ബ്രിസ്ബേൻ : അനിൽ കുംബ്ളെയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്നലെ ബ്രിസ്ബേനിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചതിന് പിന്നാലെയാണ് വാർത്താസമ്മേളനത്തിൽ അപ്രതീക്ഷിതമായി അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്.

വലംകൈയൻ ഓഫ് സ്പിന്നറായ അശ്വിന് ഓസീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ മാത്രമാണ് കളിക്കാൻ അവസരം ലഭിച്ചിരുന്നത്. ഒരു വിക്കറ്റാണ് ഈ മത്സരത്തിൽ വീഴ്ത്തിയത്. പരമ്പരയിൽ രണ്ട് മത്സരങ്ങൾകൂടി ശേഷിക്കവേയാണ് 38കാരനായ അശ്വിൻ 14വർഷം നീണ്ട കരിയർ അവസാനിപ്പിച്ചത്.

537 ടെസ്റ്റ് വിക്കറ്റ്

 106 മത്സരങ്ങളിൽ നിന്ന് 537 വിക്കറ്റുകൾ നേടിയ അശ്വിൻ ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്

 116 ഏകദിനങ്ങളിൽ നിന്ന് 156 വിക്കറ്റുകളും 65 ട്വന്റി-20കളിൽ നിന്ന് 72 വിക്കറ്റുകളും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 765 വിക്കറ്റുകൾക്ക് ഉടമ.

 മികച്ച ആൾറൗണ്ടറായ അശ്വിൻ ടെസ്റ്റിൽ 3503 റൺസും ഏകദിനത്തിൽ 707 റൺസും ട്വന്റി-20യിൽ 184 റൺസും നേടിയിട്ടുണ്ട്.

കുറച്ചുകാലം കൂടി കളിക്കളത്തിൽ തുടരാനുള്ള ഉൗർജം എന്നിലുണ്ട്. പക്ഷേ ഇനിയത് ക്ളബ് ലെവൽ മത്സരങ്ങളിലേക്ക് മാത്രമായി കാത്തുസൂക്ഷിക്കാനാണ് എന്റെ തീരുമാനം.

- രവിചന്ദ്രൻ അശ്വിൻ.