
ആലപ്പുഴ പുന്നമട ഫിനിഷിംഗ് പോയിന്റിലെ 160 ഹൗസ് ബോട്ടുകളിൽ നിന്നുള്ള ജൈവ അജൈവ മാലിന്യ പഠനം ഉത്തരവാദിത്വ ടൂറിസം മിഷൻ നടത്തിയപ്പോൾ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നെന്ന് കോഓർഡിനേറ്റർ കെ.രൂപേഷ് കുമാർ പറയുന്നു.
' ബോട്ടുകളിൽ നിന്നുള്ള ഒരു ദിവസത്തെ മാലിന്യം: പ്ലാസിറ്റിക്-1.25 കിലോ. ഭക്ഷണാവശിഷ്ടം-8 കിലോ. ബിയർ കുപ്പികൾ 70-80 പേപ്പർ പ്ലേറ്റ് , പേപ്പർ ഗ്ലാസ് -2240 എണ്ണം. ആയിരത്തോളം ബോട്ടുകളും നിരവധി റിസോർട്ടുകളുമാണ് കുമരകം. ആലപ്പുഴ, പള്ളാത്തുരുത്തി മേഖലകളിലുള്ളത്. കായൽ ജലം പല ഭാഗങ്ങളിലും കറുത്തു കുറുകിയ നിലയിലാണ്.
# വേമ്പനാട്ടു കായലിൽ പ്രവർത്തിക്കാൻ അനുവാദമുള്ളത് 328 ഹൗസ് ബോട്ടുകൾക്കാണ്. എന്നാൽ ഇതിന്റെ മൂന്നിരട്ടിയാണുള്ളത്. ഹൗസ് ബോട്ടുകളുടെ കക്കൂസ് മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനുമുള്ളസംവിധാനമില്ല. ആലപ്പുഴയിലും കുമരകത്തും രണ്ട് മാലിന്യ സംസ്കരണ പ്ലാന്റുണ്ടെങ്കിലും പലരും മാലിന്യം കായലിൽ തള്ളുകയാണെന്നാണ് ആരോപണം. ഡി.ടി.പി.സിയുടെ കണ്ടെയ്നർ ബോട്ടെത്തി ഹൗസ് ബോട്ടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാനുള്ള സംവിധാനവും നിലച്ചിരിക്കുകയാണ്.
# വേമ്പനാട്ടു കായലിൽ പാരിസ്ഥിതിക പ്രശ്നത്തിന് വഴിയൊരുക്കിയ നിർമാണ പ്രവർത്തനങ്ങളാണ് തണ്ണീർ മുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും. അശാസ്ത്രീയ നിർമാണം കാരണം ശുദ്ധജലം പുറത്തു നിന്നു വരാനും മലിനജലം പുറത്തേക്ക് പോകാനുമുള്ള ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഉപ്പുവെള്ളം കയറിയിറങ്ങി നടക്കുന്ന സ്വാഭാവിക ശുദ്ധീകരണ പ്രക്രിയ താളം തെറ്റി കായൽ കൂടുതൽ മലിനവുമായി. ഡിസംബർ 15ന് ബണ്ട് അടച്ച് മാർച്ച് 15ന് തുറക്കുന്നതിന് തീരുമാനിച്ചെങ്കിലും ഇക്കാര്യത്തിലും കൃത്യതയില്ല. ഇടുക്കിയിൽ വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറംതള്ളുന്ന വെള്ളം മൂവാറ്റുപുഴയാറിൽ നിന്ന് വേമ്പനാട്ടുകായലിലെത്തിച്ചുള്ള ശുദ്ധീ കരണവും യാഥാർത്ഥ്യമായില്ല .
#കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനായി നിർമിച്ച തോട്ടപ്പള്ളി സ്പിൽവേ വർഷാവർഷം മൺതിട്ട മുറിച്ചാൽ മാത്രം വെള്ളം കടലിലേക്കൊഴുകുന്ന അവസ്ഥയിലാണ്. കൊച്ചി വല്ലാർപാടത്തെ കണ്ടെയ്നർ ടെർമിനലിനായി മണൽ ഖനനം നടന്നതോടെ കൊച്ചി കായലിൽ ചുഴി രൂപപ്പെട്ടു. ഇതോടെ ഒഴുക്കു കുറഞ്ഞു .വേമ്പനാട്ടു കായലിൽ നിന്നുള്ള ജലം തണ്ണീർമുക്കം ബണ്ട് വഴി പരന്നൊഴുകാനും കഴിയാതായി. (തുടരും)