pic

ലീഡ്

അധിനിവേശം തുടങ്ങി മൂന്ന് വർഷത്തോട് അടുക്കുമ്പോൾ റഷ്യയുടെ ഹൃദയത്തിൽ പരിഭ്രാന്തി കുത്തിനിറയ്ക്കാനുള്ള ശ്രമമാണ് യുക്രെയിന്റേത്.

റഷ്യക്കാർ റഷ്യയ്ക്കുള്ളിൽ സുരക്ഷിതരല്ല എന്ന തോന്നൽ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

-----------------------------------------------------------------------------------------------------------------------------------

ഴിഞ്ഞ ദിവസമാണ് റഷ്യൻ റേഡിയേഷൻ, കെമിക്കൻ ആൻഡ് ബയോളജിക്കൽ പ്രൊട്ടക്ഷൻ ഫോഴ്സ് തലവൻ ലെഫ്റ്റനന്റ് ജനറൽ ഈഗർ കിറിലോവും സഹായിയും മോസ്കോയിൽ കൊല്ലപ്പെട്ടത്. യുക്രെയിൻ സെക്യൂരിറ്റി സർവീസാണ് (എസ്.ബി.യു)​ പിന്നിൽ. യുക്രെയിനിൽ രാസായുധം പ്രയോഗിച്ചതിനുള്ള പ്രതികാരമാണത്രെ ഇത്.

കഴിഞ്ഞയാഴ്ച റഷ്യൻ മിസൈൽ ഗവേഷകൻ മിഖായിൽ ഷാറ്റ്‌സ്കിയെ അജ്ഞാതർ വെടിവച്ച് കൊന്നിരുന്നു. യുക്രെയിനെ ആക്രമിക്കാൻ റഷ്യ ഉപയോഗിക്കുന്ന ക്രൂസ് മിസൈലുകൾക്ക് പിന്നിൽ മിഖായിലിന്റെ കരങ്ങളുണ്ട്. ഇക്കാരണത്താൽ എസ്.ബി.യു തന്നെയാണ് കൊല നടപ്പാക്കിയത്.

എന്താണ് സംഭവിക്കുന്നത് ? റഷ്യയ്ക്കുള്ളിൽ കടന്നുള്ള യുക്രെയിന്റെ ടാർജറ്റഡ് കൊലകൾ 2022 ഫെബ്രുവരി മുതൽ തുടരുന്ന സംഘർഷം ആളിക്കത്തിക്കുമോ ? രാജ്യത്തിനുള്ളിലെ യുക്രെയിന്റെ ചാരനീക്കങ്ങൾ റഷ്യൻ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരി​റ്റി സർവീസ് (എഫ്.എസ്.ബി) അറിയുന്നില്ലേ ?

പ്രധാനപ്പെട്ട കാര്യം റഷ്യൻ ഉന്നതരെ യുക്രെയിൻ ടാർജറ്റ് ചെയ്ത് ഇല്ലാതാക്കുന്നത് ഇതാദ്യമല്ല. എസ്.ബി.യു മുമ്പും സമാന ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. മുൻ ദൗത്യങ്ങളിൽ എസ്.ബി.യു മൗനം പാലിച്ചിരുന്നു.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും തീവ്ര ദേശീയ രാഷ്ട്രീയ തത്വചിന്തകനുമായ അലക്സാണ്ടർ ഡുഗിന്റെ മകൾ ഡാരിയ ഡുഗിനയെ ( 29 ) 2022 ആഗസ്റ്റിൽ മോസ്കോയിൽ കാർ ബോംബ് സ്ഫോടനത്തിൽ എസ്.ബി.യു വധിച്ചു. പിന്നിൽ തങ്ങളല്ലെന്നായിരുന്നു പ്രതികരണം. അന്നേ വർഷം ഒക്ടോബറിൽ ക്രൈമിയൻ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന ഭീമൻ കെർച് റെയിൽ-റോഡ് കടൽപ്പാലത്തിലുണ്ടായ ട്രക്ക് സ്ഫോടനത്തിന് പിന്നിലും യുക്രെയിനാണെന്ന് റഷ്യ ആരോപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ തങ്ങളാണ് കൊലകൾക്ക് പിന്നിലെന്ന് എസ്.ബി.യു തുറന്നുപറയുന്നു. അധിനിവേശം തുടങ്ങി മൂന്ന് വർഷത്തോട് അടുക്കുമ്പോൾ റഷ്യയുടെ ഹൃദയത്തിൽ പരിഭ്രാന്തി കുത്തിനിറയ്ക്കാനുള്ള ശ്രമമാണ് യുക്രെയിന്റേത്.

റഷ്യക്കാർ റഷ്യയ്ക്കുള്ളിൽ സുരക്ഷിതരല്ല എന്ന തോന്നൽ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ശത്രുവിനെ ദുർബലപ്പെടുത്താനുള്ള ഒരുതരം സൈക്കോളജിക്കൽ നീക്കം. ഈഗറിന്റെ കൊലയ്ക്ക് പിന്നാലെ അത്തരമൊരു ഭയം മോസ്കോയിലെ ജനങ്ങൾക്കിടെ ഉടലെടുത്തിട്ടുണ്ട്. യുക്രെയിൻ ജനതയുടെ ആത്മവിശ്വാസവും വർദ്ധിച്ചു.

ഈഗറിന്റെ വധം റഷ്യയ്ക്കേറ്റ കനത്ത തിരിച്ചടി മാത്രമല്ല, മോസ്കോയിലെ

ഹൈ-പ്രൊഫൈൽ വ്യക്തികളെ ലക്ഷ്യമാക്കാനുള്ള യുക്രെയിന്റെ കഴിവ് വളർന്നു എന്നതിന്റെ തെളിവ് കൂടിയാണ്. അട്ടിമറികൾക്ക് റഷ്യക്കുള്ളിൽ ഒരു രഹസ്യ ശൃംഖലയും യുക്രെയിൻ വളർത്തി.

ഇനി ഉന്നതരുടെ സുരക്ഷാ പ്രോട്ടോക്കോൾ റഷ്യ പുനഃപരിശോധിക്കും. ഇതിന് ശേഷമാകും യുക്രെയിനുള്ള തിരിച്ചടി. മിസൈൽ രൂപത്തിലെ തിരിച്ചടിക്കാകും സാദ്ധ്യത. അത്, പുട്ടിൻ നേരത്തെ പറഞ്ഞ പോലെ യുക്രെയിന്റെ ഭരണസിരാ കേന്ദ്രങ്ങളിലേക്കാകുമോ എന്ന് ഭീതിയുണ്ട്. അതേസമയം, ഈഗറിന്റെ മരണത്തിന് പിന്നിൽ റഷ്യ തന്നെയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. മിലിട്ടറിയിലെ അധികാര തർക്കമോ യുദ്ധക്കുറ്റങ്ങളുടെ സാക്ഷികളെ ഇല്ലാതാക്കാനുള്ള റഷ്യയുടെ ശ്രമമോ ആകാമിതെന്നാണ് പറയുന്നത്.

യു.എൻ കണക്ക് പ്രകാരം 12,000ത്തോളം പൗരന്മാർ യുക്രെയിനിൽ ഇതുവരെ കൊല്ലപ്പെട്ടു. തങ്ങളുടെ 43,000 സൈനികർ കൊല്ലപ്പെട്ടെന്നും 1,98,000 റഷ്യൻ സൈനികർ ഇല്ലാതായെന്നും യുക്രെയിൻ അവകാശപ്പെടുന്നു. സൈനിക മരണം സംബന്ധിച്ച് വ്യക്തമായ കണക്കുകൾ റഷ്യ പുറത്തുവിട്ടിട്ടില്ല.