telecom

5ജി സേവനം ഇന്ത്യയിൽ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ചില നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ഒരുങ്ങി വോഡഫോൺ ഐഡിയ (വി). ഇന്ത്യയൊട്ടാകെ ഒരുമിച്ച് നടപ്പാക്കാതെ 17 ടെലികോം സർക്കിളുകളിൽ മാത്രമാണ് 5ജി സേവനം കിട്ടുക. 5ജി ഇന്ത്യയിൽ പ്രഖ്യാപിച്ച ശേഷം രണ്ട് വർഷം പിന്നിട്ട ശേഷമേ വി ഇന്ത്യയിൽ 5ജി സേവനം നൽകുന്നുള്ളു. 2022ൽ 5ജി ലേലത്തിൽ ജിയോയ്‌ക്കും എയർടെല്ലിനും ഒപ്പം വിയും പങ്കെടുത്തിരുന്നു. അവർ വൈകാതെ 5ജി സേവനം ലഭ്യമാക്കി തുടങ്ങിയെങ്കിലും വി ഇപ്പോഴാണ് നൽകി തുടങ്ങുന്നത്.

3.3 ജിഗാ‌ഹെ‌ട്‌സ് മുതൽ 26 ജിഗാഹെട്‌സ് വരെ സ്‌പെക്‌ട്രത്തിലാണ് 5ജി സേവനം ലഭിക്കുക. പ്രീപെയ്‌ഡ്, പോസ്‌റ്റ്‌പെയ്‌ഡ് കസ്റ്റമർമാർക്ക് 5ജി ഫോണിൽ ലഭിക്കും. 2025 മാർച്ചോടെ ഡൽഹിയിലും മുംബയിലും ആണ് 5ജി സേവനം വി നൽകിത്തുടങ്ങുക. കൊമേഴ്‌സ്യൽ ലോഞ്ച് എന്നാണെന്ന് വ്യക്തമല്ലെങ്കിലും മെല്ലെ വി 5ജി സേവനത്തിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്. മുഴുവൻ ജനങ്ങൾക്കും 5ജി സേവനം എന്നുണ്ടാകുമെന്ന് വൈകാതെ അറിയിക്കുമെന്നാണ് വി വക്താവ് നൽകുന്ന വിവരം.

വിവിധ സംസ്ഥാനങ്ങളിൽ വി 5ജി സേവനം ലഭിക്കുന്ന സ്ഥലങ്ങൾ ഇവയാണ്.

രാജസ്ഥാൻ: ജയ്‌പൂർ.

ഹരിയാന: കർണാൽ

കൊൽക്കത്ത: സെക്‌ടർ അഞ്ച് , സാൾട്ട് ലേക്ക്

കേരള: തൃക്കാക്കര, കാക്കനാട്

കിഴക്കൻ യുപി: ലക്‌നൗ

പടിഞ്ഞാറൻ യുപി: ആഗ്ര

മദ്ധ്യ പ്രദേശ്: ഇൻഡോർ

ഗുജറാത്ത്: അഹമ്മദാബാദ്

ആന്ധ്ര: ഹൈദരാബാദ്

പശ്‌ചിമ ബംഗാൾ: സിലിഗുരി

ബിഹാർ: പാ‌ട്‌ന

മുംബയ്: വർളി, മറോൾ അന്ധേരി ഈസ്‌റ്റ്

കർണാടക: ബംഗളൂരു ഡയറി സർക്കിൾ

പഞ്ചാബ്: ജലന്ധർ

തമിഴ്‌നാട്: ചെന്നൈ

മഹാരാഷ്‌ട്ര:പൂനെ (ശിവാജി നഗർ)

ഡൽഹി: ഓഖ്‌ല വ്യവസായ മേഖല.

കഴിഞ്ഞ ജൂലായിലാണ് രാജ്യത്തെ സ്വകാര്യ ടെലികോം സേവന ദാതാക്കളായ ജിയോ, എയർടെൽ,വി എന്നിവ താരിഫ് വ‌ർദ്ധന നടത്തിയത്. എന്നാൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ അന്ന് വർദ്ധനവ് വരുത്തിയില്ല. മാത്രമല്ല 4ജി സേവനം രാജ്യത്ത് വർദ്ധിപ്പിക്കാനും നടപടിയെടുത്തിരുന്നു. ഇതോടെ നിരക്ക് കുറവുള്ള ബിഎസ്‌എൻഎല്ലിലേക്ക് നിരവധി പേർ മാറിയിരുന്നു. ഇവരെ തിരികെയെത്തിക്കാനും പുതിയ കസ്റ്റമർമാരെ നേടാനുമാണ് 5ജി സേവനം വി നടപ്പാക്കുന്നത്.