ss

കോട്ടയം: വിസ്തൃതി പകുതിയും ആഴം 65 ശതമാനവും ജലസമ്പത്തിലെ കുറവ് 40 ശതമാനവുമായി കുറഞ്ഞ് വേമ്പനാട്ട് കായലിന്റെ നിലനില്പ് ഭീഷണിയിലായി. കേരളത്തിലെ ഏറ്റവും വലിയ കായലിന്റെ അവസ്ഥയാണിത്. വിവിധ ഏജൻസികൾ നടത്തിയ പഠനങ്ങളിലടക്കം ഇത് ശരിവയ്ക്കുന്നു. 'ജീവിക്കാൻ കൊള്ളാത്ത സ്ഥലമായി" എന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സമീപ കാലത്ത് നടത്തിയ ശാസ്ത്രീയ പഠനവും വിലയിരുത്തി.

1865ൽ വിസ്തൃതി 36,500 ഹെക്ടർ ആയിരുന്നെങ്കിൽ ഇപ്പോഴത് 13,500 ഹെക്ടറായി കുറഞ്ഞു വെന്നാണ് സംസ്ഥാന ലാൻഡ് യൂസ് ബോർഡിന്റെ കണക്ക്. ജലവാഹക ശേഷി 80ശതമാനം കുറഞ്ഞു. ഇതുകാരണം ശക്തമായ മഴ നീണ്ടാൽ കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശങ്ങൾ ദിവസങ്ങളോളം വെള്ളത്തിലാകും. ചെളിയുംമണ്ണും നീക്കം ചെയ്യാത്തതിനാൽ കൂടുതൽ വെള്ളം ഉൾക്കൊള്ളാനാകുന്നില്ല. കായൽ കൈയേറ്റം വഴി നാലുമീറ്റർ വീതി കുറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം അടിയുന്നതും ഭീഷണിയാണ്. കാലാവസ്ഥാ വ്യതിയാനം ഇങ്ങനെ തുടർന്നാൽ അരനൂറ്റാണ്ടിനുള്ളിൽ വേമ്പനാട്ടുകായൽ ഭൂമുഖത്തു നിന്ന് ഇല്ലാതാകുമെന്നാണ് ഭൗമശാസ്ത്ര പഠന വിഭാഗത്തിന്റെ മുന്നറിയിപ്പ്.

അഴുക്കു നിറഞ്ഞ് കുപ്പത്തൊട്ടിയായി മാറിയ കായലിലെ വെള്ളം കുടിക്കാനോ കുളിക്കാനോ കൊള്ളാതായി. കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലാണ്. കാർഷിക മേഖലയിൽ നിന്നുള്ള കീടനാശിനി അളവ് ഹെക്ടറിന് 1.63 കിലോഗ്രാം കടന്നുവെന്നാണ് കാർഷിക സർവകലാശാല റിപ്പോർട്ട്.

ജല സംഭരണശേഷി കുറഞ്ഞു
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 36,500 ഹെക്ടർ വിസ്തൃതി കായലിനുണ്ടായിരുന്നു. ഇതിൽ കൃഷി ആവശ്യത്തിന് 23,799 ഹെക്ടർ നികത്തി(57. 197%). കായൽ മേഖലയിലെ കൃഷി 27ൽ നിന്ന് 40 ശതമാനമായി ഉയർന്നു. അതേസമയം, സസ്യമേഖല 59ൽ നിന്ന് 30 ശതമാനമായി. മത്സ്യ ഇനങ്ങൾ 150ൽ നിന്ന് 15ആയി കുറഞ്ഞു. തുറമുഖം, തണ്ണീർമുക്കം ബണ്ട്, മറ്റു കാർഷിക- വ്യാവസായിക ആവശ്യങ്ങൾക്കുമുള്ള നികത്തും കഴിഞ്ഞാണ് ടൂറിസം വികസനത്തിനു വേണ്ടിയുള്ള കായൽ കൈയേറ്റം അരങ്ങേറിയത്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ റിസോർട്ടുകളും മറ്റും കൈയേറിയതിന് കൃത്യമായ കണക്കില്ല. 50 വർഷത്തിനുള്ളിൽ കായലിലെ എട്ടു കേന്ദ്രങ്ങളുടെ ശരാശരി ആഴം 65ശതമാനത്തോളം കുറഞ്ഞു. ജലസംഭരണ ശേഷി 0.56 ഘന കിലോമീറ്ററായി താഴ്ന്നു.

പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി
കുട്ടനാടും കുമരകവും കൊച്ചിയും ചേർന്നുള്ള ടൂറിസം വികസനത്തിന്റെ പ്രധാന ആകർഷണ കേന്ദ്രം വേമ്പനാട്ടു കായലാണ്. കായലിൽ മനുഷ്യ ഇടപെടൽ വർദ്ധിച്ചതോടെ പാരിസ്ഥിതിക പ്രശ്നങ്ങളും വർദ്ധിച്ചു. മത്സ്യസമ്പത്ത്, കക്കാനിക്ഷേപം എന്നിവയിൽ വൻ ഇടിവുണ്ടായി. കണ്ടൽ കാടുകൾ നശിപ്പിക്കപ്പെട്ടു. ആവാസസ്ഥലം കുറഞ്ഞതോടെ ദേശാടന പക്ഷികളുടെ വരവ് കുറഞ്ഞു.
(തുടരും)