youtuber

യൂട്യൂബ് വീഡിയോ ചെയ്ത് ലക്ഷങ്ങൾ സമ്പാദിച്ച നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. മോണിറ്റൈസേഷൻ കിട്ടിയ ഒരു ചാനലിൽ നിന്ന് വൻ തുക സമ്പാദിക്കാമെന്നാണ് മിക്കവരുടെയും ധാരണ. നളിനി ഉനഗർ എന്ന യൂട്യൂബറുടെ ചില വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്.

നളിനി ഉനഗർ കഴിഞ്ഞ മൂന്ന് വർഷമായി യൂട്യൂബിൽ കുക്കിംഗ് വീഡിയോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇതിനായി എട്ട് ലക്ഷത്തിലധികം ചെലവഴിക്കുകയും ചെയ്തു. തനിക്ക് യൂട്യൂബിൽ നിന്ന് ഒന്നും സമ്പാദിക്കാൻ സാധിച്ചില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവർ. എക്സിലൂടെയാണ് വെളിപ്പെടുത്തൽ.


ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം പോസ്റ്റുകളാണ് അവർ പങ്കുവച്ചിരിക്കുന്നത്. യൂട്യൂബർ എന്ന രീതിയിൽ താൻ നേരിട്ട വെല്ലുവിളികൾ അവർ വിവരിക്കുന്നുണ്ട്. സ്റ്റുഡിയോ ഉപകരണങ്ങളും കിച്ചൻ സാമഗ്രികളും വിൽക്കുകയാണെന്നും യുവതി വ്യക്തമാക്കി. ഈ സാധനങ്ങൾ വാങ്ങാൻ താത്പര്യമുള്ളവർ തന്നെ വിവരം അറിയിക്കണമെന്നും പോസ്റ്റിൽ പറയുന്നു.


'യൂട്യൂബ് ചാനലിനുവേണ്ടിയുള്ള കിച്ചൺ സജ്ജീകരിക്കാനും സ്റ്റുഡിയോ സാമഗ്രികൾ വാങ്ങാനും പ്രമോഷനുമായി ഏകദേശം എട്ട് ലക്ഷത്തോളമാണ് ഞാൻ ചെലവഴിച്ചത്. പക്ഷേ തിരിച്ചുകിട്ടിയതാകട്ടെ പൂജ്യം രൂപയും.'- എന്നാണ് മറ്റൊരു പോസ്റ്റിൽ പറയുന്നത്.

യുവതിയുടെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി. യൂട്യൂബിൽ നിന്ന് പണം കിട്ടാനുള്ള ബുദ്ധിമുട്ടാണ് ഏറെയും ചർച്ചയായത്. യൂട്യൂബിൽ തുടരണമെന്ന് ഫോളോവേഴ്സ് കമന്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇതിനുമറുപടിയായി താൻ പിന്മാറാനുള്ള കാരണവും അവർ വെളിപ്പെടുത്തി. 'ഞാൻ 250ലധികം വീഡിയോകൾ ചെയ്തു. മൂന്ന് വർഷം എന്നെ യൂട്യൂബിനായി സമർപ്പിച്ചു. എന്നിട്ടും ഒരു വരുമാനവും ലഭിച്ചില്ല. അതിനാൽ വീഡിയോകൾ നിർമ്മിക്കുന്നത് നിർത്താനും പ്ലാറ്റ്‌ഫോമിൽ നിന്ന് എന്റെ എല്ലാ ഉള്ളടക്കവും ഇല്ലാതാക്കാനും ഞാൻ തീരുമാനിച്ചു.'-അവർ വ്യക്തമാക്കി.

ഇതാദ്യമായിട്ടല്ല നളിനി വാർത്തകളിൽ ഇടംപിടിക്കുന്നത്. സസ്യാഹാരവുമായി ബന്ധപ്പെട്ട് നേരത്തെ നടി സ്വര ഭാസ്‌കറുമായി നളിനി സോഷ്യൽ മീഡിയയിലൂടെ ഏറ്റുമുട്ടിയിരുന്നു. അന്ന് അത് വലിയ വാർത്തയായിരുന്നു.

Let me confess today—I have invested approximately ₹8 lakhs in my YouTube channel for building a kitchen, buying studio equipment, and promotions. The return? ₹0.

— Nalini Unagar (@NalinisKitchen) December 18, 2024