ss

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ പഠന റിപ്പോർട്ടിൽ, രണ്ടു പതിറ്റാണ്ടിനുള്ളിൽ വേമ്പനാട്ടുകായൽ ചതുപ്പുനിലമാകുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്. കായലിലേക്ക് മാലിന്യം ഒഴുക്കുന്നില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കുന്നില്ല. കായലിലേക്കു തുറന്നു വയ്ക്കുന്ന മാലിന്യക്കുഴലുകളും ഹൗസ് ബോട്ടുകൾ പുറംതള്ളുന്ന മാലിന്യങ്ങളും സ്ഥിതി ഗുരുതരമാക്കുന്നു. വിസ്തൃതി കുറഞ്ഞ്, മാലിന്യം പെരുകിയതോടെ ജലജീവികൾ വംശനാശഭീഷണിയിലായി.

എല്ലാം പഠനത്തിൽ മാത്രം

അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള റാംസർ ഉടമ്പടിയിൽ വേമ്പനാട്ട് കായലിൽ കൈയേറ്റമോ നികത്തലോ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1971ൽ 227 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന കായൽ 1990ൽ 213.20 ചതുരശ്ര കിലോമീറ്ററായി.

മത്സ്യ സമ്പത്ത് കുറഞ്ഞു

മാലിന്യതോത് വർദ്ധിച്ചതോടെ 150ലേറെ നാടൻ മത്സ്യങ്ങളുണ്ടായിരുന്നത് 100ന് താഴെയായി ചുരുങ്ങി. നീർക്കാക്കകളുടെ എണ്ണവും കുറഞ്ഞു.

 4276 ടൺ പ്ലാസ്റ്റിക്

തണ്ണീർമുക്കം- ആലപ്പുഴ ഭാഗത്തെ മാത്രം വേമ്പനാട്ടു കായലിന്റെ അടിത്തട്ടിൽ 4276 ടൺ ഓളം പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്നാണ് കുഫോസ് പഠനം. ഓരോ ചതുരശ്ര കിലോമീറ്ററിലും ശരാശരി 55.9 ടൺ പ്ലാസ്റ്റിക് മാലിന്യമെന്ന നിലയിൽ.

മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

ഹൗസ് ബോട്ട് മാലിന്യവും ജല വാഹനങ്ങളിൽ നിന്നുള്ള എണ്ണയും മത്സ്യ സമ്പത്തിനെയും തൊഴിലാളികളെയും സാരമായി ബാധിക്കുന്നു. പാടശേഖരങ്ങളിൽ നിന്ന് രാസവളവും കീടനാശിനിയും കലർന്ന വെള്ളം കായലിലെത്തുന്നതും മലിനീകരണത്തിനു കാരണമാകുന്നു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചിടുന്ന സമയത്താണ് കായൽ കൂടുതൽ ദുഷിക്കുന്നത്.

വേമ്പനാട് തീരത്തെ അനധികൃത കെട്ടിടങ്ങൾ

1. റിസോർട്ടുകൾ- 5

2. എറണാകുളം ജില്ലയിൽ- 383

3. ആലപ്പുഴ- 212

4. കോട്ടയം- 30

 സാറ്റലൈറ്റ്, കെഡസ്ട്രൽ മാപ്പുകൾ ലഭിച്ചില്ല

കായൽ അതിർത്തിയും ഉടമസ്ഥാവകാശവും വ്യക്തമാക്കുന്ന കെഡസ്ട്രൽ മാപ്പോ കൈയേറ്റം വ്യക്തമാക്കുന്ന സാറ്റലൈറ്റ് മാപ്പോ പഞ്ചായത്തുകൾക്ക് ലഭ്യമാക്കിയിട്ടില്ല. കായൽതീര സംരക്ഷണത്തിനായി ഭൗമശാസ്ത്ര പഠനകേന്ദ്രം തയ്യാറാക്കിയ സമഗ്ര തീരപരിപാലന പദ്ധതിയെക്കുറിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങളും നൽകിയിട്ടില്ല.

(തുടരും)