ss

കോട്ടയം: വേമ്പനാട്ടു കായലിന്റെ അടിത്തട്ടിലുള്ള ടൺക്കണക്കിന് പ്ലാസ്റ്റിക് മാലിന്യം മത്സ്യ സമ്പത്തിനെ ഗുരുതരമായി ബാധിക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തിൽ കുടുങ്ങി മത്സ്യങ്ങൾ ചാകുന്നുണ്ടെന്നും മത്സ്യ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മത്സ്യങ്ങൾക്കുള്ളിൽ പ്ലാസ്റ്റിക് കണികകൾ എത്തുന്നത് ഈ മത്സ്യങ്ങൾ കഴിക്കുന്നവരുടെ ആരോഗ്യപ്രശ്നത്തിനും ഇടയാക്കുന്നു.

കക്കയുടെ വളർച്ചയ്ക്കും പ്ലാസ്റ്റിക് ഭീഷണിയാണ്. മുഹമ്മ ഭാഗത്ത് കക്ക വാരുന്നവരെകൊണ്ട് കായലിന്റെ അടിത്തട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വാരി പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മാലിന്യം കൂടിയതോടെ കായലിന്റെ തെക്കുഭാഗത്തു കറുത്ത കക്ക ശേഖരം കുറഞ്ഞു. ഇതിന് പരിഹാരമായി വൈക്കം കായലിൽ നിന്നു വിത്തു കക്കകൾ ശേഖരിച്ചു തെക്കു കായൽ ഭാഗത്തു വിതറി ഉത്പാദനം കൂട്ടാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

മാലിന്യങ്ങൾ നീക്കുന്നതിനൊപ്പം കായലിന്റെ ആഴം കൂട്ടണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ, യന്ത്രം ഉപയോഗിച്ചുള്ള ആഴംകൂട്ടൽ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത രീതിയിൽ കട്ട കുത്തി തീരങ്ങളിൽ ബണ്ടുകൾ നിർമ്മിച്ചു കണ്ടൽ വച്ചുപിടിപ്പിക്കുന്നത് മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുമെന്ന് പ്രാദേശിക കാർഷിക കേന്ദ്രം മുൻ അസോസിയേറ്റ് ഡയറക്ടർ ഡോ.കെ.ജി.പത്മകുമാർ പറയുന്നു.

പ്രളയത്തിൽ എക്കൽ വന്നടിഞ്ഞ് കായലിന്റെ ആഴംകുറഞ്ഞ പലയിടത്തും ചെടികൾ വളർന്നു തുടങ്ങിയെന്ന് രാജ്യാന്തര കായൽനില ഗവേഷണ കേന്ദ്രം കണ്ടെത്തിയിരുന്നു. ചെടികൾ വളർന്നുകഴിഞ്ഞാൽ കായൽ ചതുപ്പുനിലമായി മാറും. കൈയേറ്റംമൂലം കായൽ കൃത്യമായ പരിചരണമില്ലാതെ നാശത്തിലേയ്ക്ക് പോവുകയാണ്. മുൻപ് കായലിലെ ചെളികുത്തിയെടുത്ത് കുട്ടനാട്,​ അപ്പർകുട്ടനാട് മേഖലകളിലെ കർഷകർ മടകെട്ടുകയും പറമ്പുകളിൽ നിറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, അടുത്തകാലത്ത് എക്കൽ കുത്തിയെടുക്കുന്നത് കുറഞ്ഞു. എക്കൽ വന്നടിഞ്ഞ് കായലിന്റെ ആഴവും ഏറെ കുറഞ്ഞു.

ഉപ്പിന്റെ അളവ് കൂടുന്നു

വേമ്പനാട്ട് കായലിലെ വെള്ളത്തിൽ ഉപ്പിന്റെ അളവും ഉയരുകയാണ്. മുൻപ് പരമാവധി 11 പി.പി.ടി (പാർട്‌സ് പെർ തൗസന്റ്) വരെയായിരുന്നു വൈക്കം ഭാഗങ്ങളിൽ ഉപ്പിന്റെ അളവ്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 23വരെ ഉയർന്നു. കടൽ ജലത്തിലെ ഉപ്പിന്റെ അളവ് 33 പി.പി.ടി ആണ്.

(തുടരും)