ks-chithra

അകാലത്തിൽ പൊലിഞ്ഞുപോയ മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്‌പർശിയായ കുറിപ്പ് പങ്കുവച്ച് കെഎസ്‌ ചിത്ര. കാലം മുറിവുണക്കും എന്ന ചൊല്ല് വെറുതെയാണെന്നും ഇപ്പോഴും ആ മുറിവ് ഉണങ്ങിയിട്ടില്ലെന്നുമാണ് ചിത്ര കുറിച്ചിരിക്കുന്നത്.

'ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞാൽ അനന്തമായ ലോകത്തേക്ക് പോവുമെന്നും ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. കാലം മുറിവുണക്കുമെന്നും കേട്ടിട്ടുണ്ട്. പക്ഷേ, അതിലൂടെ കടന്നുപോയവർക്കറിയാം അത് സത്യമല്ലെന്ന്. ആ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. വേദനാജനകവുമാണ്. മിസ് യു നന്ദനാ', ചിത്ര കുറിച്ചു.

കഴിഞ്ഞ വർഷവും നന്ദനയുടെ പിറന്നാൾ ദിനത്തിൽ ചിത്ര കുറിപ്പ് പങ്കുവച്ചിരുന്നു. വർഷങ്ങൾ പോയാലും നിനക്ക് പ്രായം കൂടാത്തൊരിടത്ത് സ്വർഗത്തിൽ മാലാഖമാർക്കൊപ്പം പിറന്നാൾ ആഘോഷിക്കൂ എന്നാണ് അന്ന് ചിത്ര കുറിച്ചത്.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് ചിത്രയ്‌ക്കും ഭർത്താവ് വിജയ് ശങ്കറിനും കുഞ്ഞുണ്ടായത്. എന്നാൽ, ഇരുവരുടെയും സന്തോഷവും ആഘോഷവും ഏറെനാൾ നീണ്ടുനിന്നില്ല. 2011ൽ ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് എട്ട് വയസുകാരിയായ നന്ദന മരണപ്പെട്ടിരുന്നു.