
ന്യൂഡൽഹി: ശതകോടീശ്വരൻമാരായ മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും കടത്തിവെട്ടി എച്ച് സി എൽ ടെക്‌നോളജി സ്ഥാപകൻ ശിവ് നാടാർ. ഈ വർഷം മാത്രം അദ്ദഹത്തിന്റെ ആസ്തി 10.5 ബില്യൺ ഡോളർ (ഏകദേശം 849012471000)വർദ്ധിച്ചിരിക്കുകയാണ്. ഇന്ത്യയിലെ മറ്റ് ശതകോടീശ്വരൻമാരുടെ ഒരു വർഷത്തെ സമ്പാദ്യത്തെക്കാൾ വലുതാണിത്. സമ്പന്നരുടെ വിവരങ്ങൾ പങ്കുവയ്ക്കുന്ന ബ്ലൂംബെർഗ് ബില്യണയർ ഇൻഡെക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണിത്.
എച്ച് സി എല്ലിന്റെ ആകെ ഓഹരികളിൽ നിന്ന് 33 ശതമാനമാണ് 2024ൽ വർദ്ധിച്ചത്. കമ്പനിയിൽ ശിവ് നാടാറിനും കുടുംബത്തിനും മാത്രം 61 ശതമാനം ഓഹരിയുണ്ട്. ഇത് അദ്ദേഹത്തിന്റെ ആകെ സമ്പത്തിന്റെ ആകെ 85 ശതമാനം വരും. ഇത് കൂടാതെ നാടാറിന്റെ കുടുംബത്തിന് എച്ച് സി എൽ ഇൻഫോസിസ്റ്റത്തിലും 63 ശതമാനം ഓഹരി അധികമായുണ്ട്.

ഇന്ത്യയിലെ അതിസമ്പന്നനായ മൂന്നാമത്തെ വ്യക്തിയാണ് ശിവ് നാടാർ. മുൻവർഷങ്ങളിൽ അദ്ദേഹത്തിന്റെ ആസ്തി 44.4 ബില്യൺ ഡോളറായിരുന്നു. അതിൽ നിന്നാണ് ഒരു വർഷം കൊണ്ട് 10.5 ബില്യൺ ഡോളറിന്റെ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഈ വിവരങ്ങൾ ശിവ് നാടാർ തന്നെയാണ് പങ്കുവച്ചത്. പിന്നാലെ തന്നെ ഇന്ത്യയിലെ മറ്റ് സമ്പന്നരും അവരുടെ ഈ വർഷത്തെ ആസ്തി പങ്കുവച്ചിട്ടുണ്ട്.
ടെലികമ്യൂണിക്കേഷൻസ് കമ്പനിയായ ഭാരതി എയർടൈലിന്റെ സ്ഥാപകനായ സുനിൽ മിത്തലിന് ആസ്തി 9.5 ബില്യൺ ഡോളറാണെന്നും സൺ ഫാർമയുടെ ദിലീപ് ഷാംഗ്‌വി സമ്പത്ത് 7.9 ബില്യൺ ഡോളറാണെന്നും പങ്കുവച്ചു. അതേസമയം, ഈ വർഷം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അബാനിക്കും അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിക്കും തിരിച്ചടിയാണ് ഉണ്ടായത്. ഈ വർഷം മുകേഷ് അംബാനിക്ക് 96.7 ബില്യൺ ഡോളറും ഗൗതം അദാനിക്ക് 82.1 ബില്യൺ ഡോളറുമാണ് ആസ്തി. ബ്ലൂംബെർഗ് ബില്യണയർ ഇൻഡെക്സ് പ്രകാരം ജൂലായിൽ മുകേഷ് അബാനിയുടെ ആസ്തി 120.8 ബില്യൺ ഡോളറായിരുന്നു. അത് ഡിസംബർ ആയതോടെ 96.7 ബില്യൺ ഡോളറായി കുറഞ്ഞു. കൂടാതെ ഗൗതം അദാനിയെ സംബന്ധിച്ച് വിപണിയിലെ ചാഞ്ചാട്ടവും യുഎസ് അന്വേഷണം പ്രഖ്യാപിച്ചതും വെല്ലുവിളിയായി. ഇതോടെ അദാനിയുടെ ജൂണിലെ 122.3 ബില്യൺ ഡോളറിൽ നിന്ന് 82.1 ബില്യൺ ഡോളറായി കുറഞ്ഞു.