
ജീവിതത്തിൽ അദ്ധ്യാപികയുടെ വേഷം ചെയ്യുമ്പോഴാണ് ദേവി കൃഷ്ണകുമാർ അഭിനയരംഗത്ത് എത്തുന്നത്. ദേവി കൃഷ്ണകുമാറിന് ഒരു സിനിമാബന്ധമുണ്ട്. നടനും സംവിധായകനുമായ പി. ശ്രീകുമാറിന്റെ മകൾ .അനുറാം സംവിധാനം ചെയ്ത കള്ളം എന്ന സിനിമയിലൂടെയാണ് ദേവി അഭിനയവഴിയിൽ എത്തിയത്.
ഞാനുമായി ചേർന്ന ദേവി
കുഞ്ഞിന്ജന്മം നൽകാൻ കഴിയുന്നില്ലെങ്കിൽ സ്ത്രീയാകുന്നില്ല എന്ന നിലയിൽ അവരെ സമൂഹം മാറ്രി നിറുത്തുന്ന പ്രവണതയുണ്ട്. എന്റെ ജീവിതത്തിലും ഇത്തരം അവസ്ഥ അനുഭവിച്ചതാണ്. അതിനാൽ ദേവി എന്ന കഥാപാത്രം ചേർന്നു നിൽക്കുമെന്ന് തോന്നി.ഈ സിനിമ തിരഞ്ഞെടുക്കാൻ ഇതു തന്നെയാണ് കാരണം.കള്ളം സിനിമയുടെ തിരക്കഥാകൃത്തും നിർമ്മാതാവുമായ ആര്യ ഭുവനേന്ദ്രൻ കുറച്ചുനാൾ വീടിനടുത്ത് താമസിച്ചിട്ടുണ്ട്. ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത്. മുൻപ് നിർഭയയും വേതാളവും എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. അതിലും ശക്തമായ കഥാപാത്രമാണ്. എന്റെ മുന്നിലേക്ക് വരുന്ന കഥാപാത്രത്തിന് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടായിരിക്കും. അത്തരം കഥാപാത്രത്തെ നഷ്ടപ്പെടുത്താൻ തോന്നാറില്ല.
അച്ഛന്റെ ഉപദേശം
നമ്മുടെ വഴി സ്വയം വെട്ടിത്തെളിച്ച് മുന്നോട്ട് പോവുക എന്ന പാഠം അച്ഛനിൽ നിന്ന് പഠിച്ചു. നല്ല അവസരങ്ങൾ തേടിയെത്തിയാൽ മാത്രം അഭിനയരംഗത്ത് തുടരും.കരകുളം ഗവ. വി.എച്ച്. എസ്.എസിൽ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. അദ്ധ്യാപന ജോലിയിൽ തൃപ്തയാണ്.അഭിനയവുംഇഷ്ട മേഖലയാണ്. ഇഷ്ടപ്പെട്ട കാര്യം ചെയ്തതിന്റെ ചെയ്യുന്നതിന്റെ സന്തോഷം അനുഭവിക്കുന്നു. ചെറുകഥകളുടെ സമാഹാരം പുറത്തിറക്കാനുള്ള ജോലിയിലാണ്.
ഭർത്താവ് വി.കെ. കൃഷ്ണ കുമാർ സെക്രട്ടേറിയറ്റിൽഡെപ്യൂട്ടി സെക്രട്ടറി. മകൻ ദേവനാരായണൻ പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു.