marriage

കാലഘട്ടങ്ങൾക്ക് അനുസരിച്ച് നമ്മുടെ വിവാഹ രീതികളും മാറും. ഇപ്പോൾ ഡെസ്റ്റിനേഷൻ വെഡ്ഡിംഗാണ് ട്രെൻഡ്. ആഡംബര ഹോട്ടലുകളിലും ബീച്ചിലും കായലിലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വിവാഹങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരത്തിലുള്ള വിവാഹങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വെെറലാണ്. വിവാഹം എങ്ങനെ വ്യത്യസ്തമായി നടത്താം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

ഇപ്പോഴിതാ ഒരു വ്യത്യസ്തമായ വിവാഹത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഈ സംഭവം നടക്കുന്നത്. ഇവിടെ വിവാഹം നടക്കുന്നത് പശു തൊഴുത്തിലാണ്. ആദർശ് ഗോശാലയിലാണ് വിവാഹച്ചടങ്ങിന് സൗകര്യം ഒരുക്കുന്നത്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് ഒരുക്കങ്ങൾ ചെയ്യുന്ന രാജ്യത്തെ ആദ്യ ഗോശാലയാണ് ഇത്. വരുന്ന ജനുവരി 22നാണ് ഇവിടെ ആദ്യ വിവാഹം നടക്കുക. പരമ്പരാഗത രീതിയിലുള്ള വിവാഹമാണ് ഗോശാലയിൽ നടക്കുക.

കാളവണ്ടിയിലാണ് വിവാഹഘോഷയാത്ര. നിലത്ത് ഇല കൊണ്ട് നിർമ്മിച്ച പാത്രങ്ങളിൽ ഭക്ഷണം വിളമ്പും. വിവാഹം നടത്തുന്ന കുടുംബത്തിനും അതിഥികൾക്കും ഭക്ഷണം നൽകുന്നതിന് മുൻപ് പശുവിന് പച്ചപ്പുല്ല് കൊടുക്കണം. വിവാഹ ചടങ്ങിൽ പരാമവധി 500 പേർക്ക് പങ്കെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. പരിപാടിക്ക് രണ്ട് മുതൽ മൂന്ന് ലക്ഷം വരെയാണ് ചെലവ്.

രാജ്യത്തിന്റെ പല ഭാഗത്ത് നിന്നായി ഇതിനോടകം ഇവിടെ 10 വിവാഹങ്ങൾക്കുള്ള ബുക്കിംഗ് ലഭിച്ചിട്ടുണ്ട്. വെെദ്യുതി ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പകൽനേരത്തായിരിക്കും ഗോശാലയിൽ വിവാഹം നടത്തുക. വിവാഹത്തിന്റെ പൂജാവിധികൾ നിർവഹിക്കാൻ പൂജാരിയെയും ഗോശാല അധികൃതർ നിയോഗിക്കും. ജനുവരിയിൽ ഇവിടെ നടക്കാൻ പോകുന്ന ആദ്യ വിവാഹം എങ്ങനെയായിരിക്കുമെന്ന് ആകാംഷയിലാണ് ജനങ്ങൾ ഇപ്പോൾ.