
ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് രാജ്യത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ ഗഗൻയാൻ ആളില്ലാ ദൗത്യത്തിനായുള്ള (ഗഗൻയാൻ1) വിക്ഷേപണ വാഹനത്തിന്റെ നിർമ്മാണം ഐ.എസ്.ആർ.ഒ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലാണ് എച്ച്.എൽ.വി.എം 3 റോക്കറ്റിന്റെ നിർമ്മാണം ആരംഭിച്ചത്. ഇന്നലെ രാവിലെ 8.45ന് നിർമ്മാണം ആരംഭിച്ചെന്ന് അധികൃതർ അറിയിച്ചു. ഇസ്രൊയുടെ എറ്റവും കരുത്തനായ എൽ.വി.എം 3 റോക്കറ്റിന്റെ ആദ്യ വിക്ഷേപണത്തിന്റെ പത്താം വാർഷികത്തിലാണ് സുപ്രധാന ദൗത്യത്തിനായുള്ള റോക്കറ്റ് നിർമ്മാണം ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്.
ഗഗൻയാന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യം 2025 ആദ്യപകുതിയിൽ നടന്നേക്കും. 2014 ഡിസംബർ 18നാണ് ഗഗൻയാന്റെ മുൻഗാമി എന്ന് വിശേഷിപ്പിക്കാവുന്ന കെയർ ദൗത്യം വിജയകരമായി ഇസ്രോ പരീക്ഷിച്ചത്. പേടകത്തെ അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച് സുരക്ഷിതമായി കടലിലേക്ക് ഇറക്കുന്നതായിരുന്നു ദൗത്യം.