money

കൊച്ചി: പോക്കറ്റിന് താങ്ങാവുന്നതും പ്രകൃതി സൗഹൃദവുമായ ജീവനുള്ള ക്രിസ്മസ് ട്രീ വാങ്ങാം ആലുവയിലെത്തിയാൽ. ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ ക്രിസ്മസ് ട്രീകൾ ആലുവയിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രം വില്പനയ്‌ക്കെത്തിച്ചു. പ്രകൃതി സൗഹൃദമായ ക്രിസ്മസ് ട്രീയെന്ന

കൃഷിമന്ത്രി പി. പ്രസാദിന്റെ ആശയം കഴിഞ്ഞ വർഷം മുതലാണ് ഇവിടെ പ്രാവർത്തികമാക്കിയത്.

അരോക്കേരിയ എന്ന ചെടിയാണ് ഇതിനായി വളർത്തുന്നത്. മാർച്ചിൽ മൺചട്ടിയിൽ നടുന്ന ഇവ ഡിസംബറിൽ വില്പനസജ്ജമാകും. ജൈവ വളം മാത്രം ഉപയോഗിക്കും. അരോക്കേരിയ തട്ടുകളായാണ് വളരുക. മൂന്നു തട്ടു വരെയുള്ള ചെടിക്ക് 300 രൂപയും അതിന് മുകളിലുള്ളതിന് 400 രൂപയുമാണ് വില. പ്ലാസ്റ്റിക്ക് ക്രിസ്മസ് ട്രീകൾക്ക് 10,000 രൂപ വരെ വിലയുണ്ട്.

വിത്തുത്പാദന കേന്ദ്രത്തിന്റെ ആലുവ മെട്രോ സ്റ്റേഷനിലെ സ്റ്റാളിലും ഇവ ലഭിക്കും. അഞ്ചു വർഷം വരെ ചെടി ചട്ടിയിൽ വളർത്താം. പിന്നീട് മണ്ണിൽ നടണം. വെളിച്ചം നിർബന്ധം. ദിവസം ഒരുനേരം വെള്ളമൊഴിക്കണം.

ഇന്ത്യയിലെ ആദ്യ കാ‌ർബൺ ന്യൂട്രൽ ഫാമാണ് ആലുവയിലേത്. 13 ഏക്കറിൽ സംയോജിത കൃഷിയും കാർഷിക ഉത്പന്നങ്ങളുടെ വില്പനയും ഇവിടെ നടക്കുന്നുണ്ട്. 105 വർഷത്തെ പാരമ്പര്യമുണ്ട്.

ക്രിസ്മസ് സമ്മാനം

ക്രിസ്മസിന് സമ്മാനമായി നൽകാവുന്ന ഇൻഡോർ പ്ലാന്റുകളും ഇവിടെ ലഭിക്കും. ആർട്ട് വർക്കുകൾ ചെയ്ത ചട്ടിയിലും മുളംതടിയിലുമാണ് ഇവ വിൽക്കുന്നത്. 100 മുതൽ 400വരെ രൂപയാണ് വില.

ക്രിസ്മസ് ട്രീ വില- 300-400 രൂപ

ക്രിസ്മസ് ഗിഫ്റ്റ്- 100-400 രൂപ

കോക്കനട്ട് നഴ്സറിയിലും ക്രിസ്മസ്ട്രീ

വൈറ്റില ഗവ. കോക്കനട്ട് നഴ്സറിയിലും ചെടികളാൽ തയ്യാറാക്കിയ ക്രിസ്മസ് ട്രീ വില്പനയ്ക്കുണ്ട്. ഗോൾഡൻ സൈപ്രസ് ഇനത്തിൽപ്പെട്ട ചെടിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മുതലാണ് സർക്കാർ നിർദ്ദേശപ്രകാരം ഇവിടെ ക്രിസ്മസ് ട്രീ വളർത്തൽ ആരംഭിച്ചത്. ഒരു ട്രീയ്ക്ക് 300 രൂപയാണ് വില. കഴിഞ്ഞവർഷം 300 ക്രിസ്മസ് ട്രീകൾ വിറ്റിരുന്നു. നെട്ടൂർ മാർക്കറ്റ് കോംപ്ലക്സിലുള്ള കാർഷിക മൊത്തവ്യാപാര വിപണിയ്ക്കുള്ളിലാണ് നഴ്സറി പ്രവർത്തിക്കുന്നത്. ക്രിസ്മസ് സമ്മാനമായി നൽകാവുന്ന അലങ്കാരച്ചെടികളും വില്പനയ്ക്കുണ്ട്. 9383471194.

കൃഷി മന്ത്രിയുടെ ആശയത്തിലാണ് ക്രിസ്മസ് ട്രീ കഴിഞ്ഞ വർഷം ചെയ്തത്. കഴിഞ്ഞ വർഷം 500 എണ്ണം വളർത്തിയതിൽ 450 എണ്ണവും വിറ്റു. ഇത്തവണ 200ൽ അധികം ചെടികൾ റെഡിയാണ്.

- ലിസി മോൾ ജെ. വടക്കൂട്ട്

അഗ്രികൾച്ചറൽ അസി. ഡയറക്ടർ

ആലുവ സംസ്ഥാന വിത്തുത്പാദന കേന്ദ്രം