ പോകാനുണ്ട്. അത് കഴിഞ്ഞ് സംവിധാനം എപ്പോൾ ചെയ്യാനാണ്?
ഇനി സംവിധാനം ചെയ്യാൻ അവസരം വരികയും ഒപ്പം നല്ല ഒരു കഥാപാത്രം എത്തുകയും ചെയ്താൽ ഞാൻ ആ വേഷമേ സ്വീകരിക്കൂ.ഏറ്റവും പാഷനുള്ള കാര്യമല്ലേ ചെയ്യേണ്ടത് ?