
താരൻ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. ഒരാൾക്ക് വന്നാൽ വളരെപ്പെട്ടെന്ന് തന്നെ വീട്ടിലെ മറ്റുള്ളവരിലേക്കും താരൻ പകരും. താരന് പിന്നാലെ തല ചൊറിച്ചിലും, മുടികൊഴിച്ചിലും, മുഖക്കുരുവുമൊക്കെ വരികയും ചെയ്യും. അതിനാൽത്തന്നെ താരനെ തുരത്തേണ്ടത് അത്യാവശ്യമാണ്.
താരനെയും അതുവഴി തലയിലെ ചൊറിച്ചിലും അകറ്റാനുള്ള സൂത്രം നമ്മുടെ ചുറ്റുപാടും തന്നെയുണ്ട്. എന്താണെന്നല്ലേ? തേക്കിലയാണ് ആ സൂത്രം. ഇതുപയോഗിച്ച് തയ്യാറാക്കുന്ന എണ്ണ താരനെ അകറ്റാൻ സഹായിക്കും. ഒരു ലിറ്റർ വെളിച്ചെണ്ണ, നാല് തേക്കിന്റെ തളിരില, ഒരു സവാള എന്നിവ മാത്രമേ ഈ എണ്ണ തയ്യാറാക്കാൻ ആവശ്യമുള്ളൂ. മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് സവാള.
ഇരുമ്പ് ഇരുമ്പിന്റെ ചീനച്ചട്ടയിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വെളിച്ചെണ്ണ നന്നായി ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞുവച്ച തേക്കിലയും സവാളയും ചേർത്തുകൊടുത്ത് തിളപ്പിക്കുക. ലോ ഫ്‌ളെയിമിലിട്ട് വേണം ചെയ്യാൻ. ശേഷം അടുപ്പിൽ നിന്ന് മാറ്റാം. ഈ എണ്ണ പതിവായി തലയിൽ തേച്ചാൽ താരനെ അകറ്റാം.
ഇതല്ലാതെ മറ്റൊരു വഴി കൂടിയുണ്ട്. തലേന്ന് കുതിർത്തുവച്ച ഉലുവ അൽപം കഞ്ഞിവെള്ളത്തിൽ അരച്ചെടുത്ത് തലയിൽ പുരട്ടുന്നത് താരനെ അകറ്റാൻ സഹായിക്കും. തലേന്നത്തെ കഞ്ഞിവെള്ളമാണ് ഉപയോഗിക്കേണ്ടത്. ഇത് മുടി വളർച്ചയ്ക്കും നല്ലതാണ്. സവാള നീര് പതിവായി മുടിയിൽ തേക്കുന്നതും താരനെ അകറ്റാൻ സഹായിക്കും.