 
കമ്മ്യൂണിസ്റ്റുകാർ തമ്മിൽ ഏറ്റുമുട്ടി ചോര ചിതറിവീണ കാലം നമുക്കു മറക്കാം. പാർട്ടി ഭിന്നിപ്പ് സൃഷ്ടിച്ച ഇരുൾ മൂടിയ അന്തരീക്ഷവും മാറി. ആ പാർട്ടിയിലെ സഖാക്കൾ തമ്മിൽ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങളുമായി അണിനിരന്നതു കണ്ട ജനങ്ങൾ വേദനയോടെ നോക്കിനിന്ന കാലവും കടന്നുപോയി. പാർട്ടി ഭിന്നിപ്പിന്റെ ആദ്യപാദ കാലത്ത് ഞാൻ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തകനും കണിയാപുരം രാമചന്ദ്രൻ എന്റെ സീനിയർ എം.എ വിദ്യാർത്ഥിയുമായിരുന്നു.
പാർട്ടി ഒന്നായിരുന്ന കാലത്ത് ഇ.എം.എസ് പ്രസംഗിക്കുന്ന എല്ലാ വേദികളിലും കണിയാപുരം നിറസാന്നിദ്ധ്യമായിരുന്നു. നാവിൽ സരസ്വതി നൃത്തമാടുന്ന കണിയാപുരത്തിന്റെ പ്രസംഗം ഒരു കല തന്നെയായിരുന്നു. അക്കാലത്ത് ഏതോ ഒരു സായാഹ്നത്തിൽ ഒരു ജീപ്പ് എന്റെ വീട് അന്വേഷിച്ച് കമലേശ്വരത്തെത്തി. ജീപ്പിനുള്ളിൽ കണിയാപുരത്തെ കണ്ടപ്പോൾ, കൃത്യമായി എന്റെ വീട് കണ്ടെത്താൻ ചില യുവാക്കൾ അവരെ സഹായിച്ചു. ഇടവഴിയിലൂടെ എന്റെ വീടെത്താൻ ജീപ്പിനു കഴിഞ്ഞില്ല. ജീപ്പിൽ നിന്ന് കണിയാപുരം പുറത്തിറങ്ങി ഈ വഴികൾ താണ്ടി എന്റെ വീട്ടുമുറ്റത്ത് വന്നുനിന്ന കാഴ്ച ഇന്നും മറക്കാനാവുന്നില്ല.
അമ്പരപ്പോടെ ഞാൻ കണിയാപുരത്തെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. ''നിന്റെ സ്വീകരണം ഏറ്റുവാങ്ങാൻ സമയമില്ല. നിന്നെ കാണാൻ ഒരാൾ വന്നിരിക്കുന്നു.പുള്ളിക്കാരൻ ജീപ്പിലുണ്ട്. ഒരു ഷർട്ട് എടുത്തിട്ട് വേഗം വാ."" ഞാൻ കണിയാപുരത്തിനു പുറകെ നടന്നു. ജീപ്പിനരികിലെത്തിയ എന്നെ കണ്ട മാത്രയിൽ നിറചിരിയുമായി എന്റെ തോളിൽ തലോടിയ ആ മനുഷ്യന്റെ ചിത്രം ഇന്നും സ്മരണയിൽ നിറയുന്നു. മൊട്ടത്തല. തേളുവാലൻ മീശ, വോയിൽ ജുബ്ബ. നല്ല ഉറച്ച ശരീരം! ''നിനക്ക് ഇതാരെന്നു മനസ്സിലായോ?""
ഞാൻ വല്ലാതെ പരിഭ്രമിച്ചു നിന്നപ്പോൾ കണിയാപുരം പറഞ്ഞു: ''ഇതാണ് നമ്മുടെ പാർട്ടിയുടെ സംസ്ഥാന അസി. സെക്രട്ടറിയായ സഖാവ് 'എസ്" എന്നറിയുന്ന എസ്. കുമാരൻ. ഞാൻ വിനയപൂർവം 'എസി"ന്റെ കരവലയത്തിനുള്ളിൽ ഒരു കുട്ടിയെപ്പോലെ അമർന്നു. 'എസ് എന്നെ വീണ്ടും വീണ്ടും തലോടിക്കൊണ്ടിരുന്നു. ആ കമ്മ്യൂണിസ്റ്റുകാരന്റെ സ്‌നേഹപ്രവാഹത്തിൽ ഞാൻ അറിയാതെ 'എസി"ന്റെ ആരാധകനായി മാറി.
