
ബ്രിസ്ബേൻ : തീർത്തും അപ്രതീക്ഷിതമായാണ് അശ്വിൻ ഇന്നലെ തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. മഴ മൂലം ബ്രിസ്ബേനിൽ മത്സരം തടസപ്പെട്ട സമയത്ത് ഇന്ത്യൻ ടീമിന്റെ ഡ്രെസിംഗ് റൂമിൽ അശ്വിൻ വിരാട് കൊഹ്‌ലിയുമായി ദീർഘനേരം സംസാരിക്കുന്നത് കാണാമായിരുന്നു. ഇരുവരും വളരെ വികാരപരമായാണ് സംസാരിച്ചത്. സംഭാഷണത്തിനൊടുവിൽ വിരാട് അശ്വിനെ ആശ്ളേഷിക്കുന്നതും കാണാമായിരുന്നു. അപ്പോഴും അശ്വിൻ വിരമിക്കുകയാണെന്ന് ലോകമറിഞ്ഞിരുന്നില്ല.
മത്സരം കഴിഞ്ഞ പതിവ് പത്രസമ്മേളനത്തിനെത്തിയ ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കൊപ്പം അശ്വിനുമുണ്ടായിരുന്നു. ആദ്യം സംസാരിച്ച അശ്വിൻ '' ഇത് അന്താരാഷ്ട്ര ക്രിക്കറ്റിലെ എന്റെ അവസാന ദിനമാണ് "" എന്ന് പറഞ്ഞപ്പോൾ മാദ്ധ്യമ പ്രവർത്തകർ അൽപ്പം അമ്പരന്നെങ്കിലും തുടർന്ന് അശ്വിൻ തന്റെ പതിവ് പക്വതയോടെ തീരുമാനം വിശദീകരിച്ചു. ഇനിയും കളിക്കളത്തിൽ തുടരാൻ തന്നിൽ ഉൗർജ്ജമുണ്ടെങ്കിലും ക്ളബ് ക്രിക്കറ്റിലേക്ക് മാത്രമായി അതിനെ കാത്തുവയ്ക്കുകയാണെന്ന് പറഞ്ഞ താരം തന്നെ പിന്തുണച്ച ബി.സി.സി.ഐയ്ക്കും തന്റെ ബൗളിംഗിൽ ക്യാച്ചുകളെടുത്ത രോഹിത് ശർമ്മയ്ക്കും വിരാട് കൊഹ്‌ലിക്കും ചേതേശ്വർ പുജാരയ്ക്കും അജിങ്ക്യ രഹാനെയ്ക്കും മറ്റ് സഹതാരങ്ങൾക്കുമൊക്കെ നന്ദി പറഞ്ഞു. താൻ നേരിട്ട ഏറ്റവും ശക്തരായ എതിരാളികളായിരുന്നു ഓസ്ട്രേലിയയെന്ന് പറഞ്ഞ അശ്വിൻ അവർക്കെതിരായ മത്സരങ്ങൾ എന്നും ആസ്വദിച്ചിരുന്നെന്നും കൂട്ടിച്ചേർത്തു. അതിന് ശേഷം ചോദ്യങ്ങൾ പിന്നീടാകാമെന്ന് പറഞ്ഞ് രോഹിതനെ ആലിംഗം ചെയ്ത് പെട്ടെന്ന് പത്രസമ്മേളനവേദി വിട്ടുപുറത്തുപോവുകയും ചെയ്തു. അശ്വിൻ തന്റെ തീരുമാനം പ്രഖ്യാപിക്കുമ്പോൾ വിഷാദഭാവത്തിലാണ് രോഹിത് ഒപ്പമിരുന്നത്.