
ന്യൂഡൽഹി: ട്രെയിൻ യാത്ര ചെയ്യുന്നവർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന കാര്യമാണ് വെയിറ്റിംഗ് ലിസ്റ്റ്. വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് ലഭിക്കുമോ എന്ന കാര്യം ഉറപ്പല്ല. ടിക്കറ്റ് കൺഫോം ആകുമോ എന്ന ആശങ്കയുള്ളതിനാൽ അവർക്ക് യാത്ര ശരിയായ രീതിയിൽ ക്രമീകരിക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് ഓഫീസ് ജോലി ചെയ്യുന്നവർക്ക് അവധി കഴിഞ്ഞ് ദൂരെ സ്ഥലങ്ങളിലേക്ക് മടങ്ങുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ, ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി യാത്രക്കാർക്ക് പുതിയൊരു വഴി പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
അവധി സീസണുകളിൽ ട്രെയിൻ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഈ സമയങ്ങളിൽ വെയിറ്റിംഗ് ലിസ്റ്റ് 500 കവിയും. എന്നാൽ, ഈ അവസ്ഥയിൽ ടിക്കറ്റ് കൺഫോം ആകാനുള്ള സാദ്ധ്യത വളരെ കുറവാണ്. രണ്ട് തരത്തിലാണ് വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് ടിക്കറ്റ് ലഭിക്കുക. ഒന്ന്, അവസാന നിമിഷം കാൻസൽ ആകുന്ന ടിക്കറ്റുകൾ, മറ്റൊന്ന് റെയിൽവേയുടെ എമർജൻസി ക്വാട്ടയിലൂടെയാണ്.
റിസർവേഷൻ ചെയ്‌ത ശേഷം ശരാശരി 21 ശതമാനം യാത്രക്കാർ ട്രെയിൻ ടിക്കറ്റ് റദ്ദാക്കാറുണ്ട്. ഇതിനർത്ഥം വെയിറ്റിംഗ് ലിസ്റ്റിൽ ആദ്യ 21 ശതമാനത്തിലാണ് നിങ്ങളെങ്കിൽ ടിക്കറ്റ് ഉറപ്പായും കൺഫോം ആകും. ഉദാഹരണത്തിന് 72 സീറ്റുള്ള ഒരു സ്ലീപ്പർ കോച്ചിൽ ഏകദേശം, 14 സീറ്റുകൾ ഒഴിവ് വരാൻ സാദ്ധ്യതയുണ്ട്. ടിക്കറ്റ് എടുക്കുന്നതിൽ ഏകദേശം നാല് മുതൽ അഞ്ച് ശതമാനം വരെ ആളുകൾ യാത്ര ചെയ്യുന്നില്ലെന്നാണ് വിവരം. അതോടെ ഒരു സ്ലീപ്പർ കോച്ചിൽ 18 സീറ്റുകൾ വരെ ഒഴിവുവരും. ഇത് കൂടെ കണക്കിലെടുക്കുമ്പോൾ വെയിറ്റിംഗ് ലിസ്റ്റിലുള്ള 25 ശതമാനംപേർക്കും യാത്ര ചെയ്യാനാകും.
ഉദാഹരണത്തിന്, ഒരു ട്രെയിനിന് പത്ത് സ്ലീപ്പർ കോച്ചുകൾ ഉണ്ട്. ഓരോന്നിനും 18 സീറ്റുകൾ വീതം ലഭിച്ചാൽ, ട്രെയിനിലുടനീളം 180 വെയിറ്റിംഗ് ലിസ്റ്റ് സീറ്റുകൾ ഉറപ്പിക്കാം എന്നാണ് ഇതിനർത്ഥം. തേർഡ് എസി, സെക്കൻഡ് എസി, ഫസ്റ്റ് എസി കോച്ചുകൾക്കും ഇതേ ഫോർമുല ബാധകമാണ്.
എമർജൻസി ക്വാട്ടയിൽ റെയിൽവേ മന്ത്രാലയം പത്ത് സീറ്റുകൾ റിസർവ് ചെയ്യുന്നുണ്ട്. ഈ സീറ്റുകൾ റെയിൽവേ രോഗികൾക്കോ അത്യാവശ്യക്കാർക്കോ അനുവദിക്കും. ഇതിൽ അഞ്ച് ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളു എങ്കിൽ ബാക്കിയുള്ള അഞ്ച് ശതമാനം സീറ്റുകളും വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് നൽകും.