'' ദിവാകരാ, ഒരു പ്രധാന ജോലി ഞാൻ സഖാവിനെ ഏല്പിക്കുന്നു. നമ്മുടെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ കുറച്ചു ദിവസം രാത്രിയും പകലും ദിവാകരൻ ഉണ്ടാകണം. നമ്മളെല്ലാം അവിടെയുണ്ടാകും. സാഖാവ് കണിയാപുരം, പൗഡിക്കോണം കൃഷ്ണൻനായർ, കാട്ടായിക്കോണം സദാനന്ദൻ, എൻ. അരവിന്ദൻ, നന്തൻകോട് കരുണാകരൻ, എൻ. കാർത്തികേയൻ, കെ.വി. സുരേന്ദ്രനാഥ്, തിരുമല മുരളി തുടങ്ങി ഒരു നല്ല സംഘം ഉണ്ടാകും. നമ്മുടെ പാർട്ടി ഓഫീസ് പിടിച്ചെടുക്കാൻ ചില ശ്രമങ്ങൾ നടക്കുന്നു.""
'' എന്നാൽ ഇപ്പോൾത്തന്നെ പുറപ്പെടാം."" എസിന്റെ നിർദ്ദേശത്തിന് ഞാൻ വഴങ്ങി, ജീപ്പിൽ കയറി. ജീപ്പ് ഡ്രൈവറെ എനിക്ക് അറിയാമായിരുന്നു. ചെങ്കൽചൂള കോളനിയിലെ മണി. തടിച്ചുകൊഴുത്ത ശരീരം. 'എസി"ന്റെ സന്തത സഹചാരികൾ രണ്ടുപേരാണ്. ഒന്ന് പാർട്ടിയുടെ സ്വന്തം ജീപ്പ്, രണ്ട് 'എസി"ന്റെ ഡ്രൈവർ മണി. ചെങ്കൽചൂളയിൽ അക്കാലത്തുപോലും സി.പി.ഐ പ്രവർത്തകരുണ്ടായിരുന്നു. 'പുഴു" മോഹനൻ എന്നു വിളിക്കുന്ന മോഹനൻ നായരും കുടുംബവും സി.പി.ഐയുടെ ചാവേറുകളായിരുന്നു.
ഞങ്ങളെയും വഹിച്ചുകൊണ്ടുള്ള ജീപ്പ് സി.പി.ഐ സംസ്ഥാന കൗൺസിൽ ഓഫീസിലെത്തി. ഇടിവെട്ടിയാലും തീമഴ പെയ്താലും ഞങ്ങൾ ഈ പാർട്ടി ഓഫീസ് വിട്ടുപോകുന്ന പ്രശ്നമില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്ത രണ്ടു കമ്മ്യൂണിസ്റ്റ് സന്യാസിമാരെ ഞാൻ കണ്ടു. സി.എം എന്നു വിളിക്കുന്ന സഖാവ് സി.എം. കുഞ്ഞിരാമനും 'വിജയൻ സർ" എന്നു വിളിക്കുന്ന വിജയ പൈയും. രണ്ട് മലബാറുകാർ. ആ ഓഫീസിന്റെ നിർമ്മാണകാലം മുതൽ അവർ അവിടെ താമസക്കാരാണ്. ആ പഴയ സംസ്ഥാന കൗൺസിൽ ഓഫീസിന്റെ ഭിത്തിയിൽ ഒരു പോറൽ വീഴാൻ പോലും അനുവദിക്കാതെ അവർ കാത്തുസൂക്ഷിച്ചു.
സഖാക്കൾ അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻനായർ, എസ്. കുമാരൻ തുടങ്ങിയ മഹാനേതാക്കന്മാരെല്ലാം വിജയൻ സാറിന്റെ നിർദ്ദേശങ്ങൾ ശിരസാ വഹിച്ചിരുന്നു. പാർട്ടി ഓഫീസിലെ വരുമാനത്തിന്റെ കണക്ക്, ഫോൺ ചെലവ്, പത്രമാദ്ധ്യമങ്ങളുടെ സ്ഥിതി വിവരങ്ങൾ, ഇതര ജില്ലകളിലെ പ്രശ്നങ്ങൾ... എല്ലാം നേതാക്കന്മാർ അറിയുന്നത് വിജയൻ സാറിൽ നിന്നാണ്. അനിഷ്ട സംഭവങ്ങൾ നടക്കുമ്പോൾ ആരെ അറിയിക്കണം, എന്തു നടപടി സ്വീകരിക്കണം എന്നെല്ലാം വിജയൻ സാറിന് നല്ല തിട്ടമാണ്.
തമ്പാനൂർ റെയിൽവേ ക്യാന്റീനാണ് വിജയൻ സാറിന്റെയും സി.എംന്റെയും ഭക്ഷണശാല. ഒരു കർചീഫ് എപ്പോഴും മടക്കി വിജയൻ സാർ അരക്കയ്യൻ ഷർട്ടിന്റെ കോളറിനുള്ളിൽ തിരുകിവയ്ക്കും. മൂക്കുപ്പൊടിയാണ് ഏക ദുശ്ശീലം. സി.എംന് അതുമില്ല. പരുക്കൻ അരക്കയ്യൻ ഉടുപ്പ്. മുട്ടിനു താഴെ നില്ക്കുന്ന ഒറ്റമുണ്ട്. സി.എംന് സന്തോഷമായി. ഇവരെ കണ്ടതു മുതൽ, പരിചയപ്പെട്ടതു മുതൽ ഇതുപോലെ ആരെയെങ്കിലും കണ്ടുമുട്ടാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഞാനതിൽ പരാജയപ്പെട്ടു. ആ രണ്ടു പ്രതിഭകളും നമുക്ക് നഷ്ടമായി. പഴയ സംസ്ഥാന കൗൺസിൽ ഓഫീസിന് പുതിയ പേരു വന്നു-'എം.എൻ. സ്മാരകം."
എല്ലാം പ്രൗഢ ഗംഭീരമാണെന്ന് അറിയുമ്പോഴും എന്നെ വേട്ടയാടുന്നത് പഴയ സംസ്ഥാന കൗൺസിൽ ഓഫീസും ഇപ്പോഴും വിജയൻ സാറിന്റെയും സി.എംന്റെയും സൗരഭ്യം പരത്തുന്ന സാന്നിദ്ധ്യവുമാണ്.
എം.എന്റെ വേർപാടിന്റെ വേദന മറക്കാൻ പഴയ സംസ്ഥാന കൗൺസിൽ ഓഫീസിന് നാം എം.എൻ. സ്മാരകം എന്ന് പേരിട്ടു. കേരള രാഷ്ട്രീയ ചരിത്രത്തിൽ എം.എൻ. സ്മാരകം കേന്ദ്രീകരിച്ചു നടന്ന ഒട്ടേറെ സംഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല. പുതിയ ഭരണകൂടങ്ങളുടെ ജനദ്രോഹ ഭരണത്തെ നേരിടാനുള്ള അടവുകൾ, തന്ത്രങ്ങൾ, ജനകീയ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകൽ തുടങ്ങി എം.എൻ സ്മാരകത്തിന്റെ ഇടനാഴികളിലൂടെ കടന്നുപോകാത്ത ഒന്നും കേരളത്തിൽ നടന്നിട്ടില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ധന്യമായ പാരമ്പര്യത്തെക്കുറിച്ചും പാർട്ടി നമ്മുടെ സമൂഹത്തിൽ വഹിച്ച പങ്കിനെക്കുറിച്ചും ചിന്തിക്കുമ്പോൾ ഒരിക്കലും ആവിധം ഒരു പടുകൂറ്റൻ സൗധം പണിയാൻ കഴിഞ്ഞിട്ടില്ല. അപ്രകാരം ഒരതിമോഹം കമ്മ്യൂണിസ്റ്റ്കാർക്ക് പാടില്ലെന്ന പൂർവികരുടെ ദർശനവും നാം പാലിക്കുന്നു. എങ്കിലും കമ്മിറ്റികൾ കൂടാനും, അത്യാവശ്യം ചിലർക്കെങ്കിലും താമസിക്കാനും, പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗം ചേരാനും, ഈ പ്രസ്ഥാനത്തിന്റെ ഇന്നലെകളിൽ പടപൊരുതി വീണ ധീരനേതാക്കന്മാരിൽ ചിലരുടെയെങ്കിലും ചിത്രങ്ങൾ ചില്ലിട്ടു സൂക്ഷിക്കാനും കഴിയുന്ന ഒരു പാർട്ടി ഓഫീസ് എന്ന സങ്കല്പമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രനെ ഈ സംരംഭത്തിലേക്കു നയിച്ചത്.
അദ്ദേഹത്തിന്റെ അകാലത്തുള്ള വേർപാടിന്റെ വേദന ഈ മന്ദിരം പണി പൂർത്തിയാകുന്നതോടെ നാം മറക്കാൻ ശ്രമിക്കുകയാണ്. കാനത്തിന്റെ പിന്മുറക്കാരനായി സി.പി.ഐ സംസ്ഥാന സെക്രട്ടറി സഖാവ് ബിനോയ് വന്നു. പ്രസ്തുത മന്ദിരത്തിൽ ഒരു മികച്ച ലൈബ്രറി കൂടി ഉണ്ടാകണമെന്നത് ബിനോയ് വിശ്വത്തിന്റെ ഒരു നിർബന്ധമായിരുന്നു. പാർട്ടിയുടെ ബൗദ്ധിക അടിത്തറ കരുത്തുറ്റതാകണമെന്ന പുതിയ സെക്രട്ടറിയുടെ ആഗ്രഹവും സഫലമാവുകയാണ്. പാർട്ടിയുടെ കരുത്തിന്റെ കൂടി പ്രതീകമാണ് എം.എൻ. സ്മാരകം